പലസ്‌തീനെ അംഗീകരിച്ച് യുകെയും ഓസ്‌ട്രേലിയയും കാനഡയും; കടുത്ത എതിർപ്പ് അറിയിച്ച് ഇസ്രായേലും യുഎസും
ലണ്ടൻ: ബ്രിട്ടൻ, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ കൂടി പലസ്‌തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചു. മറ്റ് രാജ്യങ്ങളുമായി ചേർന്ന് ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള ആക്കം പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ഈ തീരുമാനത്തെ ഇസ്രായേലും അമേരിക്കയും കടുത്ത ഭാഷയിൽ വിമർശിച്ചു. ഞായറാഴ്‌ചയാണ് ഇത് സംബന്ധിച്ച തീരുമാനം മൂന്ന് രാജ്യങ്ങളും അറിയിച്ചത്.
അമേരിക്കയോട് ചേർന്ന് നിൽക്കുന്ന മുൻ നിലപാടുകളിൽ നിന്ന് വ്യത്യസ്‌ത ഈ നീക്കം, ഈ രാജ്യങ്ങളുടെ വിദേശനയത്തിലെ ഒരു സുപ്രധാന മാറ്റത്തെയാണ് അടയാളപ്പെടുത്തുന്നത്. ജി 7 രാജ്യങ്ങളിൽ ആദ്യമായി പലസ്‌തീനെ അംഗീകരിച്ചത് കാനഡയാണ്, ഇതിന് പിന്നാലെയാണ് ഓസ്‌ട്രേലിയ, യുകെ എന്നീ രാജ്യങ്ങളും സമാനമായ തീരുമാനം പ്രഖ്യാപിച്ചത്.

ഗാസയിൽ ഇസ്രായേൽ നടത്തുന്ന സൈനിക നടപടികൾക്കിടയിൽ, മിഡിൽ ഈസ്‌റ്റിൽ സമാധാനം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങളിൽ ഒരു സുപ്രധാന സംഭവവികാസമായി, യുകെ പ്രധാനമന്ത്രി കെയർ സ്‌റ്റാർമർ പലസ്‌തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചുകൊണ്ട് ഒരു സുപ്രധാന തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു.
'മിഡിൽ ഈസ്‌റ്റിൽ വളർന്നുവരുന്ന ഭീകരതയുടെ പശ്ചാത്തലത്തിൽ, സമാധാനത്തിന്റെയും ദ്വിരാഷ്ട്ര പരിഹാരത്തിന്റെയും സാധ്യത നിലനിർത്താൻ ഞങ്ങൾ പ്രവർത്തിക്കുന്നു, അതായത് സുരക്ഷിതവും ഭദ്രവുമായ ഒരു ഇസ്രായേൽ, ഒരു പ്രായോഗിക പലസ്‌തീൻ രാഷ്ട്രത്തോടൊപ്പം' എന്നായിരുന്നു യുകെ പ്രധാനമന്ത്രി എക്‌സിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്.
ഗാസയിലെ സംഘർഷം തുടരുന്നതിനിടെ ഇതുവരെ 65,000-ത്തിലധികം ആളുകൾ മരിച്ച സാഹചര്യത്തിലാണ് ഈ നീക്കം. ഫ്രാൻസും പോർച്ചുഗലും ഈ പാത പിന്തുടരാൻ ഒരുങ്ങുന്നതിനിടെ, ഇസ്രായേലിൽ നിന്നും അമേരിക്കയിൽ നിന്നും വിമർശനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടാണ് ഈ മൂന്ന് രാജ്യങ്ങൾ പലസ്‌തീനെ അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചത്.
എന്നാൽ ഈ തീരുമാനം ഇസ്രായേൽ, അമേരിക്ക എന്നീ രാജ്യങ്ങളുടെ വിമർശനത്തിന് ഇടയാക്കി. പലസ്‌തീനെ അംഗീകരിക്കുന്നത് തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുകയും ഹമാസിന് പ്രതിഫലം നൽകുകയും ചെയ്യുമെന്നാണ് എതിർവാദം. 'ഈ അംഗീകാരം ജിഹാദി ഹമാസിനുള്ള പ്രതിഫലം അല്ലാതെ മറ്റൊന്നുമല്ല' എന്നായിരുന്നു ഇസ്രായേലിന്റെ വിദേശകാര്യ മന്ത്രാലയം എക്‌സിൽ കുറിച്ചത്.
കൂടുതൽ രാജ്യങ്ങൾ പലസ്‌തീനെ ഒരു രാഷ്ട്രമായി അംഗീകരിക്കുന്നുണ്ട്. ഫ്രാൻസ് തങ്ങളുടെ അംഗീകാരം ഉടൻ പ്രഖ്യാപിച്ചേക്കും. ഗാസ സിറ്റിയിലെ ഇസ്രായേലിന്റെ ആക്രമണങ്ങളെ വിമർശിച്ചുകൊണ്ട് പലസ്‌തീനികളുടെ ന്യായമായ അവകാശം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അടുത്തിടെ ഊന്നിപ്പറഞ്ഞിരുന്നു.
പോർച്ചുഗലും പലസ്‌തീനെ അംഗീകരിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബെൽജിയം, ലക്‌സംബർഗ്, ന്യൂസിലാൻഡ് തുടങ്ങിയ മറ്റ് രാജ്യങ്ങളും ഇതേ പാത പിന്തുടരുമെന്നാണ് കരുതുന്നത്. ഇതോടെ ഇസ്രായേൽ, യുഎസ് എന്നീ രാജ്യങ്ങൾക്ക് നിലവിലുള്ള പിന്തുണ കുറഞ്ഞുവരികയാണ്. കൂടുതൽ രാജ്യങ്ങൾ സമാനമായ നിലപാട് എടുക്കുന്നതിൽ ഇരുരാജ്യങ്ങളും അതൃപ്‌തിയിലാണ്.
അമേരിക്ക ഒഴികെയുള്ള ഏറ്റവും അടുത്ത സഖ്യകക്ഷികളിൽ പലരും ഗാസയിലെ ഇസ്രായേലിന്റെ ആക്രമണത്തെ അപലപിച്ചതിനാൽ അടുത്തിടെ ഇസ്രായേൽ നയതന്ത്രപരമായി ഒറ്റപ്പെടൽ നേരിടുന്നുണ്ട്. പലസ്‌തീനികൾക്കെതിരെ അക്രമത്തിന് പ്രേരിപ്പിച്ചതിന് ചില രാജ്യങ്ങൾ ഇസ്രായേൽ മന്ത്രിമാർക്ക് ഉപരോധം ഏർപ്പെടുത്തുകയും ചെയ്‌തിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ നീക്കങ്ങൾ എന്നാണ് വിലയിരുത്തുന്നത്.
അതിനിടെ ഇസ്രായേൽ ഗാസയിൽ വംശഹത്യ നടത്തിയതായി ഐക്യരാഷ്ട്രസഭയുടെ ഒരു അന്വേഷണ കമ്മീഷൻ കഴിഞ്ഞ ആഴ്‌ച പറഞ്ഞിരുന്നു. ആഗോള മനുഷ്യാവകാശ സംഘടനയായ ആംനസ്‌റ്റി ഇന്റർനാഷണലും ഇസ്രായേലിലെ രണ്ട് പ്രമുഖ മനുഷ്യാവകാശ ഗ്രൂപ്പുകളും ഇതേ കണ്ടെത്തലിൽ എത്തിച്ചേർന്നിരുന്നു. ഇതോടെ ഇസ്രായേലിന് മേൽ സമ്മർദ്ദം ഏറുകയാണ്. അതിനിടയിലാണ് പ്രമുഖ രാജ്യങ്ങൾ പലസ്‌തീൻ രാഷ്ട്രത്തെ അംഗീകരിക്കുക കൂടി ചെയ്യുന്നത്.












Click it and Unblock the Notifications