സൗദിയിൽ യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഒരുങ്ങി യുഎസും റഷ്യയും; സെലൻസ്‌കിയെ വിളിച്ചില്ല
കീവ്: യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സമാധാന ചർച്ചകൾക്ക് യുഎസും റഷ്യയും സൗദി അറേബ്യയിൽ തുടക്കമിടും. ഇതുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എന്നാൽ കൂടിക്കാഴ്‌ചയിലോ ഇതുമായി ബന്ധപ്പെട്ട ചർച്ചകളിലോ പങ്കെടുക്കാൻ യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കിയെ ക്ഷണിച്ചിട്ടില്ലെന്നാണ് ഏറ്റവും പുതിയ വിവരം. മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് റോയിറ്റേഴ്‌സ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ ദിവസം ജർമ്മനിയിൽ വച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസുമായി കൂടിക്കാഴ്‌ച നടത്തിയ യുക്രേനിയൻ പ്രസിഡന്റ് സെലെൻസ്‌കിയും തങ്ങൾക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. സൗദി അറേബ്യയിലെ ചർച്ചകൾക്ക് യുക്രൈനെ ക്ഷണിച്ചിട്ടില്ലെന്നും തന്ത്രപരമായ പങ്കാളികളുമായി ആലോചിക്കുന്നതിന് മുമ്പ് റഷ്യയുമായി കീവ് ചർച്ചകളിൽ ഏർപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് മൈക്ക് വാൾട്സ്, വൈറ്റ് ഹൗസ് മിഡിൽ ഈസ്‌റ്റ് പ്രതിനിധി സ്‌റ്റീവ് വിറ്റ്കോഫ് എന്നിവർ സൗദി അറേബ്യയിലേക്ക് പോകുമെന്ന് യുഎസ് പ്രതിനിധി മൈക്കൽ മക്കോളിനെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. റഷ്യയിൽ നിന്നുള്ള ഏതൊക്കെ ഉന്നതരുമായാണ് കൂടിക്കാഴ്‌ച നിശ്ചയിച്ചത് എന്ന കാര്യത്തിൽ വ്യക്തതയില്ല.
സൗദി അറേബ്യയിൽ യുഎസും റഷ്യൻ ഉദ്യോഗസ്ഥരും തമ്മിലുള്ള ആസൂത്രിത ചർച്ചകൾ പദ്ധതിയുമായി അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചു. എന്നാൽ യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇതിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. മൂന്ന് വർഷത്തോളമായി നീളുന്ന യുദ്ധത്തിൽ ഇരു വിഭാഗങ്ങളും, കൂടുതലായി യുക്രൈൻ ആൾ നാശം ഉൾപ്പെടെ നേരിടുന്ന സാഹചര്യത്തിലാണ് സമാധാന ചർച്ചകൾ ആരംഭിക്കുന്നത്.
ജനുവരി 20ന് രണ്ടാം തവണയും പ്രസിഡന്റായി അധികാരമേറ്റ ട്രംപ് യുക്രൈൻ യുദ്ധം വേഗത്തിൽ അവസാനിപ്പിക്കുമെന്ന തന്റെ നിലപാട് ആവർത്തിച്ച് പറയുകയാണ്. അടുത്തിടെ അദ്ദേഹം പുടിനോടും സെലെൻസ്‌കിയോടും ഇക്കാര്യത്തിൽ ടെലിഫോൺ സംഭാഷണം നടത്തിയെന്ന അറിയിച്ചിരുന്നു. ഇതോടെ യുക്രൈൻ യുദ്ധം അനിവാര്യമായ അന്ത്യത്തിലേക്ക് നീങ്ങുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്.
അതിനിടെ ഇന്നലെ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി റൂബിയോ തന്റെ റഷ്യൻ എതിരാളി സെർജി ലാവ്‌റോവുമായി ചർച്ച നടത്തിയിരുന്നു. പുടിനും ട്രംപും തമ്മിലുള്ള കൂടിക്കാഴ്‌ചയ്ക്ക് തയ്യാറെടുക്കാൻ അവർ സ്ഥിരമായി ബന്ധപ്പെടാൻ സമ്മതിച്ചതായി റഷ്യൻ വിദേശകാര്യ മന്ത്രാലയം പിന്നീട് അറിയിച്ചു. ഇത് നടന്നാൽ ട്രംപിന് അത് നേട്ടമാകും. ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് റഷ്യയുമായി നയതന്ത്ര ബന്ധം ഊർജിതമാക്കുന്നത്.












Click it and Unblock the Notifications