തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലെ വിഷു ഉത്സവം 14ന് തുടങ്ങും
തലശേരി: കേരളത്തിലെ പ്രശസ്തവും പുണ്യപുരാതനവുമായ തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ വിഷു ഉത്സവം ഏപ്രില്‍ 14 മുതല്‍ 21 വരെ നടക്കുമെന്ന് ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസര്‍ സി.വി ദാമോദരന്‍ തലശേരി പ്രസ്ഫോറത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച രാത്രി 8 നും 8.30 നും മദ്ധ്യേയുള്ള ശുഭമുഹൂര്‍ത്തത്തില്‍ ഉത്സവം കൊടിയേറും. ഏഴു നാളത്തെ ഉത്സവം ഏപ്രില്‍ 21ന് രാവിലെ ക്ഷേത്രച്ചിറയില്‍ നടക്കുന്ന ആറാട്ടോടെ സമാപിക്കും.
കഴിഞ്ഞ കോവിഡ് കാലത്തെ അപേക്ഷിച്ച് ഇത്തവണ പൂര്‍വ്വാധികം ഭംഗിയോടെ ഉത്സവം നടത്താനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ഉത്സവ തുടക്കത്തില്‍ നാലുദിവസങ്ങളില്‍ അഞ്ച് ആനകള്‍ വീതവും അവസാനത്തെ രണ്ടു ദിവസം ഏഴു ആനകളും എഴുന്നള്ളത്തില്‍ അണിനിരക്കും - കേരള പ്രശസ്തരായ പുതുപ്പള്ളി കേശവന്‍, മീനാട്ട് വിനായകന്‍, നെല്ലിക്കാട്ട് മഹാദേവന്‍ തുടങ്ങിയ ഗജവീരന്മാര്‍ ഇത്തവണ ഉത്സവത്തിനെത്തുന്നുണ്ട്.

പല്ലാവൂര്‍ ശ്രീധര മാരാര്‍, ചെറുശ്ശേരി കുട്ടന്‍ മാരാര്‍, ചെറുതാഴം ചന്ദ്രന്‍ , കടമേരി ഉണ്ണികൃഷ്ണന്‍, തുടങ്ങിയ പ്രഗത്ഭ മേളപ്രമാണിമാരുടെ പഞ്ചാരിമേളം, പഞ്ചവാദ്യം, പാണ്ടിമേളം തുടങ്ങിയ വാദ്യഘോഷങ്ങള്‍ എന്നിവ ഉത്സവ എഴുന്നള്ളത്തിന് മാറ്റുകൂട്ടും. സമാപന ദിവസത്തെ പഞ്ചവാദ്യ ഉത്സവ മേളം കനറാ ബാങ്ക് ജീവനക്കാരുടെയും, റിട്ടയറീസ് ഉദ്യോസ്ഥരുടെയും വകയാണ്.
ഉത്സവം കഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് ക്ഷേത്രത്തിലെ ജീര്‍ണ്ണോദ്ധാരണ പ്രവൃത്തികള്‍ ആരംഭിക്കും - ഇതിനായി 10 കോടി 10 ലക്ഷം ചിലവ് പ്രതീക്ഷിക്കുന്നുണ്ട്. കിഫ് ബി യിലൂടെ അനുവദിക്കപ്പെട്ട രണ്ട് കോടി 42 ലക്ഷം മുടക്കി പുതിയ ഊട്ടുമഠം നിര്‍മ്മാണത്തിന് തുടക്കമിട്ടു കഴിഞ്ഞു. സമാപന ദിവസം 5000ത്തോളം ഭക്തര്‍ക്ക് ആറാട്ട് സദ്യ നല്‍കും.
Tips for Typing Speed: ചറാപറാന്ന് വേഗത്തില്‍ ടൈപ്പ് ചെയ്യണോ.. ഇതാ ചില ട്രിക്കുകള്‍
വാര്‍ത്താ സമ്മേളനത്തില്‍ ശ്രീ രാമസേവാസമിതി, ട്രസ്റ്റി ബോര്‍ഡ്, ക്ഷേത്ര ജീര്‍ണ്ണോദ്ധാരണ കമ്മിറ്റി ഭാരവാഹികളായ കെ..പി. ജയാനന്ദന്‍, എന്‍.ആര്‍.അജയകുമാര്‍, കെ.രാമചന്ദ്രന്‍, പി.എം.ശൈലേഷ്, സി.സുരേഷ് ബാബു, ടി.പി.രാമകൃഷ്ണന്‍, എന്‍.കെ.പ്രദീപ് കുമാര്‍, പി.ടി.രാമദാസ് എന്നിവരും പങ്കെടുത്തു.












Click it and Unblock the Notifications