ഇന്ത്യൻ-അമേരിക്കൻ വോട്ടർമാർക്ക് പ്രിയം കമല ഹാരിസിനെ തന്നെ; തിരഞ്ഞെടുപ്പ് ഫലത്തിൽ നിർണായകമാവുമോ?
ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണ്. കേവലം നാല് നാളുകൾ മാത്രമാണ് ഇനി വോട്ടെടുപ്പിന് ശേഷിക്കുന്നത്. ഡെമോക്രാറ്റിക് പാർട്ടിക്ക് വേണ്ടി കളത്തിൽ ഇറങ്ങുന്നത് നിലവിലെ വൈസ് പ്രസിഡന്റായ കമല ഹാരിസാണ്. മറുവശത്ത് ഗ്രാൻഡ് ഓൾഡ് പാർട്ടി അഥവാ റിപ്പബ്ലിക്കൻ പാർട്ടിക്ക് വേണ്ടി ഇത്തവണയും മത്സരിക്കുന്നത് മുൻ പ്രസിഡന്റ് കൂടിയായ ഡൊണാൾഡ് ട്രംപാണ്.
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന് ഇത് തുടർച്ചയായ മൂന്നാം ഊഴമാണെങ്കിൽ ഈ പദവിയിലേക്ക് കമല മത്സരിക്കുന്നത് നടാടെയാണ്. വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആര് ജയിക്കുമെന്നുള്ള ചർച്ചകൾ വിവിധ തലങ്ങളിൽ സജീവമാണ്. അതിനൊപ്പം വിവിധ ഏജൻസികളുടെ സർവേകളും പ്രവചനങ്ങളുമായി രംഗത്തുണ്ട്.

ഇക്കുറി തിരഞ്ഞെടുപ്പിൽ നിർണായകവുമാവുന്ന ഒട്ടേറെ ഘടകങ്ങളാണ് യുഎസിലെ ജനതയ്ക്ക് മുന്നിലുള്ളത്. അവർ അത് കൃത്യമായി പരിഗണിച്ച ശേഷം മാത്രമേ വോട്ട് രേഖപ്പെടുത്തൂ എന്നുറപ്പാണ്. എന്നാൽ അമേരിക്കയിലെ വലിയൊരു വിഭാഗം വോട്ട് വിഹിതവും സംഭാവന നൽകുന്ന ഇന്ത്യൻ-അമേരിക്കൻ വോട്ടർമാർ അർത്ഥശങ്ക കൂടാതെ ഒരാളെ കൂടുതലായി പിന്തുണയ്ക്കുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ഡെമോക്രാറ്റിക് സ്ഥാനാർത്ഥി എന്നതിലുപരി കമല ഹാരിസിന്റെ ഇന്ത്യൻ വേരുകൾ തന്നെയാണ് ഈ വിഭാഗത്തിലെ വോട്ടർമാരെ ആകർഷിക്കുന്ന പ്രധാന ഘടകം. ഇന്ത്യൻ സമൂഹത്തിന് യുഎസിൽ കൂടുതൽ ഉന്നതിയിലേക്ക് കുത്തിക്കാനുള്ള ശരിയായ അവസരമായാണ് വലിയൊരു വിഭാഗം വോട്ടർമാരും കമല ഹാരിസിന്റെ സ്ഥാനാർത്ഥിത്വത്തെ നോക്കികാണുന്നത്.
ഇന്ത്യൻ-അമേരിക്കൻ വംശജരുടെ സംഘടനകൾ ഉൾപ്പടെ ഇക്കാര്യം പരസ്യമായി പറയുന്നുമുണ്ട്. കൂടാതെ രാജ്യത്തെ മത്സരഫലം നിർണയിക്കുന്ന പല സ്വിങ് സ്‌റ്റേറ്റുകളിലും ഇന്ത്യൻ വംശജരുടെ വോട്ടുകൾ നിർണായകമാവും എന്നാണ് വിഭാഗത്തോട് അടുത്ത് നിൽക്കുന്ന ചില കേന്ദ്രങ്ങൾ അവകാശപ്പെടുന്നത്, അതിൽ ഒരൽപം കാര്യമുണ്ട് താനും.
കഴിഞ്ഞ തവണ ഡൊണാൾഡ് ട്രംപിന് വോട്ട് ചെയ്‌തവർ പോലും ഇക്കുറി മാറി ചിന്തിക്കുന്നുവെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കമലയുടെ ഇന്ത്യൻ ബന്ധം തന്നെയാണ് പലരെയും അവരിലേക്ക് ആകർഷിക്കുന്ന കാര്യം, ഇതിനൊപ്പം അവർ വച്ചുപുലർത്തുന്ന നിലപാടുകളോട് കാര്യമായ എതിർപ്പും ആരും പ്രകടിപ്പിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.
കണക്കുകൾ പറയുന്നത് ഇങ്ങനെ
യുഎസിൽ കഴിയുന്ന ഇന്ത്യൻ അമേരിക്കക്കാരുടെ എണ്ണം ഏകദേശം 5.2 ദശലക്ഷത്തോളമാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ അവരിൽ തന്നെ 2.3 ദശലക്ഷത്തോളം പേർക്ക് തിരഞ്ഞെടുപ്പിൽ വോട്ടവകാശവുമുണ്ട്. അതിനാൽ തന്നെ എഴുതിത്തള്ളി കളയാൻ പറ്റുന്ന എണ്ണമല്ല ഈ വിഭാഗത്തിന്റേത് എന്ന കാര്യം പകൽ പോലെ വ്യക്തമാണ്.
അടുത്തിടെ പുറത്തുവന്ന ചില സർവേകൾ പ്രകാരം ഇന്ത്യൻ-അമേരിക്കൻ വോട്ടർമാരിൽ 56 ശതമാനത്തോളം പേരും ഡെമോക്രാറ്റിക് പാർട്ടിയെ പിന്തുണയ്ക്കുന്നവരാണ്. ഇതും കമലയ്ക്ക് ആശ്വാസം നൽകുന്ന കണക്കുകളാണ്. എന്നാൽ ജോർജിയ, മിഷിഗൺ, അരിസോണ, പെൻസിൽവാനിയ, നോർത്ത് കരോലിന, വിസ്കോൺസിൻ, നെവാഡ എന്നീ നിർണായക മണ്ഡലങ്ങളിൽ ഇന്ത്യൻ വംശജരുടെ വോട്ടുകൾ കമലയെ തുണയ്ക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.












Click it and Unblock the Notifications