'കൂടുതലും ഊഹാപോഹങ്ങൾ'; എയർ ഇന്ത്യ വിമാനാപകടത്തിലെ മാധ്യമ റിപ്പോർട്ടുകൾ തള്ളി യുഎസ് ഏജൻസി
ന്യൂയോർക്ക്: അഹമ്മദാബാദിൽ കഴിഞ്ഞ മാസം നടന്ന എയർ ഇന്ത്യ വിമാനാപകടത്തിന്റെ കാരണത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായ സാഹചര്യത്തിൽ, പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ വാർത്തകളിൽ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻടിഎസ്‌ബി) മേധാവി. വിഷയത്തിലെ പുകമറ നീക്കി കൊണ്ടാണ് അദ്ദേഹത്തിന്റെ പ്രസ്‌താവന വന്നിരിക്കുന്നത്.
അന്താരാഷ്ട്ര മാധ്യമങ്ങളുടെ സമീപകാല റിപ്പോർട്ടുകൾ തീർത്തും അകാലമാണെന്നും ശരിയായ അന്വേഷണ പശ്ചാത്തലം ഇല്ലാത്തതാണെന്നും അദ്ദേഹം ആരോപിക്കുന്നു. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്‌റ്റിഗേഷൻ ബ്യൂറോയുടെ (എഎഐബി) പ്രാഥമിക റിപ്പോർട്ടിൽ പറക്കലിനിടയിൽ ഇന്ധനം വിച്ഛേദിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. തുടർന്ന് ഒരു പൈലറ്റ് മറ്റേയാളെ ചോദ്യം ചെയ്യുന്നതും അയാൾ അത് നിഷേധിച്ചതായുംകണ്ടെത്തിയിരുന്നു.

യുഎസിലെ ഉന്നത ഉദ്യോഗസ്ഥ ചെയർപേഴ്‌സൺ ജെന്നിഫർ ഹോമൻഡി, സംഭവത്തെക്കുറിച്ചുള്ള ആദ്യകാല അനുമാനങ്ങളെയും റിപ്പോർട്ടിംഗിനെയും കടുത്ത രീതിയിലാണ് വിമർശിച്ചത്. എയർ ഇന്ത്യ 171 അപകടത്തെക്കുറിച്ചുള്ള സമീപകാല മാധ്യമ റിപ്പോർട്ടുകൾ വളരെ നേരത്തേയുള്ളതും ഊഹാപോഹവുമാണ് എന്നാണ് അവർ പറയുന്നത്.
'ഇന്ത്യയുടെ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്‌റ്റിഗേഷൻ ബ്യൂറോ അതിന്റെ പ്രാഥമിക റിപ്പോർട്ട് പുറത്തിറക്കി. ഇത്രയും വലിയ അന്വേഷണങ്ങൾക്ക് സമയമെടുക്കും' ജെന്നിഫർ പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്തുവിട്ട എഎഐബി റിപ്പോർട്ടിനെ പിന്തുണയ്ക്കുന്നുവെന്നും തുടരന്വേഷണത്തിന് എല്ലാവിധ സഹകരണങ്ങളും നൽകുമെന്നും അവർ സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്‌റ്റിലൂടെ വ്യക്തമാക്കി.
അതേസമയം. അപകടത്തിൽ പൈലറ്റിന്റെ പങ്കിനെക്കുറിച്ച് വാൾ സ്ട്രീറ്റ് ജേണൽ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടുകളെ ഇന്ത്യയുടെ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്‌റ്റിഗേഷൻ ബ്യൂറോ (എഎഐബി) കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. അപകടത്തിൽ പൈലറ്റിന്റെ പങ്കിനെക്കുറിച്ച് സ്ഥിരീകരിക്കാത്തതും തിരഞ്ഞെടുത്തതുമായ റിപ്പോർട്ടിംഗ് എന്നാണ് ഈ വാർത്തകളെ എഎഐബി വിശേഷിപ്പിച്ചത്.
'ഇത്തരത്തിലുള്ള ഒരു അപകടം പൊതുജനശ്രദ്ധയും ഞെട്ടലും ഉണ്ടാവാൻ കരണമായിട്ടുണ്ടെങ്കിലും അടിസ്ഥാനരഹിതമായ വസ്‌തുതകളുടെ അടിസ്ഥാനത്തിൽ, ഇന്ത്യൻ വ്യോമയാന വ്യവസായത്തിന്റെ സുരക്ഷയെക്കുറിച്ച് പൊതുജനങ്ങളിൽ ഉത്കണ്ഠയോ ആശങ്കയോ സൃഷ്‌ടിക്കേണ്ട സമയമല്ല ഇതെന്ന് മനസിലാക്കേണ്ടതുണ്ട്' എഎഐബി പറഞ്ഞു.
'അന്താരാഷ്ട്ര മാധ്യമങ്ങളിലെ ചില വിഭാഗങ്ങൾ തിരഞ്ഞെടുത്തതും സ്ഥിരീകരിക്കാത്തതുമായ റിപ്പോർട്ടിംഗിലൂടെ നിഗമനങ്ങളിൽ എത്തിച്ചേരാൻ ആവർത്തിച്ച് ശ്രമിക്കുന്നു. നിലവിൽ അന്വേഷണം തുടരുമ്പോൾ, അത്തരം നടപടികൾ പ്രത്യേകിച്ചും നിരുത്തരവാദപരമാണ്' അന്വേഷണ ഏജൻസി വ്യക്തമാക്കി.
പറന്നുയർന്നതിന് തൊട്ടുപിന്നാലെ അഹമ്മദാബാദിലെ മെഡിക്കൽ കോളേജ് ഹോസ്‌റ്റലിൽ വിമാനം ഇടിച്ചു വീഴുന്നതിന് നിമിഷങ്ങൾക്ക് മുമ്പ്, 56കാരനായ ക്യാപ്റ്റൻ സുമീത് സബർവാൾ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഓഫ് ചെയ്‌തതായി ബ്ലാക്ക് ബോക്‌സ് റെക്കോർഡിംഗുകൾ സൂചിപ്പിക്കുന്നതായി യുഎസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഇത്തരം പ്രചാരണങ്ങൾക്ക് എതിരെ കടുത്ത ഭാഷയിലാണ് ആളുകൾ മറുപടി നൽകുന്നത്. യുഎസിൽ നിന്നുള്ള വിമാന കമ്പനിയാണ് ബോയിങ് എന്നും സാങ്കേതിക തകരാർ അല്ല മറിച്ച് മനുഷ്യ നിർമ്മിത അപകടമാണ് എന്ന് തെളിയിക്കേണ്ടത് അവരുടെ ആവശ്യമാണെന്നും അതിനായാണ് ഇത്തരം പ്രചാരണങ്ങളെന്നും സോഷ്യൽ മീഡിയയിലൂടെ നിരവധി പേർ കമന്റ് രേഖപ്പെടുത്തി.
ജൂൺ 12നാണ് വടക്കുപടിഞ്ഞാറൻ നഗരമായ അഹമ്മദാബാദിൽ വെച്ച് എയർ ഇന്ത്യ വിമാനമായ ബോയിംഗ് 787-8 ഡ്രീംലൈനർ തകർന്നുവീണ് 260 പേർ കൊല്ലപ്പെട്ടത്. അതിൽ 19 പേർ വിമാനം ഇടിച്ചിറങ്ങിയ ഹോസ്‌റ്റലിലും പരിസരത്തും ഉള്ളയാളുകളായിരുന്നു. ഇന്ത്യ കണ്ട ഏറ്റവും വലിയ വ്യോമയാന ദുരന്തങ്ങളിലൊന്നായ ഈ അപകടത്തിൽ നിന്ന് ഒരു യാത്രക്കാരൻ മാത്രമേ രക്ഷപ്പെട്ടിരുന്നുള്ളൂ.












Click it and Unblock the Notifications