യുഎസ്-ഇറാൻ 60 ദിവസത്തെ വെടിനിർത്തൽ കരാർ അന്തിമ ഘട്ടത്തിൽ; ഇനി വേണ്ടത് ട്രംപിന്റെ അംഗീകാരം
ന്യൂയോർക്ക്: അമേരിക്കയും ഇറാനും തമ്മിൽ 60 ദിവസത്തെ വെടിനിർത്തൽ നീട്ടുന്നതിനുള്ള ഒരു കരാറിന് ധാരണയായതായി റിപ്പോർട്ട്. എന്നാൽ ഈ ധാരണാപത്രത്തിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അംഗീകാരം ഇനിയും ലഭിക്കേണ്ടതുണ്ട്. വെടിനിർത്തൽ കാലാവധി നീട്ടുന്നതിനും ഇറാനുമായുള്ള ആണവ പരിപാടികളെക്കുറിച്ച് ചർച്ചകൾ ആരംഭിക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായെന്ന് എഎഫ്‌പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ആക്‌സിയോസ് റിപ്പോർട്ട് പ്രകാരം, കരാറിന് ഇറാനും ഇതുവരെ പൂർണ്ണമായി സമ്മതം മൂളിയിട്ടില്ല എന്നതാണ് നിലവിലെ സാഹചര്യം. ഈ ചൊവ്വാഴ്‌ചയോടെ കരാറിന്റെ രൂപരേഖയിൽ മിക്കവാറും ധാരണയായിട്ടുണ്ട് എന്ന് റിപ്പോർട്ട് പറയുന്നു. എങ്കിലും, ഇരു വിഭാഗങ്ങളിലെയും ഉന്നത നേതൃത്വത്തിന്റെ അംഗീകാരം ഇപ്പോഴും ആവശ്യമാണ്.

കരാറിന്റെ വിശദാംശങ്ങൾ ട്രംപിനെ ധരിപ്പിച്ചിരുന്നുവെങ്കിലും, അദ്ദേഹം ഉടനടി അതിൽ ഒപ്പിടാൻ തയ്യാറായില്ല. ഇതിനെക്കുറിച്ച് ആലോചിക്കാൻ കുറച്ച് ദിവസങ്ങൾ വേണം എന്ന് ട്രംപ് പറഞ്ഞതായി ഒരു യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കരാറുമായി ബന്ധപ്പെട്ട ചില നിർണായക വിവരങ്ങൾ പുറത്തുവരികയും ചെയ്‌തിട്ടുണ്ട്.
അതിനിടെ യുഎസിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്നും ഇറാൻ 30 ദിവസത്തിനുള്ളിൽ കടലിടുക്കിലെ എല്ലാ മൈനുകളും നീക്കം ചെയ്യുമെന്നും സൂചനയുണ്ട്. കൂടാതെ, ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന് ഇറാൻ ഉറപ്പ് നൽകും. ഇതിന് പകരമായി, ഇറാനുമേലുള്ള ഉപരോധങ്ങൾ ലഘൂകരിക്കുന്നതും മരവിപ്പിച്ച ആസ്‌തികൾ തിരികെ നൽകുന്നതും അമേരിക്ക പരിഗണിക്കും.
അതേസമയം, ചർച്ചകളിൽ ഗണ്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് ഇറാനിയൻ പാർലമെന്റിലെ ദേശീയ സുരക്ഷാ, വിദേശകാര്യ കമ്മീഷൻ അംഗം ഫദാ ഹൊസൈൻ മലേകി പറഞ്ഞു. 'ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ്റെ ഭൂരിഭാഗം നിർദ്ദേശങ്ങളും സ്വീകരിക്കപ്പെട്ടു' എന്നാണ് മലേകി വ്യക്തമാക്കിയത്. വെടിനിർത്തൽ കരാറിനെ കുറിച്ചുള്ള വിവരങ്ങൾ വരുന്നതിനിടെയിലാണ് അദ്ദേഹത്തിന്റെ ഈ പ്രസ്‌താവന.
എങ്കിലും, ചർച്ചകളിലെ ഏക ആശങ്ക ട്രംപിന്റെ പ്രവചനാതീതമായ സ്വഭാവവും, അമേരിക്ക ഇതുവരെ പാലിക്കാത്ത വാഗ്‌ദാന ലംഘനങ്ങളുമാണ് എന്ന് ഈ നിയമനിർമ്മാതാവ് കൂട്ടിച്ചേർത്തു. വെടിനിർത്തൽ കരാറിൽ ഇരു കൂട്ടരും നേരത്തെ പരസ്‌പരം ആരോപണ-പ്രത്യാരോപണങ്ങൾ നടത്തിയിരുന്നു. എന്നാൽ നിലവിൽ നല്ല വാർത്ത കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ജനങ്ങൾ.
നിലവിൽ ഇരു കൂട്ടരും വെടിനിർത്തൽ കരാറിൽ ഒപ്പിടാൻ അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് കാര്യമായ സമ്മർദ്ദം നേരിടുന്നുണ്ട്. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്‌റ്റെഫാൻ ഡുജാറിക്, യുഎസും ഇറാനും തമ്മിൽ ധാരണാപത്രം സംബന്ധിച്ച റിപ്പോർട്ടുകളോട് പ്രതികരിച്ചു. എന്താണ് ഔദ്യോഗികമെന്നും എന്ത് അങ്ങനെ അല്ലെന്നും മനസ്സിലാക്കാൻ യുഎൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം വിശദീകരിച്ചു.
ഈ ആഴ്‌ച ഇരുരാജ്യങ്ങൾക്കുമിടയിലുണ്ടായ വെടിവെപ്പിൽ യുഎൻ വളരെ ആശങ്കയിലാണെന്ന് ഡുജാറിക് അറിയിച്ചു. ഇരു കൂട്ടരും പ്രഖ്യാപിച്ച വെടിനിർത്തൽ തുടരാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇരു രാജ്യങ്ങളുടെയും ഭരണ തലത്തിൽ നിന്നുള്ള അന്തിമ തീരുമാനം കാത്തിരിക്കുകയാണ് അന്താരാഷ്ട്ര സമൂഹം ഒന്നടങ്കം.












Click it and Unblock the Notifications