ദമ്മാമിലേക്ക് ചീറിയടുത്ത് മിസൈലുകള്‍; സൗദി വീണ്ടും വിറച്ചു... 14 വീടുകളില്‍ തട്ടി അവശിഷ്ടങ്ങള്‍
റിയാദ്: അബഹ വിിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ദമ്മാമിലേക്ക് മിസൈലുകള്‍. നിരവധി മിസൈലുകളും ഡ്രോണുകളും സൗദിയിലെ വിവിധ നഗരങ്ങള്‍ ലക്ഷ്യമിട്ടെത്തി. മിക്കതും സൗദി സൈന്യം ആകാശത്ത് വച്ചു തന്നെ തകര്‍ത്തെങ്കിലും ദമ്മാമില്‍ ചില നഷ്ടങ്ങളുണ്ടായി എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവിടെ രണ്ടു കുട്ടികള്‍ക്ക് പരിക്കേറ്റു.
യമനിലെ ഹൂത്തി വിമതരാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് വലിയ ആയുധ ശേഷിയുണ്ടെന്നാണ് വിലയിരുത്തല്‍. സൗദിയും ഇറാനും തമ്മില്‍ ചര്‍ച്ചകള്‍ നടന്നേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് പുതിയ ആക്രമണം. വിശദാംശങ്ങള്‍ ഇങ്ങനെ...

ദമ്മാമിന് പുറമെ നജ്‌റാന്‍, ജസാന്‍ എന്നീ നഗരങ്ങളിലേക്കും മിസൈല്‍ ആക്രമണമുണ്ടായി. എണ്ണ സമ്പന്നമായ മേഖല ലക്ഷ്യമിട്ടാണ് പുതിയ ആക്രമണങ്ങള്‍. ദമ്മാം നഗരത്തിന് മുകളില്‍ വച്ചാണ് ചില മിസൈലുകള്‍ സൈന്യം തകര്‍ത്തത്. ഇതോടെ മിസൈലുകളുടെ അവശിഷ്ടങ്ങള്‍ ചില വീടുകള്‍ക്ക് മുകളില്‍ വീണുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ദമ്മാമില്‍ രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു. 14 വീടുകള്‍ക്ക് നിസാരമായ കേടുപാടുകള്‍ സംഭവിച്ചു. അബഹയിലെ വിമാനത്താവളത്തിന് നേരെ ദിവസങ്ങള്‍ക്ക് മുമ്പുണ്ടായ ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരു വിമാനം തകരുകയും ചെയ്തിരുന്നു. സൗദിയിലെ എണ്ണ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇതിന് മുമ്പും ഹൂത്തികള്‍ ആക്രമണം നടത്തിയിട്ടുണ്ട്. 2019ല്‍ അരാംകോയുടെ നിലയം ആക്രമിച്ചത് വലിയ വാര്‍ത്തയായിരുന്നു.

അതേസമയം, ശനിയാഴ്ചയുണ്ടായ ആക്രമണം അരാംകോ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ല. കേന്ദ്രത്തിന് പുറത്താണ് ആക്രമണം നടന്നത്. അരാംകോ കേന്ദ്രങ്ങള്‍ക്ക് സുരക്ഷ ശക്തമാക്കാന്‍ സൗദി പ്രതിരോധ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. അതിര്‍ത്തിക്ക് അപ്പുറത്ത് നിന്നുള്ള ആക്രമണമാണ് നടന്നതെന്നും ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ചയുമായിട്ടായിരുന്നു അബഹ വിമാനത്താവളത്തിന് നേരെ ആക്രമണങ്ങള്‍. ഇന്ത്യയ്ക്കാരുള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. യമനില്‍ സൗദി സൈന്യവും ഹൂത്തികളും തമ്മിലുള്ള യുദ്ധം തുടരവെയാണ് തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് യമനിലെ തെക്കന്‍ മേഖലയില്‍ ശക്തമായ ആക്രമണം ഹൂത്തികള്‍ നടത്തിയിരുന്നു. സൗദി പിന്തുണയ്ക്കുന്ന സര്‍ക്കാരിന്റെ 30 സൈനികരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

2014ലാണ് ഹൂത്തി വിമതര്‍ യമനിലെ ഭൂരിഭാഗം പ്രദേശങ്ങളും നിയന്ത്രണത്തിലാക്കിയത്. ഇതോടെ യമനില്‍ സൗദി സൈന്യം ഇടപെട്ടു. സൗദിയുടെ ആക്രമണത്തില്‍ നിരവധി ഹൂത്തികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് തിരിച്ചടിയെന്നോണമാണ് ഹൂത്തികള്‍ സൗദി നഗരം ആക്രമിക്കാന്‍ തുടങ്ങിയത്. സൗദിയിലെ വിമാനത്താവളങ്ങള്‍, സൈനിക കേന്ദ്രങ്ങള്‍, എണ്ണ കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് നേരെയെല്ലാം ഹൂത്തികള്‍ ആക്രമണം നടത്തുകയാണിപ്പോള്‍.

അതേസമയം, സൗദി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന്‍ ഖത്തറിലെത്തി. ഖത്തര്‍ ആഭ്യന്തര മന്ത്രി ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ത്താനി ദോഹ വിമാനത്താവളത്തില്‍ സ്വീകരിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ സൗഹൃദം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് സൗദി മന്ത്രി ഖത്തറിലെത്തിയത്. അഫ്ഗാന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു എന്നാണ് വിവരം.

അഫ്ഗാനില്‍ സമാധാന ശ്രമങ്ങള്‍ നടത്തുന്ന പ്രധാന രാജ്യമാണ് ഖത്തര്‍. താലിബാന്‍, അമേരിക്ക, അഫ്ഗാനിലെ മറ്റു നേതാക്കള്‍ എന്നിവര്‍ പങ്കെടുത്ത ചര്‍ച്ചകള്‍ ദോഹയില്‍ നടന്നിരുന്നു. കാബൂള്‍ വിമാനത്താവളത്തിന് സാങ്കേതിക സഹായം നല്‍കുന്നത് ഇപ്പോള്‍ ഖത്തറാണ്. അഫ്ഗാനില്‍ സമാധാനം പാലിക്കണമെന്നാണ് ഖത്തറിന്റെ നിലപാട്. താലിബാന്‍ ഭരണകൂടത്തെ ഖത്തറും സൗദിയും അംഗീകരിച്ചേക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.












Click it and Unblock the Notifications