Get Updates
Get notified of breaking news, exclusive insights, and must-see stories!

കമല ഹാരിസ് ട്രംപിന് ഒരുപടി മുന്നിൽ തന്നെ; പുതിയ സർവേ ഫലവും അനുകൂലം, ഇന്ന് നിർണായക കൺവെൻഷൻ

ന്യൂയോർക്ക്: വരാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുഎസ് വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമല ഹാരിസിന്റെ മേൽക്കൈ പ്രകടമാക്കുന്ന മറ്റൊരു സർവേ ഫലം കൂടി പുറത്ത്. ഏറ്റവും ഒടുവിൽ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം കമലയ്ക്ക് മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ എതിരാളിയുമായ ഡൊണാൾഡ് ട്രംപിന് മേൽ നേരിയ മുൻ‌തൂക്കം ഇപ്പോഴും ഉണ്ടെന്ന് തന്നെയാണ് വാഷിംഗ്‌ടൺ പോസ്‌റ്റ്-എബിസി ന്യൂസ് സർവേ വ്യക്തമാക്കുന്നത്.

കേവലം നാല് പോയിന്റ് മുൻതൂക്കമാണ് സർവേ പറയുന്നതെങ്കിലും ഇതിന് കൃത്യമായ രാഷ്ട്രീയ പ്രാധാന്യമുണ്ട് എന്നതാണ് കാര്യം. കാരണം നേരത്തെ ജോ ബൈഡൻ മത്സരിക്കുമെന്ന് കരുതിയിരുന്ന സമയത്ത്, അതായത് ഒരു മാസം മുൻപ് വരെ ഇരുവരും തമ്മിൽ കടുത്ത പോരാട്ടമാണെന്ന നിലയിലായിരുന്നു സർവേകൾ പറഞ്ഞിരുന്നത്. അവിടെ നിന്നാണ് കമലയുടെ നേതൃത്വത്തിൽ ഡെമോക്രാറ്റുകൾ മികച്ച മുന്നേറ്റം തുടർച്ചയായി ഉണ്ടാക്കി എടുക്കുന്നത്.

trumpandkamalaelectionsuarvey

ഇന്ന് രാത്രി മുതൽ ആരംഭിക്കുന്ന ഡെമോക്രാറ്റിക് പാർട്ടിയുടെ ദേശീയ കൺവെൻഷന് മുന്നോടിയായി വന്ന സർവേ ഫലം കമലയ്ക്ക് കൂടുതൽ മൈലേജ് നൽകുമെന്നാണ് വിലയിരുത്തൽ. ഈ കൺവെൻഷനിൽ വച്ചാവും ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥിയായി കമല ഹാരിസ് തന്റെ നാമനിർദ്ദേശം ഔദ്യോഗികമായി സ്വീകരിക്കുക എന്നാണ് സൂചന. അതിന് മുൻപ് തന്നെ സർവേ ഫലം വന്നത് കമലയ്ക്ക് ഗുണം ചെയ്യുമെന്ന് ഉറപ്പാണ്.

കമല ഹാരിസ് 49 ശതമാനം വോട്ടോടെ ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ ട്രംപ് 45 ശതമാനവുമായി ഒട്ടും പിന്നിലല്ലെന്ന് സർവേ കണക്കുകൾ വ്യക്തമാക്കുന്നു. മൂന്നാം കക്ഷികളുടെ സ്ഥാനാർത്ഥികളെ കൂടി ഉൾപ്പെടുത്തിയാൽ, കമല ഹാരിസ് 47 ശതമാനവും ട്രംപിന് 44 ശതമാനവും റോബർട്ട് എഫ് കെന്നഡി ജൂനിയർ 5 ശതമാനവും പിന്തുണയാണ് നേടിയതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

ജൂലൈയിൽ ട്രംപ് 43 ശതമാനവും ബൈഡൻ 42 ശതമാനവും കെന്നഡി 9 ശതമാനവും പിന്തുണയോടെ നിന്നിരുന്ന സ്ഥാനത്താണ് കമലയുടെ മുന്നേറ്റം. അതേസമയം, പുതിയ സർവേ കമല ഹാരിസിന് മുൻ‌തൂക്കം നൽകുന്ന സാഹചര്യത്തിൽ നവംബറിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് കൂടുതൽ ശക്തമായ പോരാട്ടത്തിന് തന്നെ സാക്ഷ്യം വഹിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

മിഷിഗൺ, പെൻസിൽവാനിയ, വിസ്‌കോൺസിൻ, നോർത്ത് കരോലിന, ജോർജിയ, അരിസോണ, നെവാഡ എന്നീ ഏഴ് സംസ്ഥാനങ്ങളാവും തിരഞ്ഞെടുപ്പിൽ നിർണായകമാവുക. ഇവിടെ മുന്നേറ്റം നടത്തുന്നയാൾക്ക് തിരഞ്ഞെടുപ്പ് വിജയം അവകാശപ്പെടാൻ കഴിഞ്ഞേക്കും. മറ്റ് സർവേകളിൽ ഭൂരിഭാഗവും ഈ സംസ്ഥാനങ്ങളിൽ കമല ഹാരിസിന് മേൽക്കൈ ഉണ്ടെന്നാണ് പറയുന്നത്.

ജോ ബൈഡൻ മത്സരിക്കുമെന്ന് കരുതിയ സമയത്ത് ഉള്ളതിനേക്കാൾ മികച്ച നിലയാണ് ഇപ്പോൾ ഡെമോക്രാറ്റുകൾക്ക് ഉള്ളതെന്നാണ് വിവരം. പ്രായക്കൂടുതലും ട്രംപിനൊപ്പം പങ്കെടുത്ത സംവാദത്തിലും മോശം പ്രകടനവും ഒക്കെ കാരണം മത്സര രംഗത്ത് നിന്ന് ബൈഡൻ പിന്മാറിയിട്ട് ഒരു മാസം തികയും മുൻപാണ് കമല ഹാരിസിന്റെ മികച്ച പ്രകടനം ചർച്ചയാവുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+