ഇതിലായിരുന്നോ അമേരിക്കയുടെ കണ്ണ്? യുഎസുമായി ധാതുഖനന കരാറിൽ ധാരണയിലെത്തി യുക്രൈൻ
ന്യൂയോർക്ക്: യുഎസും യുക്രൈനുമായി നിർണായക ധാതുഖനന കരാറിന് ധാരണയിൽ എത്തിയതായി റിപ്പോർട്ടുകൾ. ഡൊണാൾഡ് ട്രംപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇരു രാജ്യങ്ങളും തമ്മിൽ നിർണായകമായ ധാതു ഇടപാട് സംബന്ധിച്ച് ചർച്ച ചെയ്‌തിട്ടുണ്ടെന്നും ഈ ആഴ്‌ച അവസാനത്തോടെ കരാറിൽ ഒപ്പിടാനായി യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കി യുഎസിൽ എത്തുമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ചർച്ചകൾ പുരോഗമിക്കുകയാണ്. മധ്യസ്ഥ ചർച്ചകളിൽ യുഎസ് ആവട്ടെ റഷ്യയുടെ പക്ഷം പിടിക്കുന്ന കാഴ്‌ചയാണ് കാണാൻ കഴിയുന്നത്. ഇതിനെ ചൊല്ലി യുഎസും യുക്രൈനും തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുത്ത അന്തരീക്ഷത്തിലാണ് പുതിയ ധാതുഖനന കരാർ സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്.

അക്ഷരാർത്ഥത്തിൽ യുഎസ് യുക്രൈന് യുദ്ധ സമയത്ത് ചെയ്‌ത സഹായങ്ങൾക്കുള്ള പ്രത്യുപകാരം എന്ന നിലയിലാണ് ഈ കരാറിനെ ലോകം നോക്കി കാണുന്നത്. കാരണം ജോ ബൈഡൻ സർക്കാരിന് കീഴിൽ യുദ്ധകാലാടിസ്ഥാനത്തിൽ ലഭിച്ച കോടിക്കണക്കിന് ഡോളറിന്റെ സഹായത്തിന് നഷ്‌ടപരിഹാരം എന്ന നിലയിൽ ഭൂമിയിലെ അപൂർവ ധാതുക്കളുടെ ശേഖരത്തിൽ അവകാശം നൽകണമെന്ന് ട്രംപ് യുക്രൈനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ യുക്രൈനാവട്ടെ അമേരിക്കൻ ആവശ്യം തള്ളിക്കളയാൻ കഴിയുന്നൊരു സാഹചര്യവുമായിരുന്നില്ല നിലവിലുള്ളത്. കാരണം യുദ്ധം പൂർണമായി അവസാനിപ്പിക്കാൻ യുഎസിന്റെ സാന്നിധ്യം കൂടിയേ തീരൂ എന്ന കാര്യം സെലൻസ്‌കിയ്ക്കും അറിയാവുന്ന കാര്യമാണ്. യുഎസ് ആവട്ടെ മേഖലയിലെ വെടിനിർത്തലിലേക്കുള്ള ആദ്യപടി എന്ന നിലയിലാണ് കരാറിനെ നോക്കി കാണുന്നത്. ഇതോടെയാണ് യുക്രൈൻ വഴങ്ങിയത്.
സെലൻസ്‌കിയും ട്രംപും തമ്മിലുള്ള ചൂടേറിയ വാഗ്വാദത്തിന് പിന്നാലെയാണ് ഈ കരാർ എന്നതാണ് ഏറ്റവും സുപ്രധാനമായ കാര്യം. അറിയപ്പെടാത്ത സ്വേച്ഛാധിപതി എന്നാണ് അദ്ദേഹത്തെ ട്രംപ് വിശേഷിപ്പിച്ചത്. പെട്ടെന്നുള്ള സമാധാന കരാറിന് തയ്യാറാവുകയോ അല്ലെങ്കിൽ രാജ്യം നഷ്‌ടപ്പെടുത്തുകയോ ചെയ്‌തു കൊള്ളുക എന്ന ഭീഷണിയും ട്രംപ് മുന്നോട്ട് വച്ചിരുന്നു.
ആദ്യഘട്ടത്തിൽ യുക്രൈൻ കരാറിനോട് താൽപര്യം കാട്ടിയിരുന്നില്ല. അവരുടെ ധാതു സമ്പത്തിൽ 500 ബില്യൺ ഡോളറിന്റെ അവകാശമാണ് യുഎസ് ചോദിച്ചിരുന്നത്. എന്നാൽ ഇത് ഭാവി തലമുറയ്ക്ക് പോലും വലിയ ബാധ്യത സൃഷ്‌ടിക്കും എന്ന ബോധ്യത്തിലാണ് സെലൻസ്‌കി തള്ളിയത്. നിലവിൽ പുതിയ കരാറിലാണ് ഇരു രാജ്യങ്ങളും ഒപ്പ് വയ്ക്കുക. ഇത് സംയുക്ത പ്രവർത്തനം വാഗ്‌ദാനം ചെയ്യുന്നതാണ്.
അതേസമയം. യൂറോപ്യൻ യൂണിയൻ അടക്കം സുപ്രധനമെന്ന രേഖപ്പെടുത്തിയ 34 ധാതുക്കളിൽ 22 എണ്ണത്തിന്റെയും നിക്ഷേപം യുക്രൈനിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. അവയിൽ വ്യാവസായിക, നിർമ്മാണ വസ്‌തുക്കൾ, ഫെറോഅലോയ്, വിലയേറിയ നോൺ-ഫെറസ് ലോഹങ്ങൾ, ചില അപൂർവ മൂലകങ്ങൾ എന്നിവയാണ് ഉൾപ്പെടുന്നത്. ഇതാണ് യുഎസിന്റെ കണ്ണ് അവിടേക്ക് എത്താനുണ്ടായ പ്രധാന കാരണം.












Click it and Unblock the Notifications