കമാൻഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ ബഹുമതി സ്വന്തം, ചാനലിന്റെ ആദ്യ വനിതാ സിഇഒ; ആരാണ് ലീന നായർ?
ലണ്ടൻ: ചാനൽ ഗ്ലോബലിന്റെ സിഇഒ ലീന നായർക്ക് പ്രിൻസ് വില്യം കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ ബഹുമതി സമ്മാനിച്ചത് ഇന്നായിരുന്നു. റീട്ടെയിൽ, ഉപഭോക്തൃ മേഖലയ്ക്ക് നൽകിയ മികച്ച സംഭാവനകൾ കണക്കിലെടുത്താണ് ഇന്ത്യൻ വംശജയായ ചാനൽ സിഇഒയ്ക്ക് ഈ അവാർഡ് സമ്മാനിച്ചത്. ഇതിന് പിന്നാലെയാണ് ലീന നായർ ആരാണെന്നും അവരുടെ പ്രവർത്തന മേഖല എന്തെന്നുമൊക്കെ ഇന്ത്യക്കാർ കൂടുതലായി തിരയുന്നത്.
അവരെ കുറിച്ച് അറിയും മുൻപ് സവിശേഷമായ ഈ പുരസ്‌കാരത്തെ കുറിച്ചറിയാം. 2025ലെ ചാൾസ് രാജാവിന്റെ പുതുവത്സര ബഹുമതി പട്ടികയിൽ കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ പുരസ്‌കാരവും ഉൾപ്പെടുത്തിയിരുന്നു. ഈ പട്ടികയ്ക്ക് കീഴിൽ, രാജകുടുംബം യുകെയിലെ അവരുടെ വിശിഷ്‌ട സേവനത്തിനോ നേട്ടങ്ങൾക്കോ വ്യക്തികളെ അംഗീകരിക്കുകയും അവർക്ക് പുരസ്‌കാരം സമ്മാനിക്കുകയുമാണ് ചെയ്യാറുള്ളത്.

ആരാണ് ലീന നായർ?
മഹാരാഷ്ട്രയിലെ കോലാപൂരിൽ മലയാളി കുടുംബത്തിലാണ് ലീന നായർ ജനിച്ചത്. മഹാരാഷ്ട്രയിലെ സാംഗ്ലിയിലുള്ള വാൽചന്ദ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് ഇലക്ട്രോണിക്‌സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ (ഇ & ടിസി) എഞ്ചിനീയറിംഗിൽ ബിരുദം പൂർത്തിയാക്കിയ ശേഷം, അവർ എംബിഎ അടക്കമുള്ള ഉന്നത യോഗ്യതകളും കരസ്ഥമാക്കിയിരുന്നു.
ബ്രിട്ടീഷ്-ഇന്ത്യൻ ബിസിനസ് എക്‌സിക്യൂട്ടീവായ ലീന നായർ നിലവിൽ ഫ്രഞ്ച് ആഡംബര ബ്രാൻഡായ ചാനലിന്റെ സിഇഒ ആയാണ് പ്രവർത്തിക്കുന്നത്. കമ്പനിയുടെ ആദ്യ വനിതാ സിഇഒ കൂടിയാണവർ. 52 കാരിയായ ലീന നേരത്തെ യൂണിലിവറിന്റെ ആദ്യത്തെ വനിതാ ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസറും ഏറ്റവും പ്രായം കുറഞ്ഞ ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസറുമായിരുന്നു. തുടർന്ന് 2022 ജനുവരിയിൽ ചാനലിൽ ചേരുന്നതിനായി അവർ ആ സ്ഥാനം രാജിവച്ചു.
ചാനലിലൂടെ, ആഗോളതലത്തിൽ മുൻനിര കമ്പനികളുടെ തലപ്പത്തുള്ള സുന്ദർ പിച്ചൈ, പരാഗ് അഗർവാൾ, സത്യ നാദെല്ല തുടങ്ങിയ ഇന്ത്യൻ വംശജരായ എക്‌സിക്യൂട്ടീവുകളുടെ നീണ്ട നിരയിലേക്ക് അവരും കടന്നുവരികയായിരുന്നു. യൂണിലിവറിൽ 1,60,00 പേരെ മേൽനോട്ടം വഹിച്ചിരുന്ന ലീന നായർ ചാനലിൽ എത്തിയ ശേഷം ലണ്ടനിലാണ് താമസം.
പുരസ്‌കാര നേട്ടത്തെ കുറിച്ച് ലീന നായർ
ഈ അസാധാരണ അംഗീകാരം ലഭിക്കുന്നത് ഒരു ബഹുമതിയാണ്. എന്റെ കുടുംബത്തിന്റെ നിരുപാധികമായ പിന്തുണയ്ക്കും യൂണിലിവറിലെയും ചാനലിലെയും എല്ലാ ആളുകളുടെയും ജ്ഞാനത്തിനും ഉദാരതയ്ക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്; വെയിൽസ് രാജകുമാരനിൽ നിന്ന് പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് അവർ പറഞ്ഞു.
വിൻഡ്‌സർ കാസിലിൽ നടന്ന ചടങ്ങിലാണ് ചാനൽ സിഇഒയ്ക്ക് ഈ ബഹുമതി ലഭിച്ചത്. ബ്രാൻഡിനെ പ്രതിനിധീകരിച്ച് ലീന നായർ വയലറ്റ് ചാനൽ ഹൗട്ട് കൊച്ചർ ട്വീഡ് ഡ്രസ് കോട്ടും, മൈസൺ മസാരോയുടെ ഹൗട്ട് കൊച്ചർ സാൻഡലുകളും, മൈസൺ മൈക്കൽ "ന്യൂ ബോണി" ഫെൽറ്റ് തൊപ്പിയുമാണ് ചടങ്ങിൽ ധരിച്ചത്.












Click it and Unblock the Notifications