'അമേരിക്കൻ മദ്യത്തിന് തീരുവ 150 ശതമാനം, കാർഷിക ഉത്പന്നങ്ങൾക്ക് 100 ശതമാനം'; ഇന്ത്യക്കെതിരെ യുഎസ്
ന്യൂയോർക്ക്: ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങൾ യുഎസിന് മേൽ ചുമത്തുന്ന തീരുവകളുടെ വിശദമായ കണക്കുകൾ പുറത്തുവിട്ട് വൈറ്റ് ഹൗസ്. തീരുവയുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്താരാഷ്ട്ര ആശങ്ക നിലനിൽക്കെയാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റ് പങ്കുവച്ച കുറിപ്പിൽ ഇന്ത്യയിൽ അമേരിക്കൻ മദ്യത്തിനും കാർഷിക ഉത്പന്നങ്ങൾക്കും ചുമത്തുന്ന അധിക നികുതിയെ കുറിച്ചുള്ള പരാമർശമുള്ളത്.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരസ്‌പര സഹകരണത്തിൽ വിശ്വസിക്കുന്നുണ്ടെന്നും ന്യായവും സന്തുലിതവുമായ വ്യാപാര രീതികൾ ആഗ്രഹിക്കുന്നുണ്ടെന്നും കരോളിൻ പറഞ്ഞു. കാനഡയെ രൂക്ഷമായി വിമർശിച്ച അവർ പതിറ്റാണ്ടുകളായി അമേരിക്കയേയും കഠിനാധ്വാനികളായ അമേരിക്കക്കാരെയും കൊള്ളയടിച്ചു കൊണ്ടിരിക്കുകയാണ് അവരെന്നും കരോളിൻ ആരോപിച്ചു.

'കാനഡ പതിറ്റാണ്ടുകളായി അമേരിക്കയെയും കഠിനാധ്വാനികളായ അമേരിക്കക്കാരെയും കൊള്ളയടിച്ചു കൊണ്ടിരിക്കുകയാണെന്ന വസ്‌തുതയോട് പ്രസിഡന്റ് വീണ്ടും പ്രതികരിക്കുന്നു. കാനഡക്കാർ അമേരിക്കൻ ജനതയ്ക്കും ഇവിടുത്തെ തൊഴിലാളികൾക്കും മേൽ അടിച്ചേൽപ്പിക്കുന്ന തീരുവ നിരക്കുകൾ നോക്കുകയാണെങ്കിൽ, അത് വളരെ മോശമാണ്' വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ചൂണ്ടിക്കാട്ടി.
തുടർന്നാണ് വിവിധ യുഎസ് ഉൽപ്പന്നങ്ങൾക്ക് ഇന്ത്യയും ജപ്പാനും ചുമത്തിയ തീരുവകൾ അവർ എടുത്തുപറഞ്ഞത്. നിലവിലെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കൻ ബിസിനസ്, തൊഴിലാളി താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്നുവെന്ന് കരോളിൻ വാർത്താ സമ്മേളനത്തിൽ ആവർത്തിച്ചു പറഞ്ഞു.
'നിങ്ങൾ ഇന്ത്യയിലേക്ക് നോക്കൂ, അമേരിക്കൻ മദ്യത്തിന് 150 ശതമാനം തീരുവ അവർ ഏർപ്പെടുത്തി. കെന്റക്കി ബർബൺ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാൻ ഇത് സഹായിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? എനിക്ക് അങ്ങനെ തോന്നുന്നില്ല. ഇന്ത്യയിലേക്കുള്ള കാർഷിക ഉൽപ്പന്നങ്ങൾക്കും 100 ശതമാനം തീരുവ ഏർപ്പെടുത്തി' അവർ കണക്കുകൾ സഹിതം എടുത്തുപറഞ്ഞു.
ഉയർന്ന തീരുവ നിരക്കുകൾ കാരണം ഇന്ത്യയുമായുള്ള വ്യാപാരം വളരെ ബുദ്ധിമുട്ടാണെന്ന് ഇന്ത്യയുടെ താരിഫുകളെക്കുറിച്ച് ട്രംപ് അടുത്തിടെ പരാമർശിച്ചിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം ഇന്ത്യ തങ്ങളുടെ തീരുവ കുറയ്ക്കാൻ സമ്മതിച്ചിട്ടുണ്ടെന്നും ഇത് അവരുടെ വ്യാപാര രീതികളുടെ വർധിച്ച സൂക്ഷ്‌മ പരിശോധന മൂലമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
എന്നാൽ ട്രംപിന്റെ ഈ പ്രസ്‌താവനയെ തള്ളുന്നതാണ് ഏറ്റവും ഒടുവിൽ ഇന്ത്യ പങ്കുവച്ച നിലപാട്. കഴിഞ്ഞ ദിവസം വിഷയത്തിൽ പാർലമെന്ററി കമ്മിറ്റിക്ക് മുൻപിൽ വിശദീകരണം നൽകിയ വാണിജ്യ സെക്രട്ടറി ഇത്തരത്തിൽ ഒരു ധാരണയിലും എത്തിയിട്ടില്ലെന്നും ഇന്ത്യയും യുഎസുമായി ഇക്കാര്യത്തിൽ ചർച്ച നടക്കുകയാണെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി തന്നെ ഇന്ത്യയുടെ ഉയർന്ന നിരക്കുകൾ തുറന്നുകാട്ടി രംഗത്ത് വന്നിരിക്കുകയാണ്.












Click it and Unblock the Notifications