'വ്യാളിയും ആനയും ഒരുമിച്ചുള്ള ടാംഗോ നൃത്തം പോലെ ഇന്ത്യ-ചൈന ബന്ധം വികസിക്കണം'; ഷി ജിൻപിംഗ്
ന്യൂഡൽഹി: വ്യാളിയും ആനയും ഒരുമിച്ചുള്ള ടാംഗോ നൃത്തം പോലെ ഇന്ത്യ-ചൈന ബന്ധം വികസിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്. ഇന്ത്യയുടെ പ്രതീകാത്മക ചിഹ്നമായി ആനയേയും ചൈനയുടെ ചിഹ്നമായി വ്യാളിയേയും കണക്കാക്കിയാണ് തെക്കേ അമേരിക്കൻ നൃത്തരൂപമായ ടാംഗോ കൂടി ചേർത്തുള്ള ഷിയുടെ പരാമർശം. ഇന്ത്യ-ചൈന ബന്ധത്തിൽ പ്രതീക്ഷ പകരുന്ന ഇടപെടലുകളാണ് കഴിഞ്ഞ കുറച്ച് നാളുകളായി കാണുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികത്തിൽ പ്രസിഡന്റ് ദ്രൗപതി മുർമുവിന് അയച്ച അഭിനന്ദന സന്ദേശത്തിൽ, ഇന്ത്യയും ചൈനയും പരസ്‌പര നേട്ടങ്ങളുടെ പങ്കാളികളാകുക എന്നതാണ് ശരിയായ തിരഞ്ഞെടുപ്പെന്ന് ഷി വ്യക്തമാക്കി. ഉഭയകക്ഷി ബന്ധങ്ങളുടെ വികസനം ഇതിന് തെളിവാണെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള സിൻഹുവ വാർത്താ ഏജൻസി പുറത്തുവിട്ട പ്രസ്‌താവനയിൽ ഷി ജിൻപിംഗിനെ ഉദ്ധരിച്ച് പറയുന്നു.

ഇരു രാജ്യങ്ങളും തന്ത്രപരമായ ഉന്നതിയും ദീർഘകാല വീക്ഷണകോണും അടിസ്ഥാനമാക്കി ഉഭയകക്ഷി ബന്ധങ്ങൾ കൈകാര്യം ചെയ്യണമെന്നും സമാധാനപരമായ സഹവർത്തിത്വം, പരസ്‌പര വിശ്വാസം, പരസ്‌പര നേട്ടം, പൊതു വികസനം എന്നിവ ഉറപ്പാക്കണമെന്നും ഷി അറിയിച്ചു. ഇരു രാജ്യങ്ങളും സംയുക്തമായി ഒരു ബഹുധ്രുവ ലോകത്തെയും അന്താരാഷ്ട്ര ബന്ധങ്ങളിൽ കൂടുതൽ ജനാധിപത്യത്തെയും പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും അടിസ്ഥാന താൽപ്പര്യങ്ങൾ പൂർണമായും നിറവേറ്റുന്ന 'വ്യാളി-ആന ടാംഗോ' യാഥാർത്ഥ്യമാക്കുന്നതിനും പരസ്‌പര നേട്ടങ്ങളുടെ പങ്കാളികളാകുന്നതിനും ചൈനയും ഇന്ത്യയും നടത്തുന്നത് ശരിയായ തിരഞ്ഞെടുപ്പാണെന്ന് ചൈന-ഇന്ത്യ ബന്ധങ്ങളുടെ വികസനം തെളിയിക്കുന്നു' ഷിയുടെ സന്ദേശം പറയുന്നു.
വിവിധ മേഖലകളിലെ കൈമാറ്റങ്ങളും സഹകരണവും ശക്തിപ്പെടുത്തുന്നതിനും പ്രധാന അന്താരാഷ്ട്ര കാര്യങ്ങളിൽ ആശയവിനിമയവും ഏകോപനവും വർധിപ്പിക്കുന്നതിനും ചൈന-ഇന്ത്യ അതിർത്തി പ്രദേശത്ത് സമാധാനവും ശാന്തിയും സംയുക്തമായി സംരക്ഷിക്കുന്നതിനുമുള്ള അവസരത്തിനായി പ്രസിഡന്റ് മുർമുവുമായി പ്രവർത്തിക്കാൻ തയ്യാറാണെന്നും ചൈനീസ് പ്രസിഡന്റ് പറഞ്ഞു.
ഷി ജിൻപിംഗിനും പ്രസിഡന്റ് മുർമുവിനും പുറമെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ്ങും അഭിനന്ദന സന്ദേശങ്ങൾ കൈമാറിയെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ ബീജിംഗിൽ നടന്ന മാധ്യമസമ്മേളനത്തിൽ ഒരു ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലെ ബന്ധത്തിന് ഏഴര പതിറ്റാണ്ടു തികയുന്ന വേളയിലാണ് ഈ സംഭവം.
ഇന്ത്യ-ചൈന അതിർത്തിയിലെ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള പ്രമേയങ്ങൾ സംയുക്തമായി നടപ്പിലാക്കുന്നതിനായി ഇന്ത്യയുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് ഫെബ്രുവരിയിൽ ചൈന പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യുഎസ് തീരുവയുമായി ബന്ധപ്പെട്ട വാർത്തകൾ വന്നതോടെ അവർ ഇന്ത്യയുമായി കൂടുതൽ അടുക്കാൻ ശ്രമിക്കുന്നത്.












Click it and Unblock the Notifications