സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്, അര്‍ജുന്‍ ആയങ്കിയ്‌ക്കെതിരെ കാപ്പ ചുമത്തി; നാടുകടത്തിയേക്കും
കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണ കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കി അടക്കം 2 പേരെ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം ( കാപ്പ ) പ്രകാരം നാട് കടത്തി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വളപട്ടണം പൊലീസ് സ്റ്റേഷനില്‍ മാത്രം നാല് ക്രിമിനല്‍ കേസുകള്‍ അര്‍ജുന്‍ ആയങ്കിക്ക് എതിരെ ഉണ്ട് എന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
അഴീക്കോട് കപ്പക്കടവ് സ്വദേശിയാണ് അര്‍ജുന്‍ ആയങ്കി. അര്‍ജുന്‍ ആയങ്കിയ്ക്ക് നിലവില്‍ കസ്റ്റംസ് കേസിലെ ജാമ്യ വ്യവസ്ഥ പ്രകാരംകണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ സാധിക്കില്ല. മട്ടന്നൂര്‍ പാലോട്ട് പള്ളി ആരിഫ മന്‍സിലില്‍ യു കെ അസ്‌കറിനെയും ( 41 ) കാപ്പ ചുമത്തി ജില്ലയില്‍ നിന്ന് നാടുകടത്തിയിരിക്കുകയാണ്.

മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ മാത്രം മൂന്ന് ക്രിമിനല്‍ കേസുകള്‍ യു കെ അസ്‌കറിന് എതിരെ ഉണ്ട് എന്ന് പൊലീസ് പറയുന്നു. സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍ ഇളങ്കോയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റേഞ്ച് ഡി ഐ ജിയാണ് നാട് കടത്തല്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഇത് പ്രകാരം പ്രതികള്‍ക്ക് 6 മാസത്തേക്ക് ജില്ലയില്‍ പ്രവേശിക്കാന്‍ സാധിക്കില്ല. കാപ്പ ചുമത്തി ജയിലില്‍ അടയ്ക്കുന്നതിന് 13 പ്രതികള്‍ക്ക് എതിരെ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതില്‍ നാല് പേര്‍ക്കെതിരെ നടപടിയായിട്ടുണ്ട്. നാട് കടത്തുന്നതിന് ശുപാര്‍ശ നല്‍കിയ പത്ത് പേരില്‍ നാല് പേര്‍ക്കെതിരെ നടപടിയായിട്ടുണ്ട്.
ഇതൊക്കെ എങ്ങനെ വിശേഷിപ്പിക്കും ഇനിയാ.... സൗന്ദര്യം എന്നാല്‍ നിങ്ങളാണ്
കാപ്പ നിയമത്തിലെ 15-ാംവകുപ്പാണ് അര്‍ജുന്‍ ആയങ്കിയുടെ പേരില്‍ ചുമത്തിയിരിക്കുന്നത്. നേരത്തെ ഡി വൈ എഫ് ഐ നേതാക്കളുമായി അര്‍ജുന്‍ ആയങ്കി ഇടഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്തുന്നു എന്ന് പറഞ്ഞ് അര്‍ജുന്‍ ആയങ്കിക്കെതിരേ ഡി വൈ എഫ് ഐ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
കണ്ണൂര്‍ മുന്‍ ജില്ല സെക്രട്ടറി പി ജയരാജന്റെ കൂടെ നിന്ന് എടുത്ത ഫോട്ടോ ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ ഇടത് പ്രവര്‍ത്തകരെന്ന ലേബല്‍ ലഭിക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു ഡി വൈ എഫ് ഐ പറഞ്ഞത്. ഈ ഫോട്ടോ ഉപയോഗിച്ചാണ് അര്‍ജുന്‍ ആയങ്കിയും ആകാശ് തില്ലങ്കരിയും അടക്കമുള്ള സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങളുടെ പ്രവര്‍ത്തനം എന്നായിരുന്നു ഡി വൈ എഫ് ഐയുടെ ആരോപണം.












Click it and Unblock the Notifications