കമല ഹാരിസിന് ഇസൈ പുയലിന്റെ പിന്തുണ; വെർച്വൽ ഷോയുമായി എആർ റഹ്മാൻ, വോട്ടർമാരെ സ്വാധീനിക്കുമോ?
ന്യൂയോർക്ക്: നവംബറിൽ നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ ഇന്ത്യൻ വംശജ കമല ഹാരിസിന് പിന്തുണയുമായി സാക്ഷാൽ എആർ റഹ്മാൻ. അക്കാദമി അവാർഡ് ഉൾപ്പെടെ നേടിയിട്ടുള്ള റഹ്മാൻ കമലയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് 30 മിനിറ്റ് ദൈർഘ്യമുള്ള വിർച്വൽ കൺസേർട്ട് റെക്കോർഡ് ചെയ്‌തു കഴിഞ്ഞു. അത് ഞായറാഴ്‌ച രാത്രി എട്ട് മണിക്ക് (അമേരിക്കൻ പ്രാദേശിക സമയം) പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്.
കമല ഹാരിസിന് പിന്തുണയുമായി എത്തുന്ന ആദ്യ പ്രമുഖ സൗത്ത് ഏഷ്യൻ കാലാകാരന്മാരിൽ ഒരാൾ കൂടിയാണ് റഹ്മാൻ. ഏഷ്യൻ അമേരിക്കൻ ആൻഡ് പസഫിക് ഐലൻഡർ (എഎപിഐ) വിക്‌ടറി ഫണ്ട് എന്ന സംഘടനയുടെ പേജിലൂടെയാവും ഈ പരിപാടി പുറത്തുവിടുക. അമേരിക്കയുടെ മുന്നേറ്റത്തിന് ശബ്‌ദം പകരുകയാണ് റഹ്മാൻ ചെയ്യുന്നതെന്നായിരുന്നു സംഘടനയുടെ ഭാരവാഹികൾ അറിയിച്ചത്.

നിലവിൽ കമല ഹാരിസിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് കാര്യമായ സംഭാവനകൾ നൽകുകയും സഹായങ്ങൾ ചെയ്യുകയും ചെയ്യുന്ന സംഘടനകളിൽ ഒന്നാണ് എഎപിഐ. അവർ തന്നെയാണ് റഹ്മാന്റെ പിന്തുണയെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചതും. വിവിധ സൗത്ത് ഏഷ്യൻ ചാനലുകളിൽ ഉൾപ്പെടെ ഈ പരിപാടി സംപ്രേഷണം ചെയ്യുമെന്നാണ് അവർ അറിയിച്ചിട്ടുള്ളത്.
മുപ്പത് മിനിറ്റ് വിർച്വൽ ഷോയിൽ കമല ഹാരിസിന്റെ സ്ഥാനാർത്ഥിത്വത്തെ കുറിച്ചും എഎപിഐ സംഘടനയുമായുള്ള ബന്ധത്തെ കുറിച്ചുമൊക്കെ റഹ്മാൻ സംസാരിക്കുമെന്നാണ് സൂചന. ഇതിൽ റഹ്മാൻ ഒരുക്കിയ ജനപ്രിയ ഗാനങ്ങളുടെ ഒരു നിര തന്നെ ആസ്വാദകരെ കാത്തിരിക്കുന്നുണ്ട്. വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
വോട്ടർമാരെ സ്വാധീനിക്കുമോ ഇസൈ പുയൽ?
അമേരിക്കയിലെ ഏറ്റവും സ്വാധീനമുള്ള വോട്ടർമാരുടെ വിഭാഗമാണ് ഇവിടുത്തെ ഇന്ത്യൻ സമൂഹം. അവരെ ലക്ഷ്യമിട്ടാണ് എആർ റഹ്മാനെ കൂടി പ്രചരണത്തിന്റെ ഭാഗമാക്കാൻ കമല ഹാരിസ് പക്ഷം ശ്രമിക്കുന്നത്. കൂടാതെ കമലയുടെ തമിഴ് വേരുകളും ഇതിനെ സ്വാധീനിക്കുന്ന ഘടകമാണെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസം ഈ വിർച്വൽ ഷോയുടെ റെക്കോർഡിംഗ് കഴിഞ്ഞുവെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നവംബർ അഞ്ചിനാണ് യുഎസിൽ നിർണായകമായ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡൊണാൾഡ് ട്രംപിനെയാണ് കമല ഹാരിസിന് ഇക്കുറി നേരിടാനുള്ളത്. എന്നാൽ ഇന്ത്യൻ-ആഫ്രിക്കൻ വിഭാഗങ്ങൾക്ക് ഇടയിൽ കമലയ്ക്ക് തന്നെയാണ് മുൻതൂക്കമെന്ന് വിവിധ സർവേകൾ സൂചിപ്പിക്കുന്നു. ഈ റിപ്പോർട്ടുകൾക്ക് ഇടയിലാണ് റഹ്മാനെ പോലെ ലോകം ആദരിക്കുന്ന ഒരു കലാകാരൻ പ്രചരണത്തിന്റെ ഭാഗമാവുന്നത്.
ഇത് തങ്ങൾക്ക് ഗുണമാവുമെന്ന് തന്നെയാണ് കമല ഹാരിസ് പക്ഷം കണക്ക് കൂട്ടുന്നത്. റഹ്മാന്റെ ചുവടുപിടിച്ച് കൂടുതൽ കലാകാരൻമാർ കമലയ്ക്ക് പിന്തുണ അറിയിച്ചു കൊണ്ട് രംഗത്ത് വരുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. തിരഞ്ഞെടുപ്പിന് ഒരു മാസത്തിൽ താഴെ മാത്രം ശേഷിക്കെ ഇനിയുള്ള ഓരോ നീക്കങ്ങളും ഇരു കക്ഷികൾക്കും ഒരുപോലെ നിർണായകമാണ്.












Click it and Unblock the Notifications