എച്ച്-1ബി വിസയ്ക്ക് ഒരു ലക്ഷം ഡോളർ ഫീസ്; ട്രംപിന്റെ തീരുമാനത്തിന് അനുമതി നൽകി യുഎസ് ഫെഡറൽ ജഡ്‌ജി
ന്യൂയോർക്ക്: എച്ച്-1ബി വിസാ അപേക്ഷകർക്ക് ഒരു ലക്ഷം ഡോളർ ഫീസ് ഏർപ്പെടുത്താനുള്ള ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് അനുമതി നൽകി ഫെഡറൽ ജഡ്‌ജി. വിദഗ്‌ധരായ വിദേശ തൊഴിലാളികളെ ഏറെ ആശ്രയിക്കുന്ന യുഎസ് ടെക് കമ്പനികൾക്കും മറ്റ് തൊഴിൽ ദാതാക്കൾക്കും ഈ വിധി കനത്ത തിരിച്ചടിയാണ്.
യുഎസ് ഡിസ്ട്രിക്റ്റ് ജഡ്‌ജി ബെറിൽ ഹവലാണ് ഈ വിധി പുറപ്പെടുവിച്ചത്. എച്ച്-1ബി വിസയുടെ ചെലവ് കൂട്ടാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിയമപരമായ അധികാരമുപയോഗിച്ചാണ് പ്രവർത്തിച്ചതെന്ന് അവർ വ്യക്തമാക്കി. ഇത് കുടിയേറ്റം നിയന്ത്രിച്ച് യുഎസ് തൊഴിലാളികൾക്ക് നിയമനങ്ങളിൽ മുൻഗണന നൽകാനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങൾക്ക് കരുത്ത് പകരും.

ഈ വിഷയത്തിൽ നിയമപരമായ വെല്ലുവിളികൾ തുടരുമ്പോഴും പുതിയ ഫീസ് ഘടനയുമായി മുന്നോട്ട് പോകാൻ ഈ വിധി ഭരണകൂടത്തെ അനുവദിക്കും. നടപടി തടയാൻ കേസ് കൊടുത്ത യുഎസ് ചേംബർ ഓഫ് കൊമേഴ്‌സിന് അപ്പീൽ നൽകാം. മുൻ പ്രസിഡന്റ് ബറാക് ഒബാമ നിയമിച്ച ജഡ്‌ജിയാണ് വിധി പുറപ്പെടുവിച്ച ബെറിൽ ഹവൽ.
അത്തരം ഫീസ് ചുമത്താൻ ട്രംപിന് അധികാരമില്ലെന്ന ചേംബറിന്റെ വാദം ജഡ്‌ജി ഹവൽ തള്ളി. ഫീസ് വർധന സംബന്ധിച്ച പ്രഖ്യാപനം "പ്രസിഡന്റിനുള്ള വ്യക്തമായ നിയമപരമായ അധികാരത്തിൻ്റെ പിൻബലത്തിലാണ്" പുറത്തിറക്കിയതെന്ന് വിധിയിൽ അവർ ചൂണ്ടിക്കാട്ടി. സാമ്പത്തികവും ദേശീയവുമായ സുരക്ഷാ വിഷയങ്ങളായി കാണുന്ന പ്രശ്‌നങ്ങൾ, ഉചിതമെന്ന് തോന്നുന്ന രീതിയിൽ പരിഹരിക്കാൻ പ്രസിഡന്റിന് കോൺഗ്രസ് വിപുലമായ അധികാരം നൽകിയിട്ടുണ്ടെന്ന് വിധിയിൽ പറയുന്നു.
'ഈ രാഷ്ട്രീയപരമായ തീരുമാനത്തിന്റെ ശരിതെറ്റുകളെക്കുറിച്ചുള്ള വാദപ്രതിവാദങ്ങൾ കോടതികളുടെ അധികാരപരിധിയിൽ വരുന്നതല്ല. നടപടികൾ നിയമത്തിന്റെ പരിധിയിൽ ഒതുങ്ങുന്നിടത്തോളം കാലം പ്രഖ്യാപനം നിലനിർത്തേണ്ടതാണ്' എന്നും അവർ അവർ വിധിയിൽ കൂട്ടിച്ചേർത്തു. ഇന്ത്യക്കാർക്ക് ഉൾപ്പെടെ കനത്ത തിരിച്ചടിയാണ് വിധി നൽകുന്നത്.
പുതിയ ഫീസ് നിരക്ക് കാരണം എച്ച്-1ബി വിസകൾ പല തൊഴിൽ ദാതാക്കൾക്കും, പ്രത്യേകിച്ച് ചെറുകിട കമ്പനികൾക്ക്, താങ്ങാനാവാത്തത്ര ചെലവേറിയതാകുമെന്ന് യുഎസ് ചേംബർ ഓഫ് കൊമേഴ്‌സ് മുന്നറിയിപ്പ് നൽകി. ഇന്ത്യയിൽ നിന്നുള്ള നിരവധി ടെക്കികൾ നേരത്തെ ഈ വിസയിൽ യുഎസിൽ എത്തിയിരുന്നെങ്കിലും ഇനി അത് അത്രയ്ക്ക് എളുപ്പമാവില്ല.
'കോടതിയുടെ തീരുമാനത്തിൽ ഞങ്ങൾ നിരാശരാണ്. എച്ച്-1ബി വിസാ പ്രോഗ്രാം കോൺഗ്രസ് ഉദ്ദേശിച്ചത് പോലെ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ കൂടുതൽ നിയമപരമായ വഴികൾ തേടുകയാണ്," ചേംബറിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് കൗൺസലുമായ ഡാരിൽ ജോസെഫർ പറഞ്ഞു. യുഎസ് ബിസിനസുകൾക്ക് വളർച്ചയ്ക്ക് ആഗോള പ്രതിഭകളെ ആകർഷിക്കാൻ ഈ പദ്ധതി സഹായിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ആരോഗ്യ സംരക്ഷണം തുടങ്ങിയ പ്രത്യേക മേഖലകളിലെ വിദേശ തൊഴിലാളികളെ നിയമിക്കാനാണ് എച്ച്-1ബി പ്രോഗ്രാം തൊഴിൽ ദാതാക്കളെ സഹായിക്കുന്നത്. നിലവിൽ ഓരോ വർഷവും 65,000 വിസകളും, ഉന്നത ബിരുദമുള്ളവർക്ക് അധികമായി 20,000 വിസകളും നൽകുന്നുണ്ട്. ഈ ഫീസ് വർധനയ്ക്ക് മുമ്പ്, വിസയുമായി ബന്ധപ്പെട്ട ഫീസ് സാധാരണയായി 2000 ഡോളറിനും 5000 ഡോളറിനും ഇടയിലായിരുന്നു.
ഇപ്പോൾ അത് ഒരു ലക്ഷം ഡോളറായാണ് ഉയർത്തിയത്. ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം, ഈ തീരുമാനം വലിയ സ്വാധീനം ചെലുത്തുന്ന ഒന്നാണ്. എച്ച്-1ബി വിസകളിൽ പത്തിൽ ഏഴെണ്ണവും ഇന്ത്യൻ പ്രൊഫഷണലുകൾക്കാണ് ലഭിച്ചു വന്നിരുന്നത്. പുതിയ നിയമങ്ങൾ വന്നതോടെ എഞ്ചിനീയർമാർ, കോഡർമാർ, ശാസ്ത്രജ്ഞർ എന്നിവരുൾപ്പെടെ ആയിരക്കണക്കിന് ആളുകളുടെ യുഎസ് മോഹമാണ് ഇരുട്ടിലാവുന്നത്.












Click it and Unblock the Notifications