പനി ബാധിച്ച് കുട്ടി മരിച്ച സംഭവം; മരണ കാരണം ശ്വാസകോശത്തിലുണ്ടായ അണുബാധ, ചികിത്സ നിഷേധത്തിന് കേസ്
കണ്ണൂര്‍: കണ്ണൂര്‍ സിറ്റിയില്‍ പനിബാധിച്ച് പതിനൊന്നുകാരി മരിച്ച സംഭവത്തില്‍ ചികിത്സ നിഷേധിച്ചതിനെതിരെ പൊലീസ് കേസെടുത്തു. അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചന.കുട്ടിമരിച്ചത് വിശ്വാസത്തിന്റെ പേരില്‍ ചികിത്സ നിഷേധിച്ചതിനാലാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. പനി ബാധിച്ച ഫാത്തിമയെ ആശുപത്രിയില്‍ കൊണ്ടുപോകാതെ ജപിച്ച് ഊതല്‍ നടത്തിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. കേസില്‍ പുരോഹിതനെയും കുട്ടിയുടെ അടുത്ത ബന്ധുവിനെയും പ്രതിചേര്‍ക്കുമെന്നും കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന മരണങ്ങളെക്കുറിച്ചും വിവരശേഖരണം തുടങ്ങയിട്ടുണ്ടെന്നും സിറ്റി പൊലീസ് അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് കണ്ണൂര്‍ സിറ്റി നാലുവയലിലെ സത്താര്‍ സാബിറ ദമ്പതികളുടെ മകള്‍ ഫാത്തിമ മരിച്ചത്.

കുട്ടിക്ക് ചികിത്സ നിഷേധിച്ചിരുന്നുവെന്ന് നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞിരുന്നുവെങ്കിലും ആദ്യഘട്ടത്തില്‍ പൊലീസ് ഇത് മുഖവിലക്കെടുക്കാന്‍ തയ്യാറായിരുന്നില്ല. സ്വന്തം മകള്‍ക്ക് ചികിത്സ നിഷേധിക്കാന്‍ ആരെങ്കിലും തയ്യാറാകുമോ എന്ന ചോദ്യത്തില്‍ തന്നെയാണ് പൊലീസും നിന്നത്. പിന്നീട് വിശദമായ അന്വേഷണത്തിനൊടുവിലാണ് കുട്ടിക്ക് ചികിത്സ നിഷേധിച്ചുവെന്ന് പൊലീസ് കണ്ടെത്തുന്നത്.
കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാതെ വീടിന് സമീപത്തുള്ള പുരോഹിതന്റെ അടുത്ത്‌കൊണ്ട് പോയി ജപിച്ച് ഊതുകയായിരുന്നു ചെയ്തതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് മരണത്തിന് ശേഷമാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും അദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരിച്ചുവെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പിന്നീട് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തില്‍ ന്യൂമോണിയ ബാധിച്ച് ശ്വാസകോശത്തില്‍ അണുബാധയുണ്ടായ സാഹചര്യത്തിലാണ് കുട്ടി മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ അഞ്ച് പേരാണ് ഇവിടെ മരിച്ചത്. ഇവരാരും ആശുപത്രിയില്‍ പോയിട്ടില്ലെന്നാണ് പൊലീസ് അന്വേഷണത്തില്‍ നിന്നും വ്യക്തമായത്. പുരോഹിതനെ പൊലീസ് ചോദ്യംചെയ്ത് വരികയാണ്.
ഫാത്തിമയെ ചികിത്സിച്ചില്ലെന്നും, എന്നാല്‍ താന്‍ ആശപത്രിയില്‍ പോകുന്നതിന് എതിരാണെന്നും ആശുപത്രിയില്‍ ചികിത്സക്ക് പോയാല്‍ നരകത്തില്‍ പോകുമെന്നും പുരോഹിതന്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞതായി പൊലീസ് പറഞ്ഞുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. താനടക്കമുളള ആളുകള്‍ ആശുപത്രിയില്‍ പോകാറില്ലെന്നും പുരോഹിതന്‍ പറഞ്ഞു. ഇവരാരും വാക്‌സിന്‍ എടുത്തിട്ടില്ലെന്നും ഇതിനെ പറ്റി ചോദിച്ചപ്പോള്‍ അത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യേണ്ടതില്ലെന്നാണ് ഇവര്‍ പറഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. വാട്‌സാപ്പ് വഴിയാണ് പുരോഹിതന്‍ ചികിത്സ നടത്തിവരുന്നതെന്നും പൊലീസ് പറയുന്നു. അസ്വഭാവിക മരണത്തിന് പൊലീസ് അന്ന് തന്നെ കേസ് എടുത്തിരുന്നു. പോസ്റ്റുമോര്‍ട്ടം പരിശോധനയില്‍ ശ്വാസ കോശത്തിലെ അണുബാധയാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ചികില്‍സ നിഷേധത്തിന് പൊലീസ് കേസെടുത്തത്.കണ്ണൂര്‍ സിറ്റി നാലുവയലിലെ ദാരുല്‍ ഹിദായത്ത് വീട്ടില്‍ സത്താറിന്റേയും സാബിറയുടേയും ഇളയമകളായിരുന്നു 11 കാരിയായ ഫാത്തിമ.












Click it and Unblock the Notifications