യുഎസിൽ വോട്ടെടുപ്പ് നടക്കുന്നത് നവംബറിൽ; പക്ഷേ പുതിയ പ്രസിഡന്റ് വരിക ജനുവരിയിൽ മാത്രം, കാരണം?
ന്യൂയോർക്ക്: ലോകം മുഴുവൻ ഉറ്റുനോക്കുന്ന യുഎസ് തിരഞ്ഞെടുപ്പിന് ഇനി നാല് ദിവസം മാത്രമാണ് ബാക്കിയുള്ളത്. സ്ഥാനാർത്ഥികൾ തങ്ങളാൽ കഴിയുന്ന രീതിയിൽ എല്ലാ തരത്തിലും പ്രചാരണം നടത്തുന്നുണ്ട്. വോട്ടർമാരെ കൂടുതലായി എത്തിക്കാൻ ക്യാമ്പയിനുകളും തകൃതിയായി നടക്കുന്നുണ്ട്. നവംബർ അഞ്ചിനാണ് രാജ്യത്ത് വോട്ടെടുപ്പ് നടക്കുന്നത്. എന്നാൽ പുതിയ പ്രസിഡന്റ് അധികാരമേറ്റെടുക്കാൻ പിന്നെയും രണ്ട് മാസം കാത്തിരിക്കണം.
ഈ വ്യവസ്ഥ പലർക്കും അറിയണമെന്നില്ല. കാരണം ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ തിരഞ്ഞെടുപ്പ് നടന്നാൽ അധികം വൈകാതെ ഫലം പ്രഖ്യാപിക്കുകയും ദിവസങ്ങൾക്കുള്ളിൽ തന്നെ പുതിയ അധികാരിയുടെ സത്യപ്രതിജ്ഞ നടക്കുകയും ചെയ്യുകയാണ് പതിവ്. ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളിലും ഇങ്ങനെ തന്നെയാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. എന്നാൽ യുഎസ് ഇതിൽ നിന്നൊക്കെ വേറിട്ട് നിൽക്കുന്ന തിരഞ്ഞെടുപ്പ് രീതികളാണ് അവലംബിക്കുന്നത്.

പുതിയ ഭരണാധികാരി ചുമതലയെടുക്കുന്നതിന് ഏകദേശം പതിനൊന്ന് ആഴ്‌ചത്തോളം കാത്തിരിക്കണം എന്നതാണ് അമേരിക്കയിലെ രീതി. ഭരണഘടനയിൽ അനുശാസിക്കുന്ന രീതികൾ പ്രകാരം നാല് മാസത്തോളമായിരുന്നു ഈ അധികാരകൈമാറ്റ കാലയളവ്, എന്നാൽ അത് രണ്ട് മാസം മാത്രമായി എന്നതാണ് ഇപ്പോഴത്തെ നിലയിൽ കാണാൻ കഴിയുക.
ഇത്തരം ഇടവേളയ്ക്ക് പിന്നിലെ കാരണം?
നവംബർ മാസത്തിലെ ആദ്യ ചൊവ്വാഴ്‌ചയാണ് യുഎസിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യമൊക്കെ സംസ്ഥാനങ്ങളിൽ വേറെ വേറെ തീയതികളിലായിരുന്നു തിരഞ്ഞെടുപ്പ്, പിന്നീട് അത് ഒന്നര നൂറ്റാണ്ട് മുൻപ് ഏകീകരിക്കുകയായിരുന്നു. 1845ലായിരുന്നു ഏകീകരണം നടന്നത്. പൊതുവെ അക്കാലത്ത് കാർഷികവൃത്തിയായിരുന്നു യുഎസിൽ പ്രധാനം.
അതുകൊണ്ട് തന്നെയാണ് കർഷകർക്ക് കൂടുതൽ സൗകര്യപ്രദമായ കാലയളവ് തിരഞ്ഞെടുപ്പിന് വേണ്ടി തിരഞ്ഞെടുത്തത്. കൂടാതെ ഞായാറാഴ്‌ച ആരാധനാലയങ്ങളിലെ പ്രാർത്ഥനകളും മറ്റും കണക്കിലെടുത്താണ് ചൊവ്വയെ തിരഞ്ഞെടുപ്പിനായി പരിഗണിച്ചത്. ഇതും വർഷങ്ങൾക്ക് മുൻപുള്ള തീരുമാനമായിരുന്നു.
ആദ്യം നാല് മാസം, പിന്നെ വെട്ടിച്ചുരുക്കി
യുഎസിലെ ഭരണഘടന അനുശാസിക്കുന്നത് നാല് മാസത്തെ അധികാര കൈമാറ്റ പ്രക്രിയയാണ്. എന്നാൽ മഹാമാന്ദ്യത്തിന്റെ കാലത്ത് ഇതിലൊരു പുനർചിന്തനം അനിവാര്യമാവുകയായിരുന്നു. നാല് മാസത്തോളം അധികാരകൈമാറ്റം നീളുന്നത് വലിയ പ്രതിസന്ധികൾക്ക് വാഴയൊരുക്കുന്നുവെന്ന വിലയിരുത്തലിനെ തുടർന്നാണ് ഭരണഘടനാ ഭേദഗതിയിലൂടെ ഇത് മൂന്ന് മാസത്തിൽ താഴെയാക്കി ചുരുക്കിയത്. ഇതനുസരിച്ച് ജനുവരി 20നാണ് പുതിയ പ്രസിഡന്റ് അധികാരം ഏറ്റെടുക്കുക.
അധികാരകൈമാറ്റം നീട്ടാനുള്ള കാരണം?
പ്രധാനമായും രാജ്യ താൽപര്യങ്ങൾ തന്നെയാണ് അധികാര കൈമാറ്റം നീട്ടാനുള്ള കാരണം. ഭരണത്തിനായി പുതിയ പ്രസിഡന്റിനും അദ്ദേഹത്തിന്റെ കീഴിലുള്ളവർക്കും മതിയായ സമയം അനുവദിക്കുക എന്നതാണ് ഇതിന്റെ പ്രഥമ ലക്ഷ്യം. ഈ കാലയളവിൽ അവരുടെ നയങ്ങൾ, രാജ്യം നേരിടുന്ന പ്രശ്‌നങ്ങളോടുള്ള അഭിപ്രായങ്ങൾ എന്നിവ രൂപപ്പെടുത്തി എടുക്കാൻ കഴിയും.
വിജയിക്കുന്ന പാർട്ടി നേരിട്ട് അധികാരം ഏറ്റെടുക്കുന്ന പാർലമെന്ററി സമ്പ്രദായത്തിന് വിരുദ്ധമായി ജനകീയ വോട്ടെടുപ്പിന് ശേഷമുള്ള അധികാരകൈമാറ്റം ഉറപ്പാക്കുന്ന ഇലക്ട്രൽ കോളേജ് സമ്പ്രദായമാണ് യുഎസിൽ നിലവിലുള്ളത്. അതിലൂടെ നിലവിലെ ഭരണകക്ഷിയിൽ നിന്ന് സുഗമമായ അധികാരമേറ്റെടുക്കലിന് പുതിയ പ്രസിഡന്റിനും സംഘത്തിനും അവസരം ഒരുങ്ങുകയാണ് ചെയ്യുന്നത്.












Click it and Unblock the Notifications