ഇറാനിലെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപ് ആക്രമിച്ച് യുഎസ്; ഹോർമൂസിന് അരികിലെ എണ്ണ കേന്ദ്രമോ ലക്ഷ്യം?
ടെഹ്‌റാൻ: ഇറാനിലെ പ്രധാന എണ്ണ കേന്ദ്രമായ ഖാർഗ് ദ്വീപിലെ സൈനിക ലക്ഷ്യങ്ങളിൽ കനത്ത ആക്രമണം നടത്തി യുഎസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിശ്ചയിച്ച വെടിനിർത്തൽ സമയപരിധി അവസാനിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പായിരുന്നു ഈ നീക്കം. ഇറാനിലെ മെഹർ ന്യൂസ് ആണ് ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്‌തത്. ഇറാനിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളിൽ ഒന്നായാണ് ഖാർഗ് ദ്വീപിനെ കണക്കാക്കുന്നത്.
അതിനിടെ ഖാർഗ് ദ്വീപ് ആക്രമണങ്ങളെ തുടർന്ന്, സംയമനം അവസാനിച്ചുവെന്നാണ് ഇറാനീസ് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് യുഎസിന് മുന്നറിയിപ്പ് നൽകിയത്. ഇത് മേഖലയിലെ ക്രൂഡ് ഓയിൽ വിതരണത്തിൽ കടുത്ത തടസങ്ങളുണ്ടാക്കുമെന്ന ആശങ്ക വർധിപ്പിച്ചതായി പല അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് വെടിനിർത്തൽ പദ്ധതി ഇറാൻ തലേദിവസം തള്ളിയതിന് തൊട്ടുപിന്നാലെയാണിത്.

യുഎസ് സഖ്യകക്ഷികളുടെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ട് മേഖലയിലെ എണ്ണ-വാതക ഒഴുക്ക് വർഷങ്ങളോളം തടസപ്പെടുത്താൻ കഴിയുമെന്ന് ഐആർജിസി മുന്നറിയിപ്പ് നൽകി. ദ്വീപ് പിടിച്ചെടുക്കുന്ന കാര്യം യുഎസ് സൈന്യം പരിഗണിക്കുമെന്ന് ട്രംപ് കഴിഞ്ഞ വാരാന്ത്യത്തിൽ സൂചിപ്പിച്ചതിന് പിന്നാലെയായിരുന്നു ഈ ഭീഷണി.
കഴിഞ്ഞ മാസം, യുഎസ് ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയിരുന്നു. നാവിക മൈൻ സംഭരണശാലകളും മിസൈൽ ബങ്കറുകളും നശിപ്പിച്ചു. എന്നാൽ എണ്ണ അടിസ്ഥാന സൗകര്യങ്ങൾക്ക് കാര്യമായ നാശമുണ്ടായിരുന്നില്ല. ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമെന്ന നിലയിൽ, ഖാർഗ് ദ്വീപ് രാജ്യത്തിന്റെ 90 ശതമാനം ക്രൂഡ് ഷിപ്പ്‌മെൻ്റുകളും ഏകദേശം 30 ദശലക്ഷം ബാരൽ സംഭരണ ശേഷിയും കൈകാര്യം ചെയ്യുന്നു.
ഇറാൻ തീരത്തുനിന്ന് 16 മൈൽ അകലെയും ഹോർമുസ് കടലിടുക്കിൽ നിന്ന് 300 മൈൽ വടക്ക് പടിഞ്ഞാറുമായാണ് തന്ത്രപ്രധാനമായ ദ്വീപിന്റെ സ്ഥാനം. ഒറ്റപ്പെടലും കനത്ത സുരക്ഷയും കാരണം ഇത് അപകടകരമായ ദ്വീപ് എന്ന് അറിയപ്പെടുന്നു. ഹോർമുസ് കടലിടുക്കിലെ കപ്പൽ ആക്രമണങ്ങൾ നിന്നില്ലെങ്കിൽ കാർഗ് ദ്വീപിലെ എണ്ണ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിടുമെന്ന് ട്രംപ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു.
ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഇറാനെതിരെ കടുത്ത വിമർശനമുന്നയിച്ച ട്രംപ്, 48 മണിക്കൂർ സമയപരിധിയും നിശ്ചയിച്ചു. ഇറാന്റെ ആസ്‌തികൾ ലക്ഷ്യമിട്ടാൽ, മിഡിൽ ഈസ്‌റ്റിലെ യുഎസ് സഖ്യകക്ഷികളുടെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ "ചാരമാക്കി മാറ്റുമെന്ന്" ഐആർജിസി മുന്നറിയിപ്പ് നൽകിയിരുന്നു.
ഇറാനിലെ സാധാരണ പൗരന്മാർ ഉപയോഗിക്കുന്ന സ്ഥാപനങ്ങളെ ആക്രമിക്കുകയാണെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് ഐആർജിസി മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. അമേരിക്കയുടെയും പങ്കാളികളുടെയും അടിസ്ഥാന സൗകര്യങ്ങൾക്ക് മേൽ അത്തരമൊരു തിരിച്ചടി നൽകുമെന്നാണ് ഐആർജിസി പറഞ്ഞത്.












Click it and Unblock the Notifications