ടെക്‌സസില്‍ ട്രംപിനെ ഞെട്ടിക്കാന്‍ ബൈഡന്‍, ഇന്ത്യന്‍ വംശജരുടെ റിപബ്ലിക്കന്‍ പാര്‍ട്ടിയെ കൈവിടുമോ?
വാഷിംഗ്ടണ്‍: റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ കോട്ടകളിലൊന്നായി അറിയപ്പെടുന്ന സംസ്ഥാനമാണ് ടെക്‌സസ്. ഇത്തവണ ഇവിടെ ആര് ജയിക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ല. ജോ ബൈഡന്‍ ഇവിടെയും ഇത്തവണ മുന്നേറ്റം നടത്തുമെന്നാണ് പ്രവചിക്കപ്പെടുന്നത്. കഴിഞ്ഞ 40 വര്‍ഷമായി ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് കുതിപ്പുണ്ടാക്കാന്‍ സാധിക്കാത്ത സംസ്ഥാനമാണിത്. അതുകൊണ്ട് തന്നെ ബൈഡന്‍ എന്ത് നേട്ടം ഇവിടെയുണ്ടാക്കിയാലും അത് ഡെമോക്രാറ്റുകളുടെ കൂടി നേട്ടമാണ്. അതേസമയം റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് കാര്യങ്ങള്‍ അത്ര സുഖകരവുമല്ല.

ഡെമോക്രാറ്റുകളുടെ പ്രചാരണം
സാധാരണ തോല്‍ക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങളില്‍ ഒരുപാര്‍ട്ടിയും വലിയ പ്രാധാന്യം നല്‍കാറില്ല. എന്നാല്‍ ഇത്തവണ ബൈഡന്റെ ക്യാമ്പയിന് വലിയ പ്രാധാന്യമാണ് ടെക്‌സസില്‍ ഡെമോക്രാറ്റുകള്‍ നല്‍കിയത്. ഇവിടെ ജയിക്കുമെന്ന പ്രതീക്ഷ കാരണമാണിത്. കൂടുതല്‍ പണമൊഴുക്കാനും തീരുമാനിച്ചിരുന്നു. ഡെമോക്രാറ്റുകളിലെ പ്രമുഖന്‍ ബെറ്റോ ഒ റൂര്‍ക്കെ ബൈഡനോട് ഇവിടെ പ്രചാരണം നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ബൈഡന് പകരം കമലാ ഹാരിസാണ് ഇവിടെ പ്രചാരണം നടത്തിയത്.

മോദിയുടെ റാലി
ഹൗഡി മോദി നടന്ന സംസ്ഥാനം കൂടിയാണ് ടെക്‌സസ്. ഇന്ത്യക്കാരുടെ വലിയ സ്വാധീനം ഇവിടെയുണ്ട്. ഹൗഡി മോദി ഇന്ത്യന്‍-അമേരിക്കന്‍ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ഒരുങ്ങിയ ക്യാമ്പയിന്‍ ആയിരുന്നെന്നും ആരോപണമുയര്‍ന്നിരുന്നു. 1845 മുതല്‍ 1976 വരെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കോട്ടയായിരുന്നു ഇത്. എന്നാല്‍ 1980ല്‍ റൊണാള്‍ഡ് റീഗന്‍ വിജയിച്ചതോടെ ടെക്‌സസ് റിപബ്ലിക്കന്‍ കോട്ടയായി മാറി. പിന്നീട് ഇത് മാറിയിട്ടില്ല. കഴിഞ്ഞ തവണ 52 ശതമാനം വോട്ടുകളാണ് ട്രംപ് നേടിയത്.

എന്തുകൊണ്ട് ടെക്‌സസ്
ടെക്‌സസ് ജനസംഖ്യാപരമായും ഭൂമിശാസ്ത്രപരമായും യുഎസ്സിലെ രണ്ടാമത്തെ വലിയ സംസ്ഥാനമാണ്. 39 മില്യണ്‍ ജനങ്ങള്‍ ഇവിടെയുണ്ട്. ഇലക്ട്രല്‍ കോളേജില്‍ 38 വോട്ടുകള്‍ ഈ സംസ്ഥാനത്തിനുണ്ട്. കാലിഫോര്‍ണിയ കഴിഞ്ഞാല്‍ ഏറ്റവുമധികം ഇലക്ട്രല്‍ വോട്ടുകളും ഇവിടെയാണ്. റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് അതുകൊണ്ട് തന്നെ ടെക്‌സസില്ലാതെ ജയിക്കാനാവില്ല. കാരണം അവരുടെ വോട്ടുകളില്‍ നല്ലൊരു ശതമാനവും ടെക്‌സസില്‍ നിന്നാണ് വരുന്നത്. ഇത്തവണ മറ്റ് ചില കാര്യങ്ങളും ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമായി വരുന്നുണ്ട്.

ജനസംഖ്യാ ആനുപാതം മാറുന്നു
ടെക്‌സസില്‍ ജനസംഖ്യാ ആനുപാതം മാറിയതാണ് വലിയ പ്രതീക്ഷയായി ഡെമോക്രാറ്റുകള്‍ക്ക് മുന്നിലുള്ളത്. ഹിസ്പാനിക്കുകളാണ് ഇപ്പോള്‍ ജനസംഖ്യയില്‍ മുന്നിലുള്ളത്. 11.91 മില്യണ്‍ ജനങ്ങളാണ് ഹിസ്പാനിക് വിഭാഗത്തിലുള്ളത്. രണ്ടാമതുള്ളത് വെളുത്ത വംശജരാണ്. ഹിസ്പാനിക്ക് വോട്ടര്‍മാര്‍ കൂടുതലായി ഡെമോക്രാറ്റുകള്‍ക്ക് വോട്ട് ചെയ്യാറുണ്ട്. ആഫ്രിക്കന്‍-അമേരിക്കന്‍ വംശജര്‍, ഏഷ്യന്‍-അമേരിക്കന്‍ വംശജര്‍ എന്നിവരാണ് പിന്നീടുള്ളത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 1.9 പുതിയ വോട്ടര്‍മാരാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തത്. എല്ലാം യുവാക്കളും ഹിസ്പാനിക്ക് വോട്ടര്‍മാരുമാണ്. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ ഇവിടെയുള്ള ലാറ്റിനോ വോട്ടര്‍മാരെ റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് അകറ്റിയിരിക്കുകയാണ്.

ട്രംപിന് അടിതെറ്റും
നേരത്തെയുള്ള വോട്ടെടുപ്പ് പ്രകാരം റെക്കോര്‍ഡ് കുതിപ്പാണ് ടെക്‌സസില്‍ നടക്കുന്നത്. ഒമ്പത് മില്യണ്‍ പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 2016ലെ ശതമാനത്തേക്കാള്‍ കൂടുതലാണിത്. 60 ശതമാനം വോട്ട് മൊത്തം വരുമെന്നാണ് സൂചന. 30 വര്‍ഷത്തിനിടെയുള്ള റെക്കോര്‍ഡാവും ഇത്. യുവവോട്ടര്‍മാരാണ് ഇതില്‍ കൂടുതലായി വോട്ട് ചെയ്തിരിക്കുന്നത്. യുഎസ്സിലെ ബ്ലാക് ലൈവ്‌സ് മാറ്റര്‍ പ്രക്ഷോഭം വലിയ സ്വാധീനം ഇവര്‍ക്കിടയിലുണ്ടാക്കിയിട്ടുണ്ട്. ഇവരാരും ട്രംപിന്റെ ആരാധകരല്ല. ഇതിനൊപ്പം തൊഴിലില്ലായ്മയും സമ്പദ് ഘടനയുടെ തകര്‍ച്ചയും ട്രംപിനെ ബാധിക്കും. ഇവിടെ ലീഡ് മാറി മറിയുകയാണെന്ന് സര്‍വേകള്‍ സൂചിപ്പിക്കുന്നു.












Click it and Unblock the Notifications