പി ജയരാജന്‍ വധശ്രമക്കേസ്: ലീഗ് പ്രവര്‍ത്തകരെ വെറുതെവിട്ട് കോടതി, പിന്നീട് പ്രതികരിക്കാമെന്ന് പിജെ
കണ്ണൂര്‍ : സി പി എം നേതാക്കളായ പി ജയരാജന്‍, ടി വി രാജേഷ് എന്നിവരെ ആക്രമിച്ച കേസില്‍ പ്രതികളായ മുസ്ലീം ലീഗ് പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു. കണ്ണൂര്‍ അഡീഷണല്‍ സെഷന്‍സ് കോതിയാണ് 12 പേരെ വെറുതെ വിട്ടത്. അന്‍സാര്‍ , ഹനീഫ , സുഹൈല്‍, അഷ്‌റഫ്, അനസ്, റൗഫ്, സക്കറിയ, ഷമ്മാദ്, യഹിയ സജീര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. 2012 ഫെബ്രുവരി മാസത്തിലായിരുന്നു കേസിന് അസ്പദമായ സംഭവം നടക്കുന്നത്. തളിപ്പറമ്പില്‍ വച്ച് പി ജയരാജനും ടി വി രാജേഷും സഞ്ചരിച്ച വാഹനം പ്രതികള്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.
ഈ സംഭവത്തിന് ശേഷമുണ്ടായ സംഘര്‍ഷത്തിന് ശേഷമാണ് ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. ഇത്തരമൊരു സംഘര്‍ഷം ഉണ്ടായിട്ടില്ലെന്നും കേസില്‍ ഹാജരാക്കിയ രേഖകള്‍ യാഥാര്‍ത്ഥ്യമല്ലെന്നും പ്രതിഭാഗം വാദിച്ചു. കണ്ടെടുത്ത ആയുധങ്ങള്‍ കൃത്രിമമായി ഉണ്ടാക്കിയതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. അതേ സമയം, കോടതി വിധി പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി പി ജയരാജന്‍ രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയരാജന്റെ പ്രതികരണം .

പട്ടുവം അരിയിലില്‍ ലീഗ് ആക്രമണങ്ങള്‍ നടന്ന പ്രദേശത്ത് എത്തിയ ഞാനും ടി വി രാജഷും ഉള്‍പ്പടെയുള്ള സി പി എം പ്രവര്‍ത്തകരെ ലീഗുകാര്‍ ആക്രമിച്ച കേസില്‍ പ്രതികളെ വെറുതെ വിട്ട് കൊണ്ടുള്ള വിധി വന്നിരിക്കുകയാണ്. ഇതേ കുറിച്ച് പ്രതികരണം ആരാഞ്ഞുകൊണ്ട് മാധ്യമങ്ങള്‍ ബന്ധപ്പെട്ടിരുന്നു. വിധിപ്പകര്‍പ്പ് കിട്ടിയതിനു ശേഷം ഇതു സംബന്ധിച്ചുള്ള വിശദമായ പ്രതികരണം നടത്തുമെന്ന് പി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു .
അതേസമയം, കേസില്‍ പ്രതികളെ വെറുതെവിട്ടതിന് പിന്നാലെ പ്രതികരണവുമായി മുന്‍ എം എല്‍ എയും മുസ്ലീം ലീഗ് നേതാവുമായ കെ എം ഷാജി രംഗത്തെത്തി, സി പി എം നേതാക്കന്മാരെ ആക്രമിച്ചുവെന്ന കേസില്‍ പ്രതികളായ മുസ്ലിം ലീഗ് പ്രവര്‍ത്തകരെ വെറുതെ വിട്ട വിധിയില്‍ സന്തോഷമുണ്ടെന്ന് കെ എം ഷാജി പറഞ്ഞു. ഷുക്കൂര്‍ വധക്കേസിനു വേണ്ടി കെട്ടിചമച്ച കഥയാണ് വധശ്രമമെന്നും പി ജയരാജന്റെ നേതൃത്വത്തിലാണ് ഇത് നടന്നതെന്നും കെ എം ഷാജി പറയുന്നു.
Recommended Video
ഭ്രമിപ്പിക്കുന്ന ലുക്കില്‍ ഭ്രമം നായിക; റാഷി ഖന്നയുടെ പുത്തന്‍ ചിത്രങ്ങള്‍
കണ്ണൂര്‍ ജില്ലയില്‍ നടക്കുന്ന ആക്രമണ രാഷ്ട്രീയത്തിനെതിരെയുള്ള സുപ്രധാന വിധിയാണെന്നും ഇരയെ കണ്ടുപിടിക്കാന്‍ അവരെ കൊലപ്പെടുത്തുക എന്ന രാഷ്ട്രീയ രീതി സി പി എമ്മിന്റെതാണെന്നും അദ്ദേഹം പറഞ്ഞു. സി പി എമ്മിന്റെ കോട്ടയില്‍ ഷുക്കൂര്‍ ഉയര്‍ത്തിപ്പിടിച്ച വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ ഭയന്നാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയത്. കണ്ണൂരില്‍ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ കലാപങ്ങളില്‍ കേരളം ഭരിക്കുന്ന പാര്‍ട്ടി എത്ര ആസൂത്രിതമായാണ് കാര്യങ്ങള്‍ ചെയ്യുന്നതിന് ഉദാഹരണമാണ് ഇന്നത്തെ വിധിയെന്നും അദ്ദേഹം പറയുന്നു .
അതേ സമയം , സംഭവം നടക്കുന്ന ദിവസം , അരിയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഗുരുതരാവസ്ഥയിലായ സി പി എം പ്രവര്‍ത്തകരെ സന്ദര്‍ശിക്കുന്നതിന് വേണ്ടിയാണ് പി ജയകാജനും സംഘവും അവിടെ എത്തിയത്. അന്ന് ജയരാജന്‍ സി പി എം പാര്‍ട്ടി കണ്ണൂര്‍ ജില്ല സെക്രട്ടറിയായിരുന്നു. കല്ല്യാശ്ശേരി എം എല്‍ എ ടി വി രാജേഷും ഒപ്പമുണ്ടായിരുന്നു. ഇവര്‍ സഞ്ചരിച്ച വാഹനത്തിനു നേരെ ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണമായിരുന്നു തുടക്കം. തുടര്‍ന്ന് അന്നത്തെ ആക്രമണത്തില്‍ ഷുക്കൂറിന് പങ്കുണ്ടായിരുന്നു . ഇതുമായി ബന്ധപ്പെട്ട സൂചന ലഭിച്ചതോടെയാണ് ഷുക്കൂര്‍ നോട്ടപ്പുള്ളിയായത്.












Click it and Unblock the Notifications