സിനിമയെ വെല്ലുന്ന കോമഡി; സര്‍ക്കാര്‍ വാഹനം മതില്‍ കെട്ടി അകത്താക്കി, വഴി അടക്കം കെട്ടിയടച്ചു

പയ്യന്നൂര്‍: മണ്ടത്തരത്തിന് ഒക്കെ ഒരു പരിധിയില്ലേ എന്ന സിനിമ ഡയലോഗ് കേട്ടിട്ടില്ലേ, അതുപോലൊരു സംഭവം ഇപ്പോള്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ നടന്നിരിക്കുകയാണ്. ആശുപത്രിയിലെ സര്‍ക്കാര്‍ വാഹനത്തിന് ചുറ്റും പുറത്തിറങ്ങാനാവാത്ത വിധം മതില്‍ കെട്ടിയിരിക്കുകയാണ്. ആര് കണ്ടാലും ചിരിച്ച് പോകുന്ന രംഗങ്ങളാണിത്.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കേരള ഹെല്‍ത്ത് റിസര്‍ച്ച് വെല്‍ഫെയര്‍ സൊസൈറ്റിയുടെ കണ്ണൂര്‍ റീജ്യനല്‍ മാനേജരുടെ കാര്യാലയത്തിന് മുന്നിലായിരുന്നു ഈ വാഹനം നിര്‍ത്തിയിട്ടത്. എന്നാല്‍ മതില്‍ കെട്ടിയവര്‍ ഈ വാഹനം ഉള്ളില്‍ കയറിയ വഴി പോലും കെട്ടിയടയ്ക്കുകയായിരുന്നു. ഇതോടെ വാഹനം പുറത്തിറക്കാനാവാത്ത വിധമാണ് ഉള്ളത്.
ഇവിടെ വലിയ ചുറ്റുമതിലാണ് കെട്ടിയത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലായിരിക്കുകയാണ്. ആശുപത്രി വികസനത്തിന്റെ ഭാഗമായിട്ടാണ് ഇവ വലിയ ചുറ്റുമതില്‍ നിര്‍മിച്ചത്. പക്ഷേ വാഹനം അകത്തുള്ളതൊന്നും ഇവര്‍ ശ്രദ്ധിച്ചില്ല. ഇതോടെ വാഹനം കയറ്റിയ വഴി അടക്കം ഇവ കെട്ടിയടയ്ക്കുകയായിരുന്നു.
ഈ വാഹനം ഇനി പുറത്തിറക്കണമെങ്കില്‍ മതില്‍ പൊളിക്കേണ്ടി വരും. അതിഥി തൊഴിലാളികളാണ് മതില്‍ നിര്‍മിച്ചത്. കൊവിഡ് കാലത്തെ സേവനത്തിനാണ് ആരോഗ്യ വകുപ്പിന്റെ വാഹനം ഇവിടെ കൊണ്ടുവന്നത്. 19 വര്‍ഷത്തെ പഴക്കമുള്ള വാഹനമാണിത്. കൊവിഡിന് ശേഷം ഇത് പുറത്തിറക്കിയിരുന്നില്ല.
ഒരു സമ്മര്‍ ട്രിപ്പായാലോ: കണ്ടുനോക്കണം ഇന്ത്യയിലെ ഈ കൊച്ചു സ്വര്‍ഗങ്ങള്‍, കണ്ണെടുക്കാനാവില്ല!!
അതേസമയം ഈ വാഹനം ലേലം ചെയ്ത് വില്‍ക്കാനുള്ള നടപടികള്‍ എങ്ങുമെത്തിയിരുന്നില്ല. അതുകൊണ്ട് വാഹനം ഇവിടെ നിന്ന് മാറ്റിയിരുന്നില്ല. മതില്‍ നിര്‍മിക്കുമ്പോള്‍ വാഹനം ഇവിടെയുണ്ടെന്ന് ആരും ശ്രദ്ധിച്ചതുമില്ല. കാറിന് പോകാനുള്ള ഭാഗം അടച്ച തൊഴിലാളികള്‍, പകരം ഇവിടെ ബൈക്കിന് പോകാനുള്ള വഴിയാണ് സജ്ജമാക്കിയത്.പക്ഷേ നിര്‍മിച്ചപ്പോഴൊന്നും ആര്‍ക്കും ഒരു പിഴവ് തോന്നിയിരുന്നില്ല.
എന്നാല്‍ നാട്ടുകാര്‍ ഈ വാഹനം എങ്ങനെ പുറത്തെടുക്കുമെന്ന് ചോദിച്ചപ്പോള്‍ മാത്രമാണ് അബദ്ധം മനസ്സിലായത്. മതില്‍ സിമന്റ് തേച്ച് പൂര്‍ത്തിയാക്കിയതാണ്. അതുകൊണ്ട് ഇനി പൊളിക്കാന്‍ പറ്റില്ല. വാഹനം പൊളിച്ച് കൊണ്ടുപോകേണ്ടതാണ്. അതുകൊണ്ട് വഴിയില്ലെങ്കില്‍ പ്രശ്‌നമില്ലെന്നാണ് അധികൃതരുടെ മറുപടി.












Click it and Unblock the Notifications