റഷ്യൻ എണ്ണ മറന്നേക്കൂ, ഇനി മുതൽ വെനിസ്വേലയിൽ നിന്ന് വാങ്ങാം; ഇന്ത്യയ്ക്ക് യുഎസിന്റെ പുതിയ ഓഫർ
ന്യൂയോർക്ക്: റഷ്യൻ എണ്ണ ഇറക്കുമതി നിയന്ത്രിക്കുകയാണെങ്കിൽ ഇന്ത്യക്ക് ഉടൻ തന്നെ വെനസ്വേലയിൽ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്നത് പുനരാരംഭിക്കാമെന്ന് അറിയിച്ച് യുഎസ്. റഷ്യൻ എണ്ണ ഇറക്കുമതി ഗണ്യമായി കുറയ്ക്കാൻ ഇന്ത്യ ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് അതിന് പകരമായി വെനസ്വേലൻ എണ്ണ പരിഗണിക്കാമെന്നാണ് യുഎസിന്റെ നിർദ്ദേശം. വിഷയവുമായി അടുപ്പമുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ റോയിറ്റേഴ്‌സ് ആണ് ഇക്കാര്യം പുറത്തുവിട്ടത്.
നേരത്തെ യുക്രൈൻ യുദ്ധത്തിന്റെ പേരിൽ യുഎസ് റഷ്യൻ എണ്ണ ഇറക്കുമതിക്ക് തീരുവ വർധിപ്പിച്ചതിനെ തുടർന്ന്, അത് വെട്ടിക്കുറയ്ക്കാൻ ഇന്ത്യ നിർബന്ധിതരായ സാഹചര്യത്തിലാണ് ഈ നീക്കം. വരും മാസങ്ങളിൽ ഇന്ത്യ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി പ്രതിദിനം ലക്ഷക്കണക്കിന് ബാരലുകൾ കുറയ്ക്കാൻ ഒരുങ്ങുകയാണ്. അതിനിടയിലാണ് യുഎസ് പുതിയ ഓഫറുമായി രംഗത്ത് വന്നിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.

കഴിഞ്ഞ മാർച്ചിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെനസ്വേലൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക്, ഇന്ത്യ ഉൾപ്പെടെ, 25 ശതമാനം തീരുവ ഏർപ്പെടുത്തിയിരുന്നു. പിന്നീട് ഈ വർഷം ജനുവരി 3-ന് യുഎസ് സേന വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടുകയും അദ്ദേഹത്തിനെതിരെയും രാജ്യത്തിന് എതിരെയും നടപടികൾ ശക്തമാക്കുകയും ചെയ്‌തിരുന്നു.
എന്നാൽ, ഇപ്പോൾ യുഎസ് നിലപാടിൽ മാറ്റം വരുത്തിയിരിക്കുകയാണ്. റഷ്യൻ എണ്ണയുടെ ലഭ്യതയിലുണ്ടായ കുറവ് നികത്താൻ വെനസ്വേലയിൽ നിന്നുള്ള വാങ്ങലുകൾ പുനരാരംഭിക്കാൻ ഇന്ത്യയെ അനുവദിക്കാമെന്ന് അവർ ഇന്ത്യയെ അറിയിച്ചു കഴിഞ്ഞെന്നാണ് വിവരം. യുക്രൈനിലെ യുദ്ധത്തിന് ധനസഹായം നൽകുന്ന റഷ്യൻ എണ്ണ കയറ്റുമതിയിൽ നിന്നുള്ള വരുമാനം നിയന്ത്രിക്കാനുള്ള യുഎസിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം.
വെനസ്വേലൻ എണ്ണ വിറ്റോൾ, ട്രാഫിഗുറ പോലുള്ള ട്രേഡിംഗ് സ്ഥാപനങ്ങൾ വഴിയാണോ അതോ വെനസ്വേലയുടെ സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനിയായ പിഡിവിഎസ്എ നേരിട്ടാണോ വിപണനം ചെയ്യുകയെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. 2022-ൽ റഷ്യ യുക്രെയ്ൻ ആക്രമിച്ചതിനെത്തുടർന്ന് പാശ്ചാത്യ ഉപരോധങ്ങളും വലിയ വിലക്കിഴിവുകളും വന്നപ്പോൾ ഇന്ത്യ റഷ്യൻ എണ്ണയുടെ പ്രധാന ഉപഭോക്താവായി മാറിയിരുന്നു.
എന്നാൽ പിന്നീട്, റഷ്യൻ എണ്ണ വാങ്ങലുമായി ബന്ധപ്പെടുത്തി 25 ശതമാനം അധിക നികുതി ഏർപ്പെടുത്തിയതിന് ശേഷം, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ ഓഗസ്‌റ്റോടെ 50 ശതമാനം വരെ ഉയർത്തിയിരുന്നു. അതിനിടെ ഇന്ത്യ തങ്ങളുടെ എണ്ണ ഇറക്കുമതി വൈവിധ്യവൽക്കരിക്കുകയാണ്, റഷ്യൻ എണ്ണ ഇറക്കുമതി കുറയുന്ന സാഹചര്യത്തിലെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി അടുത്തിടെ പറഞ്ഞിരുന്നു. എങ്കിലും അദ്ദേഹം വെനസ്വേലയുടെ പേര് നേരിട്ട് പരാമർശിച്ചിരുന്നില്ല.
അതിനിടെ യുഎസ് തീരുവ കണക്കിലെടുത്ത് റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഉടൻ തന്നെ പ്രതിദിനം 10 ലക്ഷം ബാരലിൽ താഴെയാക്കാൻ ഇന്ത്യ ഒരുങ്ങുകയാണെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജനുവരിയിൽ ഏകദേശം 12 ലക്ഷം ബാരലായിരുന്നു പ്രതിദിന ഇറക്കുമതിയായി ഉണ്ടായിരുന്നു. ഫെബ്രുവരിയിൽ ഇത് ഏകദേശം 10 ലക്ഷം ബാരലായും മാർച്ചിൽ 8 ലക്ഷം ബാരലായും കുറയുമെന്നാണ് ലഭ്യമായ വിവരം.












Click it and Unblock the Notifications