നമുക്ക് നേട്ടമുണ്ടാക്കുന്ന കരാർ എവിടെയാണോ അവിടെ നിന്ന് ഇനിയും എണ്ണ വാങ്ങും; റഷ്യയിലെ ഇന്ത്യൻ പ്രതിനിധി
ന്യൂഡൽഹി: യുഎസ് തീരുവയിൽ പതറാതെ ഇന്ത്യ ഇനിയും റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് തുടരുമെന്ന സൂചന നൽകി റഷ്യയിലെ ഇന്ത്യൻ പ്രതിനിധി വിനയ് കുമാർ. അമേരിക്കയുടെ തീരുവ നിലനിൽക്കുന്നു എങ്കിലും ഇന്ത്യയ്ക്ക് എവിടെയാണ് ഏറ്റവും മികച്ച കരാർ ലഭിക്കുന്നത് അവിടെ നിന്നും തന്നെ എണ്ണ വാങ്ങുമെന്ന നിലപാട് അദ്ദേഹം ആവർത്തിച്ചു. റഷ്യൻ ദേശീയ മാധ്യമമായ ടിഎഎസ്എസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
റഷ്യയുമായുള്ള ഇന്ത്യയുടെ ഊർജ്ജ വ്യാപാരം തുടരുന്നതിന് മറുപടിയായി ഇന്ത്യൻ ഇറക്കുമതിയുടെ തീരുവ ഇരട്ടിയാക്കാനുള്ള വാഷിംഗ്‌ടണിന്റെ തീരുമാനത്തെ റഷ്യയിലെ ഇന്ത്യൻ അംബാസഡർ വിനയ് കുമാർ കടുത്ത ഭാഷയിൽ വിമർശിക്കുകയായിരുന്നു. അതിനിടയിലാണ് റഷ്യയുമായുള്ള വ്യാപാര ബന്ധം തുടരുമെന്ന പ്രഖ്യാപനവും അദ്ദേഹം നടത്തിയത്.

'യുഎസ് തീരുമാനം അന്യായവും, യുക്തിരഹിതവും, നീതീകരിക്കാനാവാത്തതുമാണ്' തീരുവ വർധനവ് ന്യായമായ വ്യാപാര തത്വങ്ങളെ ദുർബലപ്പെടുത്തുന്ന കാര്യമാണെന്ന് അദ്ദേഹം പറയുന്നു. ഇന്ത്യയിലെ 1.4 ബില്യൺ ജനങ്ങളുടെ ഊർജ്ജ സുരക്ഷയാണ് ഞങ്ങളുടെ ലക്ഷ്യം, റഷ്യയുമായും മറ്റ് നിരവധി രാജ്യങ്ങളുമായും ഇന്ത്യയുടെ സഹകരണം ആഗോള എണ്ണ വിപണിയിൽ സ്ഥിരത കൈവരിക്കാൻ സഹായിച്ചിട്ടുണ്ടെന്നും വിനയ് കുമാർ പറഞ്ഞു.
ഇന്ത്യയുടെ ഊർജ്ജ നയം രൂപപ്പെടുന്നത് ബാഹ്യ രാഷ്ട്രീയ സമ്മർദ്ദത്താലല്ല, മറിച്ച് ജനങ്ങൾക്ക് വിശ്വസനീയമായ വിതരണങ്ങൾ ഉറപ്പാക്കുക എന്നതിന്റെ ആവശ്യകതയിലൂടെയാണെന്ന് ഇന്ത്യൻ പ്രതിനിധി ഊന്നിപ്പറഞ്ഞു. ഇക്കാര്യത്തിൽ രാജ്യ താൽപര്യങ്ങളാണ് സർക്കാരിന്റെ മുൻഗണന എന്നും അദ്ദേഹം പറഞ്ഞിരുന്നു.
'വ്യാപാരം വാണിജ്യാടിസ്ഥാനത്തിലാണ് നടക്കുന്നത്. അതിനാൽ വാണിജ്യ ഇടപാട് വ്യാപാര ഇറക്കുമതിയുടെ അടിസ്ഥാനം ശരിയാണെങ്കിൽ, ഇന്ത്യൻ കമ്പനികൾ ഏറ്റവും മികച്ച കരാർ ലഭിക്കുന്നിടത്ത് നിന്ന് വാങ്ങുന്നത് തുടരും. അതിനാൽ നിലവിലെ സ്ഥിതി അതാണ്' റഷ്യൻ ഇടപാടിനെ ന്യായീകരിച്ചുകൊണ്ട് വിനയ് കുമാർ പറഞ്ഞു.
ആദ്യഘട്ടത്തിൽ വാഷിംഗ്‌ടൺ ഇന്ത്യൻ ഇറക്കുമതിക്ക് 25 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയിരുന്നു. പിന്നീട് തീരുവ 50 ശതമാനമായി ഉയർത്തുകയും ചെയ്‌തു. അതിന് കാരണമായി യുഎസ് പറഞ്ഞത്, ഇന്ത്യ റഷ്യയുമായി നടത്തുന്ന എണ്ണ വ്യാപാരമാണ്. ഈ എണ്ണ വ്യാപാരത്തിലൂടെ ഇന്ത്യ യുക്രൈൻ സംഘർഷത്തിന് റഷ്യയ്ക്ക് വേണ്ട സാമ്പത്തിക സഹായം നൽകുകയാണ് എന്ന ആരോപണമാണ് യുഎസ് ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് 25 ശതമാനം പിഴ കൂടി ചേർത്തത്.
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയെ ഇന്ത്യ ആവർത്തിച്ച് ന്യായീകരിക്കുകയാണ് ചെയ്‌തത്. സാമ്പത്തിക സ്ഥിരതയ്ക്ക് താങ്ങാനാവുന്ന വിലയിലുള്ള ഊർജ്ജം ലഭ്യമാകേണ്ടത് നിർണായകമാണെന്ന് രാജ്യം വാദിക്കുന്നു. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങൾ മോസ്കോയുമായി ഒരു പരിധിവരെ വ്യാപാരം തുടരുന്നുണ്ടെന്നും ഉദ്യോഗസ്ഥർ ഇതിന് പ്രതിരോധമായി ചൂണ്ടിക്കാട്ടി.
യുഎസ് തീരുവയെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും വിമർശിച്ചിരുന്നു. യുഎസിന്റെ നീക്കത്തെ ന്യായീകരിക്കാനാവാത്തതും യുക്തിരഹിതവുമാണ് എന്നാണ് ജയശങ്കർ വിശേഷിപ്പിച്ചത്. മാത്രമല്ല ഇന്ത്യൻ കർഷകരുടെയും ചെറുകിട ഉൽപ്പാദകരുടെയും താൽപ്പര്യങ്ങളിൽ രാജ്യം ഒരു തരത്തിലും വിട്ടുവീഴ്‌ച ചെയ്യില്ലെന്നും ജയശങ്കർ പറഞ്ഞിരുന്നു. ഇതിന്റെ തുടർച്ചയായാണ് റഷ്യയിലെ ഇന്ത്യൻ അംബാസിഡറുടെ പ്രസ്‌താവന വന്നിരിക്കുന്നത്.












Click it and Unblock the Notifications