യുഎസ്-ഇറാൻ ഭിന്നത, ഹോർമുസ് കടലിടുക്ക് അടയ്ക്കും? യുഎഇ, സൗദി പൈപ്പ്‌ലൈനുകൾ പ്രയോജനപ്പെടുത്താൻ ഇന്ത്യ
ന്യൂഡൽഹി: ഇറാനും യുഎസും തമ്മിലുള്ള സംഘർഷങ്ങൾ വർധിച്ചുവരുന്നതിനാലും യുദ്ധഭീതി നിലനിൽക്കുന്നതിനാലും, ഇന്ത്യ തങ്ങളുടെ ഊർജ്ജ വിതരണങ്ങൾ സുരക്ഷിതമാക്കാനുള്ള വഴികൾ തേടുകയാണ്. ഇരു രാജ്യങ്ങളും ഒരു തരത്തിലും വിട്ടുവീഴ്‌ചയ്ക്ക് ഇല്ലെന്ന് ഉറപ്പായതോടെയാണ് ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി ഉൾപ്പെടെയുള്ളവ വലിയ ചോദ്യ ചിഹ്നമായി അടുത്തിടെ മാറിയത്.
ലോക ക്രൂഡ് ഓയിൽ നീക്കത്തിന്റെ 20 ശതമാനം നടക്കുന്ന ഹോർമുസ് കടലിടുക്ക് താൽക്കാലികമായി അടച്ചേക്കാമെന്ന് ഇറാൻ സൂചന നൽകിയതിന് പിന്നാലെ ആശങ്ക ഉയരുകയായിരുന്നു. ഇത് സൗദി അറേബ്യ, ഇറാഖ്, യുഎഇ, കുവൈറ്റ്, ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ, ദ്രവീകൃത പ്രകൃതി വാതക വിതരണത്തെ സാരമായി ബാധിക്കുമെന്നതാണ് കാരണം.

ഇന്ത്യയുടെ 90 ശതമാനം ക്രൂഡ് ആവശ്യകതയും (5.5 ദശലക്ഷം ബാരൽ) ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. ഇതിൽ തന്നെ 40 ശതമാനത്തിൽ അധികവും പശ്ചിമേഷ്യയിൽ നിന്ന് ഈ കടൽപാത വഴിയാണ് എത്തുന്നത്. അവിടെയാണ് ഇറാൻ നടത്തുന്ന ഈ നീക്കം ഇന്ത്യയ്ക്ക് വലിയ രീതിയിൽ ഇരുട്ടടിയാവുമെന്ന ആശങ്ക ഉയരുന്നത്.
ഇത്രയൊക്കെ ആണെങ്കിലും ഈ പ്രതിസന്ധിയെ മറികടക്കാൻ ഇന്ത്യ പോംവഴികൾ കണ്ടെത്തിയിട്ടുണ്ട്. ഹോർമുസ് അടച്ചാൽ, യുഎഇയുടെ 360 കിലോമീറ്റർ ഹബ്ഷാൻ-ഫുജൈറയും സൗദി അറേബ്യയുടെ 1,200 കിലോമീറ്റർ ഈസ്‌റ്റ്-വെസ്‌റ്റ് ക്രൂഡ് ഓയിൽ പൈപ്പ്‌ലൈനുകളും വഴി വിതരണം ഉറപ്പാക്കാൻ ഇന്ത്യ ശ്രമിക്കും. ഇവ ചെങ്കടൽ വഴി ലഭ്യമാക്കുമെന്നതാണ് കാര്യം.
അഡ്‌നോക് നിയന്ത്രിക്കുന്ന ഹബ്ഷാൻ-ഫുജൈറ പൈപ്പ്‌ലൈനിന് 1.5 ദശലക്ഷം ബാരൽ പ്രതിദിന ശേഷിയുണ്ട്. യുഎഇയുടെ 60 ശതമാനം എണ്ണ കയറ്റുമതിയും ഹോർമുസ് ഒഴിവാക്കി ഇതുവഴി നടത്താമെന്നതാണ് ആശ്വാസകരമായ കാര്യം. സൗദി അരാംകോയുടെ ഈസ്‌റ്റ്-വെസ്‌റ്റ് ക്രൂഡ് ഓയിൽ പൈപ്പ്‌ലൈനിന് (പെട്രോലൈൻ) ചെങ്കടലിലെ യാൻബു തുറമുഖം വഴി 5 ദശലക്ഷം ബാരലിലധികം എണ്ണ പ്രതിദിനം എത്തിക്കാൻ കഴിയും.
ഇത് സൗദിക്ക് ഹോർമുസ് ഒഴിവാക്കാനുള്ള ശേഷി നൽകുന്നു. റഷ്യയിൽ നിന്ന് ക്രൂഡ് വാങ്ങിയതിലെ ഇന്ത്യയുടെ വിഹിതം കുറഞ്ഞ സാഹചര്യത്തിലാണ് ഇത് നിർണായകമാവുന്നത്. സൗദിയിൽ നിന്നുള്ള ഇറക്കുമതി ആറ് വർഷത്തെ ഉയർന്ന നിലയിലെത്തിയിരിക്കുകയാണ് ഇപ്പോൾ. ഇന്ത്യ ക്രൂഡ് ഇറക്കുമതി വൈവിധ്യവൽക്കരിക്കുകയും 74 ദിവസത്തേക്ക് തന്ത്രപരമായ എണ്ണ ശേഖരം ഉറപ്പാക്കുകയും ചെയ്‌തിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇന്ത്യ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ആവശ്യകതയുടെ മൂന്നിലൊന്ന് വാങ്ങിയെങ്കിലും, സമീപകാല പ്രവണതകൾ കാണിക്കുന്നത് മോസ്കോയിൽ നിന്നുള്ള എണ്ണയുടെ വിഹിതം കുറയാൻ തുടങ്ങിയിട്ടുണ്ടെന്നാണ്. യുഎസിന്റെ കടുത്ത എതിർപ്പ് കണക്കിലെടുത്തും വ്യാപാര കരാറിലെ നിബന്ധനകൾ അനുസരിച്ചുമാണ് ഇന്ത്യ റഷ്യൻ എണ്ണ തഴയുന്നത്.
അതിനിടെ ക്രൂഡ് ലഭ്യതയേക്കാൾ, ആഗോള തലത്തിൽ അടുത്തിടെ ഉണ്ടായ വിലവർധനവാണ് പ്രധാന ആശങ്കയെന്ന് ഊർജ്ജ രംഗത്തെ വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു. ഒരു ബാരലിന് 10 ഡോളർ കൂടുമ്പോൾ, ഇന്ത്യയുടെ വാർഷിക ഇറക്കുമതി ചെലവ് 13-14 ബില്യൺ ഡോളർ വർധിക്കുമെന്നതാണ് ഇതിലെ കണക്കിന്റെ കളി. അതായത് ചെറിയ വില വർധന പോലും ഇന്ത്യയ്ക്ക് ഉണ്ടാക്കുക വലിയ നഷ്‍ടം ആയിരിക്കും.












Click it and Unblock the Notifications