ചരിത്രം കുറിക്കുമോ കശ്യപ് പട്ടേൽ, ട്രംപിന്റെ വിശ്വസ്‌തനായ ഇന്ത്യൻ വംശജൻ; സിഐഎ തലവനാവുമോ?
ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സമാനതകൾ ഇല്ലാത്ത നേട്ടവുമായാണ് ഡൊണാൾഡ് ട്രംപ് ഒരിക്കൽ കൂടി വൈറ്റ് ഹൗസിന്റെ പടി കയറാൻ ഒരുങ്ങുന്നത്. എതിർ സ്ഥാനാർത്ഥി ഡെമോക്രാറ്റിക് പാർട്ടിയുടെ കമല ഹാരിസിനേക്കാൾ ബഹുദൂരം മുന്നിലാണ് ഡൊണാൾഡ് ട്രംപ്. ആദ്യഘട്ടത്തിൽ നേടിയ മേൽക്കൈ അവസാനം വരെ നിലനിർത്താൻ ട്രംപിന് കഴിഞ്ഞതോടെ കേവല ഭൂരിപക്ഷമായ 270 കടന്ന് ട്രംപിന്റെ വോട്ട് കുതിച്ചുകയറുകയായിരുന്നു.
രണ്ടാംവട്ടമാണ് യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഡൊണാൾഡ് ട്രംപ് വരുന്നത്. അതുകൊണ്ട് തന്നെ ഒട്ടേറെ നിർണായക പ്രഖ്യാപനങ്ങൾക്കാണ് ജനങ്ങൾ കാത്തിരിക്കുന്നത്. ഇതിന് പുറമേ ആരൊക്കെയാവും പുതിയ സർക്കാരിന്റെ ഉന്നത സ്ഥാനങ്ങളിൽ എത്തുക എന്നതുൾപ്പെടെയുള്ള ചർച്ചകളും സജീവമായി നടക്കുന്നുണ്ട്. അത്തരത്തിൽ ബൈഡൻ സർക്കാരിൽ ഉള്ളത് പോലെ ഇന്ത്യൻ വംശജർ കൂടുതലായി എത്തുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

ഡൊണാൾഡ് ട്രംപുമായി ഏറെ അടുപ്പമുള്ള, അദ്ദേഹത്തിന്റെ ഏറ്റവും വിശ്വസ്‌തരിൽ ഒരാളായ ഇന്ത്യൻ വംശജൻ കശ്യപ് പട്ടേൽ അഥവാ കഷ് പട്ടേലും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നുണ്ട്. മുൻ സർക്കാരിന്റെ കാലത്ത് പല ഉന്നത പദവികളിലും ഇന്ത്യൻ വംശജർക്കും സ്ഥാനം ലഭിച്ചിരുന്നു. അതിന്റെ ചുവടുപിടിച്ച് ട്രംപും കൂടുതൽ പേർക്ക് അവസരം നൽകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
ആരാണ് കശ്യപ് പട്ടേൽ?
ഇന്ത്യൻ വംശജനായ കശ്യപ് പട്ടേൽ ട്രംപിന്റെ ഏറ്റവും വിശ്വസ്‌തരായ വ്യക്തികളിൽ ഒരാളാണ്. അതുകൊണ്ട് തന്നെ ഇക്കുറി ഉന്നത പദവി ലഭിക്കുന്നവരുടെ പട്ടികയിൽ അദ്ദേഹവും ഉൾപ്പെടുമെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നതും. അതും യുഎസിലെ ഏറ്റവും വലിയ പദവികളിൽ ഒന്നായ സിഐഎയുടെ തലവനായി അദ്ദേഹം എത്തുമെന്നാണ് ചില വൃത്തങ്ങൾ നൽകുന്ന സൂചന.
മുൻ റിപ്പബ്ലിക്കൻ ഹൗസ് സ്‌റ്റാഫർ കൂടിയ പട്ടേൽ ട്രംപിന്റെ ആദ്യ ടേമിൽ പ്രതിരോധ, ഇന്റലിജൻസ് കമ്മ്യൂണിറ്റികളിൽ വിവിധ ഉയർന്ന പദവികളിൽ ചുമതല വഹിച്ചിരുന്നു. ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ ഡൊണാൾഡ് ട്രംപിന് വോട്ട് തേടി അദ്ദേഹവും ഒപ്പമുണ്ടായിരുന്നു എന്നതാണ് മറ്റൊരു പ്രധാന കാര്യം.
മുൻ ആക്‌ടിംഗ് ഡിഫൻസ് സെക്രട്ടറി ക്രിസ്റ്റഫർ മില്ലറിന്റെ ചീഫ് ഓഫ് സ്‌റ്റാഫ് അയി സേവനം അനുഷ്‌ഠിക്കുക കൂടി ചെയ്‌തിട്ടുള്ള ആളാണ് കശ്യപ് പട്ടേൽ. ന്യൂയോർക്കിലാണ് ജനനം എങ്കിലും പട്ടേലിന്റെ വേരുകൾ ഗുജറാത്തിലെ വഡോദരയിലാണ്. 44കാരനായ കശ്യപ് പട്ടേൽ ഇന്ത്യൻ സമൂഹത്തിനിടയിൽ ചിരപരിചിതനാണ്.
റിച്ച്മണ്ട് സർവകലാശാലയിൽ ബിരുദ പഠനം പൂർത്തിയാക്കിയ അദ്ദേഹം ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ഇന്റർനാഷണൽ ലോയിൽ സർട്ടിഫിക്കറ്റിനൊപ്പം നിയമ ബിരുദവും നേടിയിരുന്നു. പിന്നീട് പലപ്പോഴായി സർക്കാർ വൃത്തങ്ങളുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു. 2019ലാണ് ട്രംപിന്റെ ഭരണത്തിന് കീഴിൽ ദേശീയ സുരക്ഷ കൗൺസിലിൽ എത്തുന്നത്.
വിവാദങ്ങളും ഏറെ
നേരത്തെ ട്രംപിന്റെ ഒന്നാം ഭരണത്തിൽ സിഐഎ അല്ലെങ്കിൽ എഫ്‌ബിഐ എന്നിവ പോലെയുള്ള ഏജൻസികളിൽ തലപ്പത്ത് എത്തേണ്ടതായിരുന്നു കശ്യപ് പട്ടേൽ. എന്നാൽ സിഐഎ തലവൻ ജിന ഹസ്‌പെൽ ഉൾപ്പെടെ എതിർപ്പ് അറിയിച്ചതിനെ തുടർന്നായിരുന്നു അന്നത് നടക്കാതെ പോയത്. പരിചയക്കുറവ് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു കശ്യപിന് പദവി നഷ്‌ടമായത്. ഇക്കുറി അത് യാഥാർഥ്യമാകും എന്നാണ് വിവിധ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ട്.












Click it and Unblock the Notifications