ജെഡി വാന്‍സിന്റെ ഇന്ത്യന്‍ വംശജയായ ഭാര്യ, ഇടതുപക്ഷ അനുഭാവി; ആരാണ് ഉഷ ചിലുകുരി?
വാഷിംഗ്ടണ്‍: റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി നേരത്തെ യുഎസ് സെനറ്റര്‍ ജെഡി വാന്‍സിനെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യക്കാരെ സംബന്ധിച്ച് ഏറെ പ്രത്യേകതകള്‍ ഇതിനുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വാന്‍സിന്റെ ഭാര്യ ഹിന്ദുവാണ്. ഉഷ ചിലുകുരിയാണ് വാന്‍സിന്റെ ഭാര്യ.
എന്നാല്‍ ആരാണിവര്‍. വെറുമൊരു ഇന്ത്യന്‍ വംശജ എന്നതില്‍ കവിഞ്ഞുള്ള പ്രത്യേകതകള്‍ ഉഷ ചിലുകുരിക്കുണ്ടോ? തന്റെ വ്യക്തി ജീവിതവും ആത്മീയ ജീവിതവും രൂപപ്പെടുത്തിയെടുക്കുന്നതില്‍ നിര്‍ണായക പങ്ക് ഭാര്യ വഹിച്ചിട്ടുണ്ടെന്നാണ് വാന്‍സ് വെളിപ്പെടുത്തുന്നത്. ഉഷ ദേശീയ തലത്തില്‍ തന്നെ അറിയപ്പെടുന്ന കമ്പനിയില്‍ അഭിഭാഷകയാണ്.

ഉഷയുടെ മാതാപിതാക്കള്‍ യുഎസ്സിലേക്ക് കുടിയേറിയവരാണ്. മികവുറ്റ അക്കാദമിക് പശ്ചാത്തലം ഉഷയ്ക്കുണ്ട്. യേല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഹിസ്റ്ററിയില്‍ ബാച്ചിലര്‍ ഡിഗ്രി അവര്‍ക്കുണ്ട്. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫിലോസഫി ഡിഗ്രിയില്‍ മാസ്റ്റേഴ്‌സും അവര്‍ നേടിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സുപ്രീം കോടതി ജഡ്ജുമാരായ ജസ്റ്റിസ് ജോണ്‍ റോബര്‍ട്‌സ്, ബ്രെറ്റ് കാവനോ, എന്നിവരുടെ ക്ലര്‍ക്കായിരുന്നു ഉഷ ചിലുകുരി. അതിന് ശേഷമാണ് സുപ്രീം കോടതിയിലേക്ക് അവര്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടത്. കാലിഫോര്‍ണിയയിലെ സാന്‍ഡിയാഗോയിലാണ് അവര്‍ വളര്‍ന്നത്. യേല്‍ ജേണല്‍ ഓഫ് ലോ ടെക്‌നോളജിയുടെ യേല്‍ ലോ ജേണലില്‍ മാനേജിംഗ് എഡിറ്ററായും അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ രംഗത്തെ അവരുടെ നാല് വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷമായിരുന്നു കേംബ്രിഡ്ജിലെ അവരുടെ പഠനം. അവിടെ ഇടതുപക്ഷവുമായിട്ടായിരുന്നു ഉഷയ്ക്ക് ആഭിമുഖ്യമുണ്ടായിരുന്നത്. ലിബറല്‍ ഗ്രൂപ്പുകളുമായും അവര്‍ക്ക് അടുപ്പമുണ്ടായിരുന്നു. 2014ല്‍ ഉഷ ഡെമോക്രാറ്റ് പാര്‍ട്ടി ആശയങ്ങള്‍ പിന്തുടര്‍ന്നിരുന്നു. പാര്‍ട്ടിയില്‍ അവരുടെ പേരും രജിസ്റ്റര്‍ ചെയ്തിരുന്നു. യേലില്‍ വെച്ചാണ് ഉഷയും വാന്‍സും തമ്മില്‍ പരിചയപ്പെടുന്നത്.
2014ലായിരുന്നു ഇവരുടെ വിവാഹം. ദമ്പതിമാര്‍ക്ക് മൂന്ന് കുട്ടികളാണ് ഉള്ളത്. വാന്‍സിന്റെ ഓര്‍മക്കുറിപ്പാണ് ഹില്ലിബില്ലി എലെജി എന്ന ബെസ്റ്റ് സെല്ലിംഗ് പുസ്തകം. ഇതിന് ആവശ്യമായ പോയിന്റുകള്‍ സമ്മാനിച്ചത് ഉഷയാണ്. ഗ്രാമീണ വെള്ളക്കാരുടെ സാമൂഹിക തകര്‍ച്ചയെ കുറിച്ചാണ് ഈ പുസ്തകം പ്രതിപാദിച്ചിരുന്നത്. നേരത്തെ വളരെ അപൂര്‍വമായി പൊതുവേദികളില്‍ ഉഷ വാന്‍സിനൊപ്പം എത്തിയിട്ടുണ്ട്.
ആനന്ദ് മഹീന്ദ്രയുടെ പ്രതികരണം
പ്രമുഖ ബിസിനസുകാരനായ ആനന്ദ് മഹീന്ദ്ര വാന്‍സിന്റെയും ഉഷയുടെയും വിവാഹ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. പഴയ ഫോട്ടോയാണിത്. ഇതാ ആഘോഷിക്കാന്‍ മറ്റൊരു ഇന്ത്യന്‍ വിവാഹം എന്ന തലക്കെട്ടോടെയാണ് ആനന്ദ് മഹീന്ദ്ര കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
വാന്‍സും ഉഷയും ഇന്ത്യന്‍ വസ്ത്രങ്ങളും വിവാഹ മാലയും അണിഞ്ഞാണ് ചിത്രത്തില്‍ നിന്നിരുന്നത്. ആനന്ദ് അംബാനിയുടെയും വാന്‍സിന്റെയും വിവാഹങ്ങള്‍ തമ്മില്‍ പരോക്ഷമായി താരതമ്യം ചെയ്ത് കൊണ്ടായിരുന്നു ആനന്ദ് മഹീന്ദ്രയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്. വാന്‍സിന്റെയും ഉഷയുടെയും വിവാഹങ്ങള്‍ വളരെ ലളിതമായ രീതിയിലായിരുന്നു നടന്നത്.












Click it and Unblock the Notifications