യുഎസിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു; അതീവ ജാഗ്രത, നാഷണൽ ഗാർഡ് ട്രൂപ്പുകളെ വിന്യസിച്ച് സംസ്ഥാനങ്ങൾ
ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പുരോഗമിക്കവേ ഇരുപതോളം സംസ്ഥാനങ്ങളിൽ നാഷണൽ ഗാർഡ് ട്രൂപ്പുകളെ വിന്യസിച്ച് സുരക്ഷ ശക്തമാക്കിയതായി റിപ്പോർട്ട്. തിരഞ്ഞെടുപ്പ് ദിവസവും ആദ്യ ഫല സൂചനകൾ വരുമ്പോഴും സംഘർഷം ഉണ്ടാവുന്നത് തടയാനും തിരഞ്ഞെടുപ്പിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ ആക്രമിക്കപ്പെടാതിരിക്കാനുമാണ് വിവിധ സംസ്ഥാനങ്ങൾ കാര്യമായ നിലയിൽ മുൻകരുതൽ സ്വീകരിച്ചതെന്നാണ് സൂചന.
മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്‌തമായി കടുത്ത പോരാട്ടത്തിനാണ് യുഎസ് സാക്ഷ്യം വഹിക്കുന്നത്. ഡെമോക്രാറ്റിക് പാർട്ടിക്ക് വേണ്ടി കമല ഹാരിസും റിപ്പബ്ലിക്കൻസിന് വേണ്ടി ഡൊണാൾഡ് ട്രംപുമാണ് കളത്തിൽ ഇറങ്ങിയിരിക്കുന്നത്. നിലവിൽ വിവിധ സംസ്ഥാനങ്ങളിൽ ആയുധധാരികളായ നാഷണൽ ഗാർഡ് ട്രൂപ്പിലെ അംഗങ്ങളെ ഉൾപ്പെടെ വിന്യസിച്ചിട്ടുണ്ട്.

ഒറിഗോൺ, വാഷിംഗ്‌ടൺ, നെവാഡ എന്നീ സംസ്ഥാനങ്ങളിൽ നേരത്തെ തന്നെ നാഷണൽ ഗാർഡിനെ ചുമതല ഏൽപ്പിച്ചിരുന്നു. ഇതിന് പുറമേ മറ്റ് പതിനേഴോളം സംസ്ഥാനങ്ങളിൽ മുൻകരുതലിന്റെ ഭാഗമായി ഇവരുടെ സേവനം തേടുകയും ചെയ്‌തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കൂടാതെ വാഷിംഗ്‌ടണിൽ എഫ്‌ബിഐ പ്രത്യേക കേന്ദ്രം നിരീക്ഷണത്തിനായി സജ്ജമാക്കിയിട്ടുണ്ട്.
ഇവിടെ നിന്നും 24 മണിക്കൂർ നിരീക്ഷണമാണ് നടത്തി കൊണ്ടിരിക്കുന്നത്. ഒരു ലക്ഷത്തോളം വരുന്ന പോളിങ് സ്‌റ്റേഷനുകളിലെ സുരക്ഷാ ഉറപ്പാക്കാനുള്ള നടപടികളും നേരത്തെ തന്നെ സ്വീകരിച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പ് നടന്ന 2020ന് ശേഷം ഏതാണ്ട് ഇരുപതോളം സംസ്ഥാനങ്ങളാണ് സുരക്ഷ കൂടുതൽ ശക്തമാക്കിയത്.
കഴിഞ്ഞ തവണ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ട്രംപ് അനുകൂലികൾ ആക്രമണം അഴിച്ചുവിട്ട സംഭവം കൂടി കണക്കിലെടുത്താണ് ഇക്കുറി കൂടുതൽ സുരക്ഷ ഏർപ്പെടുത്തുന്നത്. ക്യാപിറ്റോൾ ബിൽഡിംഗ് അടക്കമുള്ളവയ്ക്ക് നേരെ കഴിഞ്ഞ തവണ ആക്രമണം നടന്നിരുന്നു. യുഎസിന്റെ ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഇത്തരമൊരു സംഭവ വികാസം.
അത് കൂടി കണക്കിലെടുത്താവും തിരഞ്ഞെടുപ്പിന് കൂടുതൽ സുരക്ഷ ഒരുക്കുന്നത്. ഫലത്തിൽ നിർണായകമാവുന്ന ഏഴ് സ്വിങ് സ്‌റ്റേറ്റുകളിലും സുരക്ഷ ശക്തമാണ്. വോട്ടെടുപ്പ് ആദ്യ മണിക്കൂറുകളിൽ ആയതിനാൽ തന്നെ നിലവിൽ ഇവിടെ കാര്യങ്ങൾ നിയന്ത്രണ വിധേയമാണ്. എന്നാൽ ആദ്യ ഫലസൂചനകൾ വരുമ്പോൾ സംഘർഷം ഉണ്ടാവാതിരിക്കാനാണ് അധികൃതരുടെ ശ്രമം.
നിലവിലെ വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയുമായ കമല ഹാരിസും മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്ന് ചില സർവേകൾ പ്രവചിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇരു പാർട്ടികളും വളരെയധികം പ്രതീക്ഷയോടെയാണ് തിരഞ്ഞെടുപ്പിനെ നോക്കി കാണുന്നത്.












Click it and Unblock the Notifications