ട്രംപിനെതിരായ ആക്രമണം: സുരക്ഷാ വീഴ്ച്ച സമ്മതിച്ച് രഹസ്യാന്വേഷണ വിഭാഗം അധ്യക്ഷ, രാജിവെച്ചു
വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപിനെതിരായ വധശ്രമത്തിലെ സുരക്ഷാ വീഴ്ച്ചയുടെ പശ്ചാത്തലത്തില്‍ യുഎസ് രഹസ്യാന്വേഷണ ഏജന്‍സി ഡയറക്ടര്‍ കിമ്പര്‍ലി ചിയാറ്റില്‍ രാജിവെച്ചു. ട്രംപിനെതിരായ വധശ്രമം തടയുന്നതില്‍ ഏജന്‍സി പരാജയപ്പെട്ടെന്ന് നേരത്തെ കിമ്പര്‍ലി തുറന്ന് പറഞ്ഞിരുന്നു.
ഇതേ തുടര്‍ന്ന് അവര്‍ക്കെതിരെ വ്യാപക വിമര്‍ശനവും ഉയര്‍ന്നിരുന്നു. രാജിക്കായി ഡെമോക്രാറ്റുകളും റിപബ്ലിക്കന്‍ പാര്‍ട്ടിയും ഒരുപോലെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. നിലവിലെയും മുന്‍ പ്രസിഡന്റുമാരുടെയും സുരക്ഷയുടെ കാര്യത്തില്‍ ഏജന്‍സിയുടെ പ്രവര്‍ത്തനം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണെന്ന് ആരോപണമുണ്ട്.

പെനിസില്‍വാനിയയിലെ ബട്‌ലറില്‍ ജൂലായ് പതിമൂന്നിന് നടന്ന വെടിവെപ്പിലാണ് ട്രംപിന് പരുക്കേറ്റത്. ഇരുപതുകാരനാണ് ട്രംപിനെ വധിക്കാന്‍ ശ്രമിച്ചതെന്ന് ഏജന്‍സി കണ്ടെത്തി. ഇയാളെ പിന്നീട് വെടിവെച്ച് കൊന്നിരുന്നു. രാജി ഒരുപാട് വൈകിയെന്ന് റിപബ്ലിക്കന്‍ സ്പീക്കര്‍ മൈക്ക് ജോണ്‍സന്‍ പറഞ്ഞു.
ഒരാഴ്ച്ച മുമ്പെങ്കിലും കിമ്പര്‍ലി രാജിവെക്കേണ്ടതായിരുന്നു. റിപബ്ലിക്കന്‍മാരും ഡെമോക്രാറ്റുകളും ആവശ്യപ്പെട്ടത് പ്രകാരം അവര്‍ രാജിവെച്ചതില്‍ സംതൃപ്തിയുണ്ടെന്നും ജോണ്‍സന്‍ പറഞ്ഞു. കിമ്പര്‍ലി ചിയാറ്റില്‍ തിങ്കളാഴ്ച്ച കോണ്‍ഗ്രസ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരായിരുന്നു. ഇതിലാണ് ട്രംപിനെതിരെയുള്ള ആക്രമണം രഹസ്യാന്വേഷണ വീഴ്ച്ചയാണെന്ന് കുറ്റസമ്മതം നടത്തിയത്.
രഹസ്യാന്വേഷണ വിഭാഗത്തിന് ദശാബ്ദങ്ങള്‍ക്കിടെ സംഭവിക്കുന്ന ഏറ്റവും വലിയ വീഴ്ച്ചയാണിതെന്ന് ചിയാറ്റില്‍ ട്രംപിനെതിരെയുള്ള ആക്രമണത്തെ വിശേഷിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റിപബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളും, ഡെമോക്രാറ്റുകളും ഒരുപോലെ ഇവരുടെ രാജിക്കായി ആവശ്യപ്പെട്ടത്. ആക്രമണത്തെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാനും ചിയാറ്റില്‍ തയ്യാറായിരുന്നില്ല.
ഇതേ തുടര്‍ന്ന് കിമ്പര്‍ലിക്കെതിരെയുള്ള പ്രതിഷേധം രൂക്ഷമായിരുന്നു. നിരവധി സജീമായ അന്വേഷണങ്ങള്‍ നടക്കുന്നതിനാല്‍ വിവരങ്ങള്‍ കൈമാറാനാവില്ലെന്ന് കിമ്പര്‍ലി അറിയിക്കുകയായിരുന്നു. ഇരുപാര്‍ട്ടികളും രാജിക്കായി കിമ്പര്‍ലിയില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു.
ട്രംപിന് ഇത്രയും അടുത്ത് എങ്ങനെയാണ് ഷൂട്ടര്‍ എത്തിയെന്നാണ് ചോദ്യമുയര്‍ന്നിരുന്നത്. സുരക്ഷാ വീഴ്ച്ചയുടെ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നതായി കിമ്പര്‍ലി ചിയാറ്റില്‍ സ്റ്റാഫിന് അയച്ച ഇമെയില്‍ സന്ദേശത്തില്‍ പറയുന്നുണ്ട്.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളും പശ്ചാത്തലത്തില്‍ വലിയ വേദനയോടെയാണ് ഈ കഠിനമായ തീരുമാനം പ്രഖ്യാപിക്കുന്നത്. ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് താന്‍ രാജിവെക്കുകയാണെന്നും കിമ്പര്‍ലി ഇമെയില്‍ സന്ദേശത്തില്‍ പറഞ്ഞു. സ്റ്റേജിന് 135 മീറ്റര്‍ ചുറ്റളവില്‍ ഷൂട്ടറായ തോമസ് മാത്യു ക്രൂക്‌സ് എത്തിയിരുന്നു. ഇവിടെ വെച്ചാണ് ആക്രമണം ഉണ്ടായത്.
അതേസമയം മൂന്ന് ദശാബ്ദം നീണ്ട സേവനത്തിന് കിമ്പര്‍ലിക്ക് പ്രസിഡന്റ് ജോ ബൈഡന്‍ നന്ദി അറിയിച്ചു. നിസ്വാര്‍ത്ഥ സേവനമാണ് അവര്‍ കാഴ്ച്ചവെച്ചതെന്നും, സ്വന്തം ജീവന്‍ പണയം വെച്ചാണ് അവര്‍ രാഷ്ട്രത്തെ സേവിച്ചതെന്നും ബൈഡന്‍ പറഞ്ഞു.
നമുക്കെല്ലാവര്‍ക്കും അറിയാം, ട്രംപിന്റെ കാര്യത്തില്‍ സംഭവിച്ചത് പോലൊന്ന് ഇനിയും സംഭവിക്കില്ലെന്ന്. മുന്നോട്ടുള്ള ജീവിതത്തില്‍ കിമ്മിന് എല്ലാവിധ ആശംസകളും നേരുന്നതായി ബൈഡന്‍ പറഞ്ഞു.












Click it and Unblock the Notifications