'നല്ല അയൽക്കാർ ഇല്ലാതാവുമ്പോൾ..'; ചൈനയെയും പാകിസ്ഥാനെയും പരോക്ഷമായി വിമർശിച്ച് ജയശങ്കർ
ന്യൂഡൽഹി: എസ്‌സിഒ ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇസ്ലാമാബാദിൽ എത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ മേഖലയിൽ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് തുറന്ന് സംസാരിക്കവേ ചൈനയെയും പാകിസ്ഥാനെയും പരോക്ഷമായി വിമർശിച്ചു. കഴിഞ്ഞ ദിവസമാണ് എസ്‌സിഒ പങ്കെടുക്കാനായി ഇന്ത്യൻ വിദേശകാര്യ മന്ത്രി പാക് മണ്ണിൽ എത്തിയത്. നല്ല അയൽക്കാർ ഇല്ലാതായാൽ അവ പരിശോധിക്കേണ്ട കാര്യമാണെന്ന് ജയശങ്കർ പറഞ്ഞു.
'വിശ്വാസക്കുറവോ സഹകരണത്തിലെ അപര്യാപ്‌തതയും മൂലം സൗഹൃദം കുറയുകയും നല്ല അയൽക്കാരെ നഷ്‌ടമാവുകയും ചെയ്‌താൽ, തീർച്ചയായും അവിടെ ആത്മപരിശോധന നടത്തുകയും ആ പ്രശ്‌നങ്ങൾ പരിഹരിക്കുകയും ചെയ്യേണ്ടതുണ്ട്' എന്നായിരുന്നു വിദേശകാര്യമന്ത്രി പാകിസ്ഥാൻ, ചൈന രാജ്യങ്ങളെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് സംസാരിച്ചത്.

മേഖലയിൽ ഇന്ത്യയുടെ ഏറ്റവും അടുത്ത അയൽക്കാരിൽ പാകിസ്ഥാനും ചൈനയും നല്ല നയതന്ത്ര ബന്ധമല്ല വച്ചുപുലർത്തുന്നത്. തീവ്രവാദവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പാകിസ്ഥാനുമായുള്ള ഭിന്നതയുടെ കാരണമെങ്കിൽ നിരന്തരം അതിർത്തികൾ കൈയേറുന്നതും സൈനിക ഏറ്റുമുട്ടലുകളുമാണ് ചൈനയെ ഇന്ത്യയിൽ നിന്ന് അകറ്റുന്നത്. ഈ സാഹചര്യത്തിലാണ് ജയശങ്കറിന്റെ പരാമർശം എന്നതാണ് ശ്രദ്ധേയമായ കാര്യം.
'സഹകരണം പരസ്‌പര ബഹുമാനത്തിലും പരമാധികാര സമത്വത്തിലും അധിഷ്ഠിതമായിരിക്കണം. അത് പ്രാദേശിക സമഗ്രതയും പരമാധികാരവും അംഗീകരിക്കുന്നതും ആവണം. ഏകപക്ഷീയമായ അജണ്ടകളിലല്ല ഇത് നിലനിൽക്കുന്നത്.' ഉച്ചകോടിയിൽ എല്ലാ പ്രതിനിധികളെയും അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിക്കവേ ജയശങ്കർ പറഞ്ഞു.
മൂന്ന് തിന്മകളെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യവും അദ്ദേഹം എടുത്തുപറയുന്നു. ഈ മൂന്ന് തിന്മകളെ പ്രതിരോധിക്കുന്നതിൽ ഉറച്ചതും വിട്ടുവീഴ്‌ചയില്ലാത്തതുമായ നിലപാടുകൾ വേണം. അതിർത്തിക്കപ്പുറമുള്ള പ്രവർത്തനങ്ങൾ തീവ്രവാദം, ഭീകരവാദം, വിഘടനവാദം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നതാണെങ്കിൽ ഒരിക്കലും അത് വ്യാപാരത്തിനെയും മറ്റ് ഘടകങ്ങളെയും പ്രോത്സാഹിപ്പിക്കില്ലെന്ന് അദ്ദേഹം പാകിസ്ഥാനെ സൂചിപ്പിച്ചു കൊണ്ട് പറയുന്നു.
അതേസമയം, കഴിഞ്ഞ ഒൻപത് വർഷത്തിനിടയിൽ ആദ്യമായാണ് ഒരു ഇന്ത്യൻ വിദേശകാര്യ മന്ത്രി പാകിസ്ഥാൻ സന്ദർശിക്കുന്നത്. അവസാനമായി സുഷമ സ്വരാജ് ആയിരുന്നു അവിടേക്ക് പോയത്. ശേഷം ഇപ്പോൾ എസ് ജയശങ്കറാണ് ഇവിടേക്ക് എത്തുന്നത്. എസ്‌സിയോ യോഗത്തിൽ പങ്കെടുക്കാനായി ഇസ്ലാമാബാദിൽ എത്തിയ അദ്ദേഹം പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.
ഹ്രസ്വ കൂടിക്കാഴ്‌ചയിൽ ഇരുവരും കൂടുതൽ ചർച്ചകൾ ഒന്നും നടത്തിയില്ലെന്ന് മാത്രമല്ല പരസ്‌പരം കൈകൊടുത്ത് പിരിയുക മാത്രമാണ് ചെയ്‌തത്. പാകിസ്ഥാനുമായി നിലവിൽ ഉഭയകക്ഷി ചർച്ച നടത്തില്ലെന്ന് നേരത്തെ തന്നെ ജയശങ്കർ വ്യക്തമാക്കിയതാണ്.












Click it and Unblock the Notifications