യുഎസിൽ ഒരു വനിതാ സ്ഥാനാർത്ഥിയും ജയിക്കില്ലേ? കമലയുടെ തോൽവിയുടെ കാരണങ്ങൾ ഇവയൊക്കെ
ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരം നടക്കുമെന്ന മുൻവിധികൾ എല്ലാം തന്നെ വെറുതെയാക്കി കൊണ്ടാണ് മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ് അധികാരത്തിലേറുന്നത്. ഏറെക്കുറെ ഏകപക്ഷീയമെന്ന് തന്നെ വിളിക്കാവുന്ന ഫലങ്ങളാണ് ആദ്യഘട്ടത്തിൽ പുറത്തുവരുന്നത്. ട്രംപ് ഇപ്പോൾ തന്നെ കേവല ഭൂരിപക്ഷത്തിന്റെ നമ്പറായ 270 മറികടന്നു കഴിഞ്ഞു.
ശക്തമായ മത്സരം നടക്കുമെന്ന് കരുതിയ സ്വിങ് സ്‌റ്റേറ്റുകളിൽ പോലും ഡൊണാൾഡ് ട്രംപിന് അനുകൂലമായ തരംഗമാണ് നിലവിലുണ്ടായിരുന്നത്. ഏഴ് സംസ്ഥാനങ്ങളിലും കമലയ്ക്ക് പൊരുതി നിൽക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ഇതോടെ ഡെമോക്രാറ്റുകൾ ആകെ ആശങ്കയിലാണ്. എന്തൊക്കെയാണ് ഇക്കുറി കമലയ്ക്ക് തിരിച്ചടിയായി നിർണായക ഘടകങ്ങൾ എന്ന് നമുക്ക് പരിശോധിക്കാം.

വനിതകളെ ജയിപ്പിക്കാത്ത യുഎസ് പാരമ്പര്യം
ഇക്കുറി തിരഞ്ഞെടുപ്പിൽ ജയിച്ചിരുന്നെങ്കിൽ യുഎസിലെ ആദ്യ വനിതാ പ്രസിഡന്റ് എന്ന നേട്ടമായിരുന്നു കമല ഹാരിസിന് ലഭിക്കേണ്ടിയിരുന്നത്. സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചിട്ട് ഏകദേശം ഒരു നൂറ്റാണ്ട് പിന്നിട്ടെങ്കിലും ഇപ്പോഴും യുഎസിന് ഒരു വനിതാ പ്രസിഡന്റ് സ്വപ്‌നം മാത്രമാണ്. ചരിത്രത്തിൽ ഒരിക്കൽ മാത്രമാണ് രാജ്യത്ത് ഒരു കറുത്ത വർഗക്കാരൻ പ്രസിഡന്റ് ആയതെങ്കിൽ വനിതകൾ ഇതുവരെ ആ സ്ഥാനം അലങ്കരിച്ചിട്ടില്ല. ഈ ചരിത്രം തന്നെയാണ് കമല ഹാരിസിനെയും തോൽവിയിലേക്ക് നയിച്ചത്.
സ്വിങ് സ്‌റ്റേറ്റുകൾ ട്രംപിന് മുന്നിൽ കീഴടങ്ങി
ഇത്തവണ ഏഴ് സ്വിങ് സ്‌റ്റേറ്റുകളിലും കടുത്ത മത്സരമാണ് പ്രതീക്ഷിച്ചത്. എന്നാൽ ഭരണകക്ഷിയിലെ പെട്ട ആളായിരുന്നിട്ടും നിലവിലെ വൈസ് പ്രസിഡന്റ് ആയിരുന്നിട്ടും കമലയ്ക്ക് ഇവിടങ്ങളിൽ ഒരു നേട്ടവും ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല ബൈഡൻ നേടിയ വോട്ട് പോലും നേടാൻ അവർക്ക് കഴിഞ്ഞില്ലെന്നതാണ് പ്രധാനമായും തിരിച്ചടിയായത്. ഇവിടെ ശക്തമായ ട്രംപ് തരംഗം ഉണ്ടായി എന്നതാണ് യാഥാർഥ്യം.
ന്യൂനപക്ഷങ്ങളിൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞില്ല
രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഇടയിൽ ശക്തമായ സ്വാധീനം ചെലുത്താൻ ഡൊണാൾഡ് ട്രംപിന് കഴിഞ്ഞെങ്കിലും കമലയ്ക്ക് അത് സാധിച്ചിരുന്നില്ല. ട്രംപിന്റെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അടുപ്പം തന്നെ ഇതിന് ഉദാഹരണമാണ്. അറബ് അമേരിക്കൻ, ആഫ്രിക്കൻ അമേരിക്കൻ വിഭാഗങ്ങൾക്ക് ഇടയിലും സ്വാധീനം ചെലുത്താൻ ട്രംപിന് കഴിഞ്ഞു. അവിടെയും കമല പിന്നിലേക്ക് പോയെന്നതാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.
നവ മാധ്യമങ്ങളുടെ ഉദയം
മുഖ്യധാര മാധ്യമങ്ങൾക്ക് പുറമേ നവ മാധ്യമങ്ങളുടെ വരവ് നിലവിലെ തിരഞ്ഞെടുപ്പ് പ്രക്രിയയെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. ഇലോൺ മസ്‌കിന്റെ എക്‌സ് പോലെയുള്ള പ്ലാറ്റ്‌ഫോമുകൾ ട്രംപിന് കൂടുതലായി പിന്തുണ നൽകുന്നതും നാം കണ്ടതാണ്. ഇത്തരം നവ മാധ്യമങ്ങളിലൂടെ കൃത്യമായ പ്രചാരണം നടത്തിയതും ട്രംപിന്റെ വിജയത്തിലേക്ക് നയിച്ച ഘടകവും കമലയുടെ പിന്നോട്ട് പോക്കിനും കാരണമാണ്.
കമലയുടെ സ്ഥാനാർത്ഥിത്വത്തിൽ ഉയർന്ന ചോദ്യങ്ങൾ
നേരത്തെ പ്രസിഡന്റ് ജോ ബൈഡൻ പിന്മാറിയ ശേഷമാണ് കമല ഹാരിസിനെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചത്. എന്നാൽ ഇത് ഒരിക്കലും ഇലക്ട്രൽ പിന്തുണ ,മൂലമല്ലെന്നും മറ്റ് ചില കാരണങ്ങളാൽ ആണെന്നുമുള്ള പ്രചാരണം അഴിച്ചുവിട്ടതോടെ അത് കമലയ്ക്ക് തിരിച്ചടിയായി. വൈസ് പ്രസിഡന്റ് വരെ എത്തി നിൽക്കുന്ന തന്റെ നേട്ടങ്ങളുടെ വലുപ്പം ഉയർത്തിക്കാട്ടാനും കറുത്ത വർഗക്കാരിയായ സ്ത്രീകളുടെ മുന്നേറ്റത്തിന് കൃത്യമായ പിന്തുണ ഉറപ്പാക്കാനും ഡെമോക്രാറ്റുകൾക്കും കമല ഹാരിസിനും കഴിഞ്ഞില്ല.












Click it and Unblock the Notifications