ലോകാരോഗ്യ സംഘടനയിൽ നിന്ന് യുഎസ് പുറത്തേക്ക്; ഉത്തരവിൽ ഒപ്പുവെച്ച് ഡൊണാൾഡ് ട്രംപ്, കാരണം?
ന്യൂയോർക്ക്: യുഎസിൽ രണ്ടാം തവണ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പണി തുടങ്ങി ഡൊണാൾഡ് ട്രംപ്. ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറുക എന്ന തന്റെ ഏറെക്കാലത്തെ ആഗ്രഹത്തിന് തുടക്കമിട്ടിരിക്കുകയാണ് ട്രംപ് ഇപ്പോൾ. സംഘടനയിൽ നിന്ന് യുഎസിനോട് പിന്മാറാൻ നിർദ്ദേശിക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു.
ഇതോടെ അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന സംഘടനയുടെ ഏറ്റവും വലിയ ധനസഹായ സ്രോതസുകളിൽ ഒന്നാണ് നിലയ്ക്കുന്നത്. ഓവൽ ഓഫീസിൽ തിങ്കളാഴ്‌ച ട്രംപ് ഒപ്പുവച്ച എക്‌സിക്യൂട്ടീവ് ഉത്തരവിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. തന്റെ ആദ്യ ഭരണകാലത്ത് തന്നെ ഇതിനുള്ള നീക്കങ്ങൾ ട്രംപ് നടത്തിയിരുന്നെങ്കിലും അത് ഫലം കണ്ടിരുന്നില്ല.

'ഓ, അതൊരു വലിയ കാര്യമാണ്' എന്നായിരുന്നു ഈ ഉത്തരവിൽ ഒപ്പ് വച്ച ശേഷം ട്രംപ് പ്രതികരിച്ചത്. പുതുതായി അധികാരമേറ്റ യുഎസ് പ്രസിഡന്റ് വൈറ്റ് ഹൗസിൽ തിരിച്ചെത്തിയതിന് ശേഷം ഒപ്പുവച്ച സുപ്രധാന രേഖകളിൽ ഒന്നാണിത്. കോവിഡ് വ്യാപന സമയത്ത് ജനീവ ആസ്ഥാനമായുള്ള ഡബ്ള്യുഎച്ച്ഒ നടത്തിയ പ്രവർത്തനങ്ങളെ നിരന്തരം വിമർശിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു ഡൊണാൾഡ് ട്രംപ്.
എന്നാൽ ബൈഡൻ അധികാരമേറ്റ ശേഷം ഈ നിലപാട് തിരുത്തിയിരുന്നു. ആദ്യ ദിവസം തന്നെ ഈ എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പ് വയ്ക്കുന്നത്, യുഎസ് ഔദ്യോഗികമായി ആഗോള ഏജൻസി വിടാനുള്ള സാധ്യത കാര്യമായി വർധിപ്പിക്കുന്നു. ഞങ്ങളെ തിരികെ കൊണ്ടുവരാൻ അവർ ആഗ്രഹിക്കുന്നുണ്ട്, അതിനാൽ എന്ത് സംഭവിക്കുമെന്ന് നമുക്ക് കണ്ടറിയാമെന്നാണ് ട്രംപ് പറയുന്നത്.
ചൈനീസ് വിധേയത്വവും വുഹാനിൽ നിന്ന് പടർന്നുപിടിച്ച കോവിഡ് വ്യാപനത്തിൽ കൃത്യമായ നടപടികൾ സ്വീകരിക്കാൻ തയ്യാറാവാത്തതും ചൂണ്ടിക്കാട്ടി പലവട്ടം ട്രംപ് സംഘടനയെ വിമർശിച്ചിട്ടുണ്ട്. പെട്ടെന്ന് വേണ്ട പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നതിൽ സംഘടന പരാജയമാണെന്നും ട്രംപ് ആരോപിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി തന്നെയാണ് പുതിയ ഉത്തരവിൽ ട്രംപ് ഒപ്പുവച്ചിരിക്കുന്നത്.
എന്നാൽ മുൻപ് ഈ നീക്കത്തിന് മുതിർന്നപ്പോൾ കടുത്ത എതിർപ്പുകളാണ് ട്രംപിന് നേരിടേണ്ടി വന്നത്. മാത്രമല്ല ആരോഗ്യ വിദഗ്‌ധരും ഡെമോക്രാറ്റിക് നിയമ നിർമ്മാതാക്കളും ഉൾപ്പെടെ നടപടിയെ വിമർശിച്ചിരുന്നു. ട്രംപിന്റെ ഒന്നാം ഭരണകൂടത്തിന് കോവിഡ് വ്യാപനത്തെ ചെറുക്കാൻ സാധിക്കാത്തതും സർക്കാർ വരുത്തിയ വീഴ്‌ചയും മറയ്ക്കാനാണ് ഇത്തരമൊരു നടപടി എന്നായിരുന്നു പ്രധാന ആരോപണം.
അതേസമയം, 2020-ലെ കോൺഗ്രസ് റിസർച്ച് സർവീസ് റിപ്പോർട്ട് അനുസരിച്ച്, കോൺഗ്രസിന്റെ അംഗീകാരമില്ലാതെ ലോകാരോഗ്യ സംഘടനയിൽ നിന്ന് പുറത്തുകടക്കാൻ അമേരിക്കൻ പ്രസിഡന്റിന് അധികാരമുണ്ടോ എന്നത് വ്യക്തമല്ല. എങ്കിലും റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള കോൺഗ്രസ് ട്രംപിന്റെ നീക്കത്തെ ചെറുക്കനും സാധ്യതയില്ല.
ജനീവ ആസ്ഥാനമായുള്ള ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ ഭീഷണികളെ ചെറുക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. വിവിധ രോഗങ്ങളുടെ നിർമ്മാർജ്ജനത്തിനും അവയുടെ നേരിടുന്നതിലും കാര്യമായ പങ്ക് തന്നെയാണ് അവർക്കുള്ളത്. സംഘടനയുടെ 20 ശതമാനത്തോളം വരുന്ന വരുമാനമായിരിക്കും ട്രംപിന്റെ നീക്കത്തോടെ ഇല്ലാതാവുക.












Click it and Unblock the Notifications