ഇന്ത്യയ്ക്കും ചൈനയ്ക്കും ഉയര്‍ന്ന തീരുവ ചുമത്താന്‍ ജി7-നിൽ സമ്മർദ്ദം ശക്തമാക്കി യുഎസ്; കാരണം റഷ്യൻ ബന്ധം
ന്യൂയോർക്ക്: റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്ക്കും ചൈനയ്ക്കും മേൽ കൂടുതൽ തീരുവ ചുമത്താൻ ഡൊണാൾഡ് ട്രംപ് ഭരണകൂടം ജി7 രാജ്യങ്ങൾക്ക് മേൽ സമ്മർദ്ദം ചെലുത്തുകയാണെന്ന് റിപ്പോർട്ട്. ബ്രിട്ടീഷ് ദിനപത്രമായ ഫിനാൻഷ്യൽ ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നതിന്റെ പേരിൽ നേരത്തെ തന്നെ ഇരു രാജ്യങ്ങൾക്കും എതിരെ നടപടി ശക്തമാക്കിയിട്ടുള്ള യുഎസ് കൂടുതൽ സമ്മർദ്ദത്തിനാണ് ഇപ്പോൾ ശ്രമിക്കുന്നത്.
യുഎസ് നിർദ്ദേശിച്ച തീരുവ ലെവലുകൾ 50 മുതൽ 100 ശതമാനം വരെയായിരിക്കുമെന്ന് പറയപ്പെടുന്നു. കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യുകെ, യുഎസ് എന്നീ ജി 7 രാജ്യങ്ങളിലെ ധനമന്ത്രിമാർ ഇന്ന് വീഡിയോ കോളിലൂടെ ഈ നിർദ്ദേശം ചർച്ച ചെയ്യും. ശേഷം എല്ലാവരും ചേർന്ന് ഒരു തീരുമാനത്തിൽ എത്തുമെന്നാണ് വിവരം. യുഎസ് നിർദ്ദേശം അംഗീകരിക്കപ്പെടുകയാണെങ്കിൽ ഇന്ത്യയ്ക്കും ചൈനയ്ക്കും അത് ഒരുപോലെ തിരിച്ചടിയാവും.

യൂറോപ്യൻ യൂണിയനും സമാനമായ രീതിയിൽ ഇവർക്കെതിരെ തീരുവ നടപ്പാക്കണമെന്ന് ഡൊണാൾഡ് ട്രംപ് അഭ്യർത്ഥിച്ചതിന് പിന്നാലെയാണ് ഈ സംഭവം. നാല് ഭാഗത്ത് നിന്നും തീരുവ പോലെയുള്ള വ്യാപാര ആയുധങ്ങൾ ഉപയോഗിച്ച് റഷ്യയെ വരിഞ്ഞുമുറുക്കുകയാണ് യുഎസ് ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് മേൽ കൂടുതൽ തീരുവ എന്ന ആശയം യുഎസ് പ്രസിഡന്റ് മുന്നോട്ട് വയ്ക്കുന്നത്.
'ചൈനയും ഇന്ത്യയും റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് പുടിന്റെ യുദ്ധയന്ത്രത്തിന് ധനസഹായം നൽകുകയും യുക്രൈനിയൻ ജനതയെ വിവേകശൂന്യമായി കൊലപ്പെടുത്തുന്നത് നീട്ടിക്കൊണ്ടുപോകുകയും ചെയ്യുന്നു. നമ്മുടെ യൂറോപ്യൻ യൂണിയൻ സഖ്യകക്ഷികളോട് ഞങ്ങൾ വ്യക്തമാക്കിയിരുന്നുആവശ്യപ്പെട്ടിരുന്നു, അവർക്ക് യുദ്ധം അവസാനിപ്പിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ, അവർ ഞങ്ങളോടൊപ്പം ചേരുകയും യുദ്ധം അവസാനിക്കുന്ന ദിവസം റദ്ദാക്കപ്പെടുന്ന തീരുവകൾ ചുമത്തുകയും വേണം' എന്നായിരുന്നു ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്.
എന്നാൽ ട്രംപിന്റെ ആവശ്യം പെട്ടെന്നൊന്നും നടപ്പാവാൻ സാധ്യത ഇല്ലെന്നാണ് വിലയിരുത്തൽ. എന്തെന്നാൽ യൂറോപ്യൻ യൂണിയൻ ഇക്കാര്യത്തിൽ പ്രതിസന്ധിയിലാണ്. സാമ്പത്തിക അപകടസാധ്യതകളും ചൈനയിൽ നിന്നുള്ള പ്രതികാര നടപടികളും കണക്കിലെടുക്കുമ്പോൾ, രണ്ട് പ്രധാന വ്യാപാര പങ്കാളികൾക്ക് മേൽ ഉയർന്ന തീരുവ ചുമത്താൻ ഉദ്യോഗസ്ഥർ മടിക്കുന്നു.
ഇനി ജി7 ഇക്കാര്യത്തിൽ എന്ത് നിലപാട് എടുക്കുമെന്നാണ് കണ്ടറിയേണ്ടത്. അവരും യൂറോപ്യൻ യൂണിയന്റെ അതേപാത പിന്തുടരുമോ അതല്ലെങ്കിൽ ട്രംപിന്റെ ആവശ്യം അംഗീകരിക്കുമോ എന്നത് നിർണായകമായ വിഷയമാണ്. എന്തെന്നാൽ ഈ രാജ്യങ്ങൾ ഇന്ത്യയുമായി വളരെ വലിയ വ്യാപാര ബന്ധങ്ങൾ വച്ചുപുലർത്തുന്നവയാണ്.
നേരത്തെ റഷ്യൻ എണ്ണ വാങ്ങുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയ്ക്ക് മേൽ നിലവിലുള്ള തീരുവയ്ക്ക് പുറമേ അധികമായി 25 ശതമാനം തീരുവ കൂടി ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയത്. ഇതോടെ ഇന്ത്യയ്ക്ക് മേലുളള ആകെ തീരുവ 50 ശതമാനമായിരുന്നു. ഇന്ത്യയുടെ ഇടപാട് റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന് സാമ്പത്തിക സഹായം നൽകുന്നു എന്നാണ് യുഎസ് ആരോപണം. എന്നാൽ ഇന്ത്യ ഇപ്പോഴും റഷ്യയിൽ നിന്ന് തന്നെയാണ് എണ്ണ വാങ്ങുന്നത്.












Click it and Unblock the Notifications