ഇന്ത്യ-റഷ്യ ഇടപാടിൽ മാറ്റം ഉണ്ടാവുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് സെലൻസ്‌കി; 'യൂറോപ്പും യുഎസും മനസ് വയ്ക്കണം'
കീവ്: ഇന്ത്യയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള ശക്തമായ നയതന്ത്ര ഇടപെടൽ റഷ്യയിൽ നിന്നുള്ള ഊർജ്ജ ഇറക്കുമതി പുനഃപരിശോധിക്കാൻ വരെ പ്രേരിപ്പിക്കുമെന്ന് ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിച്ച് യുക്രൈൻ പ്രസിഡന്റ് വ്ളാഡിമർ സെലെൻസ്‌കി. ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ, റഷ്യയുമായുള്ള യുദ്ധം തുടരുന്നതിനിടെ ഇന്ത്യ പാശ്ചാത്യ രാജ്യങ്ങളുമായി യോജിച്ചു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത സെലെൻസ്‌കി എടുത്തുപറഞ്ഞു.
ഇന്ത്യയുമായുള്ള തന്ത്രപരമായ ഇടപെടൽ കൂടുതൽ ആഴത്തിലാക്കാനും റഷ്യയുമായുള്ള ഊർജ്ജ ബന്ധങ്ങൾ നിരുത്സാഹപ്പെടുത്താനും അദ്ദേഹം പാശ്ചാത്യ രാജ്യങ്ങളോട്, പ്രത്യേകിച്ച് അമേരിക്കയോടും യൂറോപ്പിനോടും ആഹ്വാനം ചെയ്‌തു. ഇതിലൂടെ റഷ്യയ്ക്ക് മേൽ സമ്മർദ്ദം ചെലുത്താമെന്നും നിലവിലെ പരിതസ്ഥിതിയിൽ സമൂലമായ മാറ്റം കൊണ്ടവരാമെന്നുമുള്ള പ്രതീക്ഷയാണ് യുക്രൈൻ പ്രസിഡന്റ് പ്രകടിപ്പിക്കുന്നത്.

ഇന്ത്യ പിന്‍വലിയാതിരിക്കാൻ നമ്മൾ എല്ലാം ചെയ്യണം, അവർ റഷ്യൻ ഊർജ്ജ മേഖലയോടുള്ള അവരുടെ മനോഭാവം മാറ്റും. എനിക്ക് ഉറപ്പുണ്ട്. കൂടുതൽ നയതന്ത്ര ശ്രമങ്ങൾ റഷ്യയിൽ നിന്ന് ഊർജ്ജം ശേഖരിക്കുന്നതിനുള്ള സമീപനത്തെക്കുറിച്ച് പുനർവിചിന്തനം നടത്താൻ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ ഊർജ്ജ ഇറക്കുമതിയെക്കുറിച്ചുള്ള ആശങ്കകൾ അംഗീകരിക്കുമ്പോൾ തന്നെ, ആ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കഴിവിൽ അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. 'അതെ,ഊർജ്ജ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ഞങ്ങൾക്ക് ഈ ചോദ്യങ്ങൾ ഉണ്ടായിരുന്നത്, പക്ഷേ പ്രസിഡന്റ് ട്രംപിന് അത് കൈകാര്യം ചെയ്യാൻ കഴിയുമെന്ന് ഞാൻ കരുതുന്നു' അദ്ദേഹം പറഞ്ഞു.
ആഗോള വിന്യാസങ്ങൾ, അതിൽ തന്നെ പ്രത്യേകിച്ച് റഷ്യയുമായി കൂടുതൽ അടുപ്പമുള്ളതായി കരുതപ്പെടുന്ന രാജ്യങ്ങൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പരാമർശങ്ങൾ വന്നത്. റഷ്യയുമായി ഏറ്റവും അടുപ്പം വച്ച് പുലർത്തുന്ന ഇന്ത്യയെ കുറിച്ച് അതുകൊണ്ട് തന്നെയാണ് അദ്ദേഹം പരാമർശിക്കയും ചെയ്‌തത്.
ഇന്ത്യ കൂടുതലും നമ്മോടൊപ്പമാണെന്ന് ഞാൻ കരുതുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു, ഇന്ത്യ പാശ്ചാത്യ രാജ്യങ്ങളുടെ തന്ത്രപരമായ പങ്കാളിയായി തുടരുമെന്ന തന്റെ വിശ്വാസത്തെ അദ്ദേഹം ശക്തമായി പ്രകടിപ്പിച്ചു. മാത്രമല്ല യൂറോപ്പും ഇന്ത്യയും തമ്മിലുള്ള അടുത്ത സഹകരണം ന്യൂഡൽഹിയുടെ നിലപാട് മാറ്റാൻ സഹായിക്കുമെന്ന് സെലൻസ്‌കി സൂചിപ്പിച്ചു.
യൂറോപ്യന്മാർ ഇന്ത്യയുമായി കൂടുതൽ അടുത്തതും ശക്തവുമായ ബന്ധം സ്ഥാപിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറയുന്നു. ട്രംപുമായുള്ള ചർച്ചയെ കുറിച്ചും അദ്ദേഹം വാചാലനായി. പ്രസിഡന്റ് ട്രംപ് കൂടുതൽ പോസിറ്റീവായിരുന്നു. അവസാനം വരെ യുക്രൈനിനെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം കാണിച്ചു; സെലൻസ്‌കി പറഞ്ഞു.
അതിനിടെ ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ തുടരുന്ന സാഹചര്യത്തിൽ കൂടിയാണ് സെലൻസ്‌കിയുടെ വാക്കുകൾ പുറത്തുവരുന്നത്. ഇതിൽ അന്തിമ തീരുമാനം ആയില്ലെങ്കിൽ ഏറ്റവുമധികം ബാധിക്കുക റഷ്യ-യുക്രൈൻ ബന്ധത്തെയാവും. ഇനി ഒരുപക്ഷേ ഇന്ത്യ-യുഎസ് സ്വതന്ത്ര വ്യാപാര കരാർ വന്നാൽ തന്നെയും റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തണമെന്നുമില്ല. ഇത് യുഎസിനെ കൂടുതൽ പ്രതിരോധത്തിലാക്കും.












Click it and Unblock the Notifications