യുക്രൈൻ-റഷ്യ സമാധാന ചർച്ചകൾക്ക് ഇന്ത്യ നേതൃത്വം നൽകും? പുടിനെ കണ്ട് അജിത് ഡോവൽ, സാധ്യത ഇങ്ങനെ
മോസ്‌കോ: ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്‌ച നടത്തി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. ബ്രിക്‌സ് കൂട്ടായ്‌മയിലെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാക്കളുടെ യോഗത്തോടനുബന്ധിച്ചാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്‌ച നടത്തിയത്. ഇന്ത്യയിലെ റഷ്യൻ എംബസി എക്‌സിൽ പങ്കിട്ട ചിത്രത്തിൽ ഇരുവരും തമ്മിൽ കൈകൊടുക്കുന്നതും ഒരുമിച്ച് ഇരിക്കുന്നതും കാണാമായിരുന്നു.
ഏറെ പ്രാധാന്യമുള്ള ഒരു കൂടിക്കാഴ്‌ചയായാണ് ഇതിനെ പലരും വിലയിരുത്തുന്നത്. നിലവിൽ നടന്നു കൊണ്ടിരിക്കുന്ന റഷ്യ-യുക്രൈൻ യുദ്ധത്തിലെ സമാധാന ചർച്ചകൾക്ക് ഇന്ത്യ നേതൃത്വം വഹിക്കുമെന്ന അഭ്യൂഹങ്ങൾ നേരത്തെ തന്നെ ഉയർന്നതാണ്. ഇതിനിടെ കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈനിലേക്ക് ചരിത്രപരമായ സന്ദർശനം നടത്തുകയും ചെയ്‌തിരുന്നു.

ഈ സാഹചര്യത്തിൽ അജിത് ഡോവൽ സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. പ്രധാനമന്ത്രിയുടെ നരേന്ദ്ര മോദിയുടെ സമാധാന പദ്ധതി റഷ്യൻ പ്രസിഡന്റ് പുടിന് എത്തിച്ചു നൽകുക എന്ന ചുമതലയാണ് അജിത് ഡോവലിന്റേത് എന്നായിരുന്നു പല കോണുകളിൽ നിന്ന് ഉയരുന്ന അഭിപ്രായം. അടുത്ത മാസം ബ്രിക്‌സ് ഉച്ചകോടിക്കായി മോദി റഷ്യയിൽ എത്താനുള്ള സാധ്യതയും തെളിയുന്നുണ്ട്.
മോദിയുടെ വരവിനെ കുറിച്ച് പുടിൻ ഇന്ന് സൂചന നൽകുകയും ചെയ്‌തുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ബ്രിക്‌സ് ഉച്ചകോടിക്കിടെ ഒക്ടോബർ 22-ന് പ്രധാനമന്ത്രി മോദിയുമായി പുടിൻ ഉഭയകക്ഷി ചർച്ച നടത്താനുള്ള സാധ്യതയും തെളിയുന്നുണ്ട്. റഷ്യൻ എംബസി ടെലിഗ്രാമിൽ പങ്കുവച്ച പ്രസ്‌താവനയിലാണ് ഇക്കാര്യം അറിയിക്കുന്നത്.
അങ്ങനെയെങ്കിൽ അതിന് മുന്നോടിയായുള്ളതാവാം അജിത് ഡോവലുമായി നടന്ന കൂടിക്കാഴ്‌ച എന്നാണ് വിലയിരുത്തൽ. ഇന്നലെ സെന്റ് പീറ്റേഴ്‌സ്ബർഗിൽ റഷ്യൻ സുരക്ഷാ ഉപദേഷ്‌ടാവ് സെർജി ഷോയ്ഗുമായി അജിത് ഡോവൽ കൂടിക്കാഴ്‌ച നടത്തുകയും സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്‌തിരുന്നു. ഇതിന് പിന്നലെയാണ് പുടിനേയും ഡോവൽ കണ്ടത്.
ആഗസ്‌റ്റ് 23ന് യുക്രൈനിയൻ പ്രസിഡന്റുമായി പ്രധാനമന്ത്രി മോദി നടത്തിയ ചർച്ചയിലെ കാര്യങ്ങൾ ഇരു സുരക്ഷാ ഉപദേഷ്‌ടാകളുടെയും പരിഗണയിൽ വന്നുവെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ ഒരു ലക്ഷ്യത്തോടെ തന്നെയാവും അജിത് ഡോവൽ റഷ്യയിൽ വന്നിറങ്ങിയതെന്ന് നേരത്തെ തന്നെ ചില വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു.
അതേസമയം, രണ്ടാഴ്‌ച മുൻപാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈനിലേക്ക് ചരിത്ര സന്ദർശനം നടത്തിയത്. അവിടെ വച്ച് യുക്രൈൻ പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്‌കിയുമായി നടത്തിയ ചർച്ചയിൽ, യുദ്ധം അവസാനിപ്പിക്കാൻ റഷ്യയും ഒരുമിച്ച് ഇരിക്കണമെന്നും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഇന്ത്യ സജീവമായ പങ്ക് വഹിക്കാൻ തയ്യാറാണെന്നും പ്രധാനമന്ത്രി നിലപാടറിയിച്ചിരുന്നു.












Click it and Unblock the Notifications