എത് പ്രശ്‌നത്തിനും യുദ്ധമല്ല പരിഹാരം, യുക്രൈന്‍ യുദ്ധത്തില്‍ സമാധാന ആഹ്വാനവുമായി പ്രധാനമന്ത്രി
വാര്‍സോ: റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏത് പ്രശ്‌നത്തിനും യുദ്ധമല്ല പരിഹാരമെന്ന് മോദി പോളണ്ട് സന്ദര്‍ശനത്തിനിടെ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ഇല്ലാതാക്കാന്‍ ചര്‍ച്ചകളും നയതന്ത്രതയും ആവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇതൊന്നുമല്ലാതെ സൈനിക ഏറ്റുമുട്ടല്‍ കൊണ്ട് സമാധാനം പുനസ്ഥാപിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം റഷ്യന്‍ സൈനിക നീക്കത്തിന് പിന്നാലെ യുക്രൈനില്‍ കുടുങ്ങി പോയ വിദ്യാര്‍ത്ഥികളെ തിരികെ കൊണ്ടുവരാന്‍ സഹായിച്ചതിന് മോദി പോളണ്ടിന് നന്ദി അറിയിക്കുകയും ചെയ്തു.

യുക്രൈനിലെയും പശ്ചിമേഷ്യയിലെയും സംഘര്‍ഷങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണ്. എന്നാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ അതിനെ യുദ്ധത്തത്തിലൂടെ നേരിടുന്നതല്ല ശരിയായ മാര്‍ഗം. അതിലൂടെ ഒരു പരിഹാരവും ഉണ്ടാവില്ല. ചര്‍ച്ചകളെയും നയതന്ത്രതയെയും ഞങ്ങള്‍ പിന്തുണയ്ക്കുമെന്ന് പോളിഷ് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌കിനൊപ്പമുള്ള സംയുക്ത പ്രസ്താവനയില്‍ മോദി വ്യക്തമാക്കി.
പോളണ്ടുമായി കൂടുതല്‍ മെച്ചപ്പെട്ട വ്യാപാര ബന്ധങ്ങള്‍ക്കടക്കം ഇന്ത്യ തുടക്കം കുറിക്കും. അക്കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്. പോളിഷ് കമ്പനികള്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതികളില്‍ പങ്കാളികളാവണമെന്നാണ് ആഗ്രഹമെന്നും മോദി പറഞ്ഞു. ഏത് രാജ്യത്ത് പ്രശ്‌നമുണ്ടായാലും സഹായത്തിന് ആദ്യം എത്തുക ഇന്ത്യയാണെന്നും മോദി വ്യക്തമാക്കി.
പോളണ്ടില്‍ നേരത്തെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുന്ന സമയത്തും മോദി ഇത്തരത്തില്‍ പരാമര്‍ശം നടത്തിയിരുന്നു. ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ലെന്നായിരുന്നു മോദിയുടെ പരാമര്‍ശം. മേഖലയില്‍ സമാധാനമുണ്ടാകണമെന്ന് എപ്പോഴും ആഗ്രഹിക്കുന്നുണ്ട് ഇന്ത്യ. ഞങ്ങളുടെ നിലപാട് ഇക്കാര്യത്തില്‍ വ്യക്തമാണ്. ഇതൊരിക്കലും യുദ്ധത്തിന്റെ കാലഘട്ടമല്ല. മാനവികതയ്ക്ക് ഭീഷണിയാവുന്ന വെല്ലുവിളികളെ നേരിടാന്‍ ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിത്.
ഇന്ത്യ ചര്‍ച്ചകളിലും നയതന്ത്രതയിലുമാണ് അതുകൊണ്ട് വിശ്വസിക്കുന്നതെന്ന് മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മറ്റുള്ളവരോടുള്ള സഹതാപവും കരുണയുമാണ് ഇന്ത്യക്കാരുടെ വ്യക്തിത്വം. ഏത് രാജ്യക്കാരെയും സഹായിക്കാന്‍ ഞങ്ങളുണ്ടാവും. കൊവിഡ് വന്നപ്പോള്‍ മാനികതയാണ് പ്രഥമം എന്ന് ഞങ്ങള്‍ പറഞ്ഞു.
മറ്റ് രാജ്യങ്ങളിലെ പൗരന്‍മാരെ ഞങ്ങള്‍ സഹായിക്കും. ബുദ്ധന്റെ പാരമ്പര്യത്തിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. അതുകൊണ്ട് യുദ്ധമല്ല സമാധാനമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞിരുന്നു. അതേസമയം പ്രധാനമന്ത്രി പോളണ്ടില്‍ നിന്ന് നേരെ യുക്രൈനിലേക്ക് പോകുന്നത്. അവിടെ യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലിന്‍സ്‌കിയെ കാണും. യുദ്ധത്തിന് സമാധാനപരമായ അവസാനത്തിനായി ചര്‍ച്ചകള്‍ നടത്തുമെന്ന് മോദി പറഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications