മൂന്ന് സുപ്രധാന ഇടങ്ങളിൽ കമല ഹാരിസ് ട്രംപിനെ മറികടന്നു; പുതിയ സർവേ ഫലത്തിൽ പ്രകടമായ മുന്നേറ്റം
ന്യൂയോർക്ക്: വരാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ നേർക്കുനേർ ഏറ്റുമുട്ടുന്ന ഡൊണാൾഡ് ട്രംപിനും കമല ഹാരിസിനും ഒരുപോലെ നിർണായകമായ സർവേ ഫലം പുറത്ത്. പുതിയ സർവേ പ്രകാരം മൂന്ന് കടുത്ത പോരാട്ടം നടക്കുന്ന സംസ്ഥാനങ്ങളിൽ കഴിഞ്ഞ ഒരു വർഷമായി ഡൊണാൾഡ് ട്രംപിന് ഉണ്ടായിരുന്ന മേൽക്കൈ തകർത്തെറിഞ്ഞു കൊണ്ട് കമല ഹാരിസ് മുന്നേറ്റം നടത്തിയിരിക്കുകയാണ്.
ന്യൂയോർക്ക് ടൈംസും സിയാന കോളേജും നടത്തിയ വോട്ടർമാരുടെ അഭിപ്രായ സർവേ പ്രകാരം മിഷിഗൺ, പെൻസിൽവാനിയ, വിസ്കോൺസിൻ എന്നിവിടങ്ങളിൽ കമല ഹാരിസ് 50 ശതമാനം വോട്ടുമായി ട്രംപിന്റെ 46 ശതമാനം വോട്ട് ശതമാനത്തിനെതിരെ മുന്നിട്ട് നിൽക്കുകയാണ്. യുഎസ് ഇലക്‌ട്രൽ കോളേജ് വോട്ടിംഗ് സമ്പ്രദായത്തിൽ എറെ പ്രാധാന്യമുള്ള മൂന്ന് സംസ്ഥാനങ്ങളാണ് ഇവ മൂന്നുമെന്നതാണ് പ്രത്യേകത.

നേരത്തെ കമല ഹാരിസിന് മുൻപ് നിലവിലെ പ്രസിഡന്റും തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയാവുമെന്ന് കരുതുകയും ചെയ്‌ത ജോ ബൈഡനുമായി ഡൊണാൾഡ് ട്രംപ് ഈ സംസ്ഥാനങ്ങളിൽ സമനില പാലിക്കുകയോ മുന്നിട്ട് നിൽക്കുകയോ ചെയ്‌തിരുന്നു. എന്നാൽ അതിന് വിപരീതമായാണ് പുതിയ സർവേ ഫലം പുറത്ത് വന്നിരിക്കുന്നത്.
നവംബർ 5ന് നടക്കുന്ന തിരഞ്ഞെടുപ്പിന് ഏകദേശം മൂന്ന് മാസത്തോളം ശേഷിക്കെ പലതും മാറി മറിഞ്ഞേക്കാം. സമ്പദ്‌വ്യവസ്ഥയുടെയും കുടിയേറ്റത്തിന്റെയും പ്രധാന വിഷയങ്ങളിൽ വോട്ടർമാർ ഇപ്പോഴും ട്രംപിനെ കൂടുതലായി പിന്തുണയ്ക്കുന്നു എന്നത് പ്രത്യേകം കണക്കിലെടുക്കേണ്ടതുണ്ട്. എന്നാൽ മറ്റ് ചില വിഷയങ്ങളിൽ കമല ഹാരിസിനും പിന്തുണയുണ്ട്.
81കാരനായ ജോ ബൈഡന്റെ പിന്മാറ്റത്തോടെ ഡെമോക്രാറ്റിക് ക്യാമ്പ് ഒന്ന് കൂടി ഊർജസ്വലത കാണിക്കുന്നുണ്ട്. കമല ഹാരിസിനെ പാർട്ടി നേതാക്കളും അണികളും ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ട്രംപുമായി നടത്തിയ സംവാദത്തിൽ മോശം പ്രകടനവും പ്രായാധിക്യവും ഉൾപ്പെടെയാണ് ബൈഡന് തിരിച്ചടിയായത്.
ഇതിന് പിന്നാലെയാണ് ഇന്ത്യൻ വംശജ കൂടിയായ കമല ഹാരിസിനെ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായി നിശ്ചയിച്ചത്. ബൈഡനെതിരെ കൃത്യമായ മുൻതൂക്കം പുലർത്തിയിരുന്ന ട്രംപിന് പക്ഷേ കമലയുടെ വരവ് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഏറ്റവും ഒടുവിൽ വന്നിരിക്കുന്ന സർവേ ഫലങ്ങൾ പോലും.
ഓരോ സംസ്ഥാനത്തെയും കുറഞ്ഞത് 600 വോട്ടർമാരുമായി ഓഗസ്‌റ്റ് 5നും 9നും ഇടയിലുള്ള കാലയളവിലാണ് സർവേകൾ നടത്തിയത്. നിലവിലെ മുന്നേറ്റം ഡെമോക്രാറ്റിക് പാർട്ടിക്കും കമല ഹാരിസിനും നൽകുന്ന പ്രതീക്ഷ ചെറുതായിരിക്കില്ല. എങ്കിലും വോട്ടെടുപ്പിന് മൂന്ന് മാസത്തോളം ശേഷിക്കെ കരുതലോടെ തന്നെയാവും അവർ രംഗത്ത് ഇറങ്ങുക.












Click it and Unblock the Notifications