ഹമാസ് അനുകൂല നിലപാടിന്റെ പേരിൽ വിസ റദ്ദാക്കി യുഎസ്; ഇന്ത്യൻ വിദ്യാർത്ഥിനി തിരികെ നാട്ടിലെത്തി
ന്യൂയോർക്ക്: ഹമാസിനെ പിന്തുണച്ചുവെന്നാരോപിച്ച് വിസ റദ്ദാക്കപ്പെട്ട കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യൻ ഡോക്‌ടറൽ വിദ്യാർത്ഥിനി രാജ്യം വിട്ടുവെന്ന് യുഎസ് ഭരണകൂടം. ഇവർ ഇന്ത്യയിലേക്ക് തന്നെ തിരികെ പോയതായാണ് യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) അറിയിച്ചത്. സുരക്ഷാ കാരണങ്ങളാൽ സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് മാർച്ച് 5ന് വിദ്യാർത്ഥിനിയുടെ വിസ റദ്ദാക്കിയിരുന്നു.
തുടർന്ന് മാർച്ച് 11നാണ് രഞ്ജനി ശ്രീനിവാസൻ എന്ന വിദ്യാർത്ഥിനി സിബിപി ഹോം ആപ്പ് ഉപയോഗിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിയായ രഞ്ജന ശ്രീനിവാസൻ സിബിപി ഹോം ആപ്പ് ഉപയോഗിച്ച് സ്വയം നാടുകടത്തപ്പെട്ടതായി യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്‌റ്റി നോം പുറത്തുവിട്ട പ്രസ്‌താവനയിൽ പറയുന്നു.

'അമേരിക്കൻ ഐക്യനാടുകളിൽ താമസിക്കാനും പഠിക്കാനും വിസ ലഭിക്കുന്നത് തന്നെ ഒരു പദവിയാണ്. നിങ്ങൾ അക്രമത്തിനും ഭീകരതയ്ക്കും വേണ്ടി വാദിക്കുമ്പോൾ, ആ പദവി റദ്ദാക്കപ്പെടും, നിങ്ങൾ ഈ രാജ്യത്ത് തന്നെ ഉണ്ടാകരുത്. കൊളംബിയ സർവകലാശാലയിലെ തീവ്രവാദ അനുഭാവികളിൽ ഒരാൾ സ്വയം നാടുവിടാൻ സിബിപി ഹോം ആപ്പ് ഉപയോഗിക്കുന്നത് കാണുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്' ക്രിസ്‌റ്റി നോം പറയുന്നു.
കോളേജ് കാമ്പസുകളിൽ പലസ്‌തീൻ അനുകൂല പ്രതിഷേധങ്ങളെത്തുടർന്ന് യുഎസിലെ വിദേശ വിദ്യാർത്ഥികളുടെ മേൽ കൂടുതൽ പരിശോധന നടക്കുന്ന സാഹചര്യത്തിലാണ് രഞ്ജന ശ്രീനിവാസന്റെ വാർത്ത കൂടി വരുന്നത്. 2022 ജനുവരി 26ന് എഫ്-1 സ്‌റ്റുഡന്റ് വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങിയതിന് വെസ്‌റ്റ് ബാങ്കിൽ നിന്നുള്ള പലസ്‌തീൻ വംശജയായ ലെഖാ കോർഡിയയെ ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്‌റ്റിഗേഷൻസ് (എച്ച്എസ്ഐ) ഉദ്യോഗസ്ഥർ അറസ്‌റ്റ് ചെയ്‌തിരുന്നു.
മുൻപ് കൊളംബിയ സർവകലാശാലയിൽ ഹമാസ് അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് 2024 ഏപ്രിലിൽ കോർഡിയയെ അറസ്‌റ്റ് ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ വിദ്യാർത്ഥിനി ഉൾപ്പെടെ നടപടി നേരിട്ടത്. രഞ്ജനയുടെ ആരോപണവിധേയമായ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഡിഎച്ച്എസ് പുറത്തുവിട്ടിട്ടില്ല. എന്നാൽ ഇവരുടെ യാത്രയ്ക്ക് മുൻപുള്ള വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പങ്കുവച്ചിട്ടുണ്ട്.
ആരാണ് രഞ്ജന ശ്രീനിവാസൻ?
കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ നഗരാസൂത്രണത്തിൽ ഡോക്‌ടറേറ്റ് ബിരുദം നേടിയിരുന്ന ഇന്ത്യൻ വംശജയാണ് രഞ്ജനി ശ്രീനിവാസൻ. ഫുൾബ്രൈറ്റ് ബിരുദധാരിയായ അവർ കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഗ്രാജുവേറ്റ് സ്‌കൂൾ ഓഫ് ആർക്കിടെക്ചർ, പ്ലാനിംഗ് ആൻഡ് പ്രിസർവേഷനിൽ നിന്ന് നഗരാസൂത്രണത്തിൽ എം ഫിൽ ബിരുദവും, ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെ ഗ്രാജുവേറ്റ് സ്‌കൂൾ ഓഫ് ഡിസൈനിൽ നിന്ന് ഡിസൈനിൽ ബിരുദാനന്തര ബിരുദവും ഉൾപ്പെടെ സ്വന്തമാക്കിയിട്ടുണ്ട്.
എന്നാൽ ഹമാസിനെ പിന്തുണയ്ക്കുന്നുവെന്ന ആരോപണത്തിനപ്പുറം രഞ്ജനയുടെ വിസ റദ്ദാക്കലിന് പിന്നിലെ പ്രത്യേക കാരണങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ യുഎസ് സർക്കാർ ഇതുവരെയും വെളിപ്പെടുത്തലിന് തയ്യാറായിട്ടില്ല. കൂടാതെ ഈ വിഷയത്തിൽ രഞ്ജനയുടെ പ്രതികരണവും ഇതുവരെ ലഭ്യമായിട്ടില്ല.












Click it and Unblock the Notifications