മൂന്നാം ലോകമഹായുദ്ധം സൃഷ്‌ടിക്കരുത് ; റഷ്യക്ക് ബൈഡന്റെ മുന്നറിയിപ്പ്
വാഷിങ്ടൺ : യുക്രൈനിൽ റഷ്യ രാസായുധ ആക്രമണം നടത്തിയാൽ വലിയ വില നൽകേണ്ടി വരുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. മൂന്നാം ലോകമഹായുദ്ധം സൃഷ്‌ടിക്കുന്നതിൽ നിന്ന് റഷ്യ പിന്മാറണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. യുക്രൈനും അമേരിക്കയും ചേർന്ന് റഷ്യക്കെതിരെ പ്രയോഗിക്കാനായി രാസായുധങ്ങൾ നിർമിക്കുകയാണെന്ന ആക്ഷേപത്തിന് മറുപടി പറയുകയായിരുന്നു യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. ഞാൻ ബുദ്ധിയെക്കുറിച്ച് (ഇന്‍റലിജൻസ്) ഇവിടെ സംസാരിക്കാൻ പോകുന്നില്ല. പക്ഷേ യുക്രൈനിൽ രാസായുധപ്രയോഗം റഷ്യ നടത്തിയാൽ വലിയ വില നൽകേണ്ടി വരുമെന്നും യുഎസ് പ്രസിഡന്‍റ് വ്യക്തമാക്കി.
റഷ്യയുടെ അഭ്യർഥനപ്രകാരം യുഎൻ സുരക്ഷാ സമിതിയിൽ അടിയന്തരയോഗം ചേരുന്നുണ്ട്. യുക്രൈനിൽ ആണവായുധങ്ങൾ നിർമിക്കുന്നു എന്ന ആരോപണത്തെ തുടർന്നാണ് റഷ്യയുടെ അഭ്യർഥന. അതേ സമയം റഷ്യക്കെതിരെയുള്ള അമേരിക്കയുടെ ഉപരോധങ്ങൾ കടുപ്പിക്കുകയാണെന്നും യുഎസ് അറിയിച്ചു. റഷ്യയുമായുള്ള ട്രേഡ് ബന്ധങ്ങളും അമേരിക്ക അവസാനിപ്പിക്കുന്നതായി ബൈഡൻ പറഞ്ഞു.

അമേരിക്ക ഉൾപ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ മില്യൺ കണക്കിന് ഡോളറുകളുടെ ആയുധങ്ങളും ആന്‍റി-എയർക്രാഫ്‌റ്റ്, ആന്‍റി-ടാങ്ക് മിസൈലുകളുമാണ് യുക്രൈന് യുദ്ധത്തിലേക്ക് നൽകുന്നത്. അതേ സമയം യുഎസ് സേനയെ യുക്രൈനിലേക്ക് യുദ്ധത്തിന് അയക്കില്ലെന്ന് ബൈഡൻ വീണ്ടും വ്യക്തമാക്കി. റഷ്യൻ സേന കീവ് നഗരത്തിന് സമീപത്തെത്തിയെന്നും രക്ഷിക്കണമെന്നുമുള്ള യുക്രൈൻ ജനതയുടെ അഭ്യർഥനകളെപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുമ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

യുക്രൈനിൽ റഷ്യക്കെതിരെ ഞങ്ങൾ യുദ്ധം ചെയ്യില്ല. നാറ്റോയും റഷ്യയും തമ്മിൽ യുദ്ധം ചെയ്യേണ്ട സാഹചര്യം മൂന്നാം ലോകമഹായുദ്ധത്തിലാകും കലാശിക്കുകയെന്നും ഇത് നമ്മൾ തടയേണ്ട ഒന്നാണെന്നും ബൈഡൻ പറഞ്ഞു.അതേ സമയം 2018 അമേരിക്കക്കെതിരെ ജൈവ ആയുധ നിർമാണവുമായി ബന്ധപ്പെട്ട് മോസ്കോ രംഗത്തെത്തിയിരുന്നു. യൂറോപ്യൻ യൂണിയനിലും നാറ്റോയിലും ചേരാൻ ആഗ്രഹിക്കുന്ന യുക്രൈൻ, ജോർജിയ എന്നീ രാജ്യങ്ങളിൽ ജൈവ ആയുധ പരീക്ഷണം നടത്തുന്നുണ്ടെന്നായിരുന്നു മോസ്‌കോയുടെ ആരോപണം.

റഷ്യൻ അധിനിവേശത്തെ തുടർന്ന് ആയിരക്കണക്കിന് പേരാണ് യുക്രൈനിൽ കൊല്ലപ്പെട്ടത്. രണ്ട് മില്യണിലധികം പേർ യുക്രൈനിൽ നിന്ന് പലായനം ചെയ്‌തതായും യുഎൻ കണക്കുകൾ പറയുന്നു.
രണ്ട് മില്യൺ ഒരു മില്യൺ കുട്ടികളാണെന്നാണ് കണക്കുകൾ. രണ്ടാ ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പിലെ അതിവേഗം വളരുന്ന അഭയാർഥി പ്രതിസന്ധിയാണ് യുക്രൈനിൽ സംഭവിക്കുന്നതെന്ന് യുഎൻ പറഞ്ഞു. യുക്രൈനിൽ നിന്ന് പോകുന്ന ഭൂരിഭാഗം ജനങ്ങളും പോളണ്ടിലേക്കാണ് പലായനം ചെയ്യുന്നത്. ഇവിടേക്ക് മാത്രം 12 ലക്ഷത്താേളം പേരും ഹംഗറിയിലേക്ക് 191,000 പേരും സ്ലൊവാക്യയിലേക്ക് 141,000 പേരും മാൾഡോവയിലേക്ക് 83,000 പേരും റെമേനിയയിലേക്ക് 82,000 മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്ക് 210,000 പേരും പലായനം ചെയ്‌തെന്നാണ് യുഎൻ പുറത്തുവിട്ട കണക്ക്. നാൽപത് ലക്ഷം പേർ അഭയാർഥികളാകുമെന്നാണ് യുക്രൈനിലേക്ക് റഷ്യൻ അധിനിവേശം ആരംഭിച്ച ഘട്ടത്തിൽ യുഎൻ പ്രവചിച്ചിരുന്ന കണക്ക്.












Click it and Unblock the Notifications