യുഎസ് തിരഞ്ഞെടുപ്പ്; വോട്ടിംഗ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് വ്യാജ ബോംബ് ഭീഷണി, റഷ്യൻ ബന്ധമെന്ന് എഫ്‌ബിഐ
ന്യൂയോർക്ക്: പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന യുഎസിലെ വിവിധ സംസ്ഥാനങ്ങളിൽ വ്യാജ ബോംബ് ഭീഷണി. വോട്ടിംഗ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് വ്യാജ ഭീഷണി എത്തിയതെന്നാണ് കേന്ദ്ര അന്വേഷണ ഏജൻസിയായ എഫ്‌ബിഐ വ്യക്തമാക്കുന്നത്. ഇതിൽ കൂടുതൽ റഷ്യൻ ഡൊമെയ്ൻ കൈവശം വച്ചിരിക്കുന്ന ഇമെയിലുകളിൽ നിന്നാണ് വന്നതെന്നും എഫ്ബിഐ അറിയിച്ചു. യുഎസിലെ തന്ത്ര പ്രധാന മേഖേലകളെയാണ് വ്യാജ ഭീഷണി ബാധിച്ചത്.
ജോർജിയ, മിഷിഗൺ, വിസ്കോൺസിൻ സംസ്ഥാനങ്ങളെയാണ് ബോംബ് ഭീഷണിയുടെ ലക്ഷ്യമിട്ടതെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഏറ്റവും നിർണായകമാവുന്ന സംസ്ഥാനങ്ങൾ കൂടിയാണ് ഇവ മൂന്നും. എന്നാൽ ഇതുവരെ വന്ന ഭീഷണികൾ ഒന്നും വിശ്വാസയോഗ്യമല്ലെന്നാണ് എഫ്‌ബിഐ വിലയിരുത്തൽ.

നേരത്തെ വ്യാജ ബോംബ് ഭീഷണിയെ തുടർന്ന് ജോർജിയയിലെ രണ്ട് പോളിങ് സ്‌റ്റേഷനുകൾ താൽക്കാലികമായി ഒഴിപ്പിച്ചിരുന്നു. തുടർന്ന് കൃത്യമായ പരിശോധനകൾക്ക് ശേഷം മുപ്പത് കഴിഞ്ഞയുടൻ ഇവിടം വീണ്ടും പ്രവർത്തന സജ്ജമാക്കിയിരുന്നു. ഇതോടെ മേഖലയിലെ വോട്ടിംഗ് സമയം വർധിപ്പിക്കണം എന്ന ആവശ്യം ശക്തമാണ്.
ജോർജിയ കൂടാതെ വിസ്കോൺസിനിലും വ്യാജ ഭീഷണി ബാധിച്ചുവെന്നാണ് വിലയിരുത്തൽ. എന്നാൽ ഇവിടെ എവിടെയും വോട്ടിംഗ് നിർത്തിവച്ചതായി കൃത്യമായ അറിവില്ല. സംഭവത്തിന് പിന്നാലെ തിരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടൽ വീണ്ടും ചർച്ചയാവുകയാണ്. നേരത്തെ തന്നെ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ റഷ്യയുടെ ഇടപെടലിനെ കുറിച്ചുള്ള ആരോപണങ്ങൾ സജീവമായിരുന്നു.
നേരത്തെ റഷ്യൻ അഭിനേതാക്കളുടെ നേതൃത്വത്തിൽ നിർമ്മിച്ച ഒരു വ്യാജ വീഡിയോയെ കുറിച്ച് യുഎസ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. സമാനമായി മറ്റൊരു വീഡിയോയും റഷ്യൻ അനുകൂലികൾ നിർമ്മിച്ചതായും ഇന്റലിജൻസ് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിരുന്നു. അതിന് പിന്നാലെ വ്യാജ ബോംബ് ഭീഷണിയിലും റഷ്യയുടെ പേര് പരാമർശിക്കുന്നത്.
അതേസമയം, ഓൺലൈനിലൂടെയുള്ള ഭീഷണിയുമായി ബന്ധപ്പെട്ട് എഫ്ബിഐ മിഷിഗണിൽ രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വിജയിച്ചാൽ അക്രമം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനാണ് ആൻ ആർബറിൽ നിന്നുള്ള 25കാരനെ കസ്‌റ്റഡിയിൽ എടുത്തത്. ഇതിന് പിന്നാലെയാണ് ബോംബ് ഭീഷണിയിലും എഫ്‌ബിഐ അന്വേഷണം നടത്തുന്നത്.
യുഎസിൽ വോട്ടെടുപ്പ് അവസാന മണിക്കൂറിലേക്ക് നീങ്ങുകയാണ്. എന്നാൽ പൂർണമായും ഒരേസമയം ആവില്ല വോട്ടെടുപ്പ് പൂർത്തിയാവുക. വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്‌ത സമയത്താണ് വോട്ടെടുപ്പ് ആരംഭിച്ചത്, അതുകൊണ്ട് തന്നെ പൂർത്തിയാവുന്ന സമയത്തിലും കാര്യമായ മാറ്റമുണ്ടാകും. റിപ്പബ്ലിക്കൻ പാർട്ടിക്ക് വേണ്ടി ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് പാർട്ടിക്ക് വേണ്ടി കമല ഹാരിസുമാണ് മത്സര രംഗത്തുള്ള പ്രമുഖർ.












Click it and Unblock the Notifications