കമല ഹാരിസിനോട് സംവാദത്തിന് ഇല്ലെന്ന് ഡൊണാൾഡ് ട്രംപ്; ആ തീരുമാനം വന്നിട്ട് നോക്കാമെന്ന് മറുപടി
ന്യൂയോർക്ക്: മുൻ യുഎസ് പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ് ഡെമോക്രാറ്റിക് പാർട്ടി എതിരാളിയായ വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായി സംവാദത്തിൽ ഏർപ്പെടാൻ തയ്യാറല്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. അതിന്റെ കാരണവും ട്രംപ് വ്യക്തമാക്കുന്നുണ്ട്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്ന വേളയിലാണ് ട്രംപിന്റെ പ്രഖ്യാപനം.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് വേണ്ടി കമല ഹാരിസ് കളത്തിൽ ഇറങ്ങുമെന്നാണ് പരക്കെയുള്ള സംസാരം. എന്നാൽ കമലയുടെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ച ശേഷം മതി സംവാദം എന്ന നിലപാടാണ് ട്രംപ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം വരുംവരെ കാത്തിരിക്കാനാണ് ട്രംപിന്റെ തീരുമാനം.

സെപ്റ്റംബർ പത്തിന് നിശ്ചയിച്ച സംവാദത്തിന് താൻ ഒരുക്കമാണെന്ന് കമല ഹാരിസ് നേരത്തെ അറിയിച്ചിരുന്നു. വോട്ടർമാർ ഇത് കാണാൻ അർഹരാണെന്നും കമല പറഞ്ഞിരുന്നു. എന്നാൽ ട്രംപ് താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് മുൻ അമേരിക്കൻ പ്രസിഡന്റ് കൂടിയായ ഡൊണാൾഡ് ട്രംപ് തന്റെ നിലപാട് വിശദീകരിച്ചത്.
ഈ മാസം ആദ്യം മിൽവാക്കിയിൽ നടന്ന പാർട്ടി കൺവെൻഷനിൽ റിപ്പബ്ലിക്കൻ നോമിനിയായി ഔദ്യോഗികമായി പ്രഖ്യാപിച്ച ട്രംപ്, തന്റെ എതിരാളിയെ അറിയാൻ ഡെമോക്രാറ്റുകളുടെ ഔദ്യോഗിക തീരുമാനത്തിനായി കാത്തിരിക്കുകയാണ്. ഓഗസ്‌റ്റിൽ ചിക്കാഗോയിൽ നടക്കുന്ന പാർട്ടി കൺവെൻഷനിൽ കമല ഹാരിസിനെ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
ട്രംപും ബൈഡനും രണ്ട് സംവാദങ്ങൾക്കാണ് തീരുമാനിച്ചിരുന്നത്. ഒരെണ്ണം ജൂൺ 27നും മറ്റൊന്ന് സെപ്റ്റംബർ 10നും. ഇതിൽ ജൂണിൽ നടന്ന സംവാദമാണ് ജോ ബൈഡനെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പോലും മാറ്റാനുള്ള മൂലകാരണമായത്. ഈ സംവാദത്തിൽ മോശം പ്രകടനം നടത്തിയതോടെയാണ് ബൈഡനെതിരെ സ്വന്തം പാർട്ടിയിൽ നിന്ന് പോലും എതിർപ്പുയർന്നത്.
പ്രായാധിക്യവും മറ്റ് അവശതകളും പൂർണമായും സംവാദത്തിൽ പ്രകടമായിരുന്നു എന്ന അഭിപ്രായവും ഉയർന്നിരുന്നു. ഒടുവിൽ കഴിഞ്ഞ ദിവസമാണ് ബൈഡൻ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. നിലവിലെ സാഹചര്യത്തിൽ ബൈഡന്റെ പിൻഗാമിയായി വൈസ് പ്രസിഡന്റ് ആയിരുന്ന കമല ഹാരിസ് തന്നെ എത്താനാണ് സാധ്യത.
എങ്കിലും കമലയ്ക്ക് മുന്നിൽ ഇപ്പോഴും വെല്ലുവിളികൾ ഏറെയാണ്. മുൻ പ്രസിഡന്റ് കൂടിയായ ഡെമോക്രാറ്റിക് പാർട്ടിയിലെ ഏറ്റവും ശക്തൻ കൂടിയായ ബരാക്ക് ഒബാമയ്ക്ക് കമല മത്സരിക്കുന്നതിനോട് യോജിപ്പില്ലെന്നാണ് പുതിയ വിവരം. കൂടാതെ മിഷേൽ ഒബാമയെ രംഗത്തിറക്കണമെന്ന ചില ആവശ്യങ്ങളും ഉയരുന്നുണ്ട്. എങ്കിലും ജോ ബൈഡന്റെ പിന്തുണ കമല ഹാരിസിന് തന്നെയായിരിക്കും എന്ന കാര്യം അദ്ദേഹത്തിന്റെ വാക്കുകളിൽ വ്യക്തമാണ്.












Click it and Unblock the Notifications