'എന്നിട്ട് പോരെ അക്രമത്തിനെതിരായ കഥാപ്രസംഗം', ഷാഫി പറമ്പിലിനെതിരെ ഡിവൈഎഫ്ഐ നേതാവ്
കണ്ണൂര്‍: കോണ്‍ഗ്രസ് എംഎല്‍എ ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജര്‍. തോട്ടടയില്‍ വിവാഹ വീട്ടിലുണ്ടായ ബോംബെറിഞ്ഞുളള കൊലപാതകത്തില്‍ എംഎല്‍എ ഡിവൈഎഫ്‌ഐക്കെതിരെ നടത്തിയ വിമര്‍ശനത്തിനാണ് എം ഷാജറിന്റെ മറുപടി.
ബോംബേറ് കേസിലെ പ്രതി ഡിവൈഎഫ്‌ഐക്കാരന്‍ ആണെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ ആരോപിച്ചിരുന്നു. ഒരു ക്രിമിനലിന്റെ ഉപദേശം കണ്ണൂരിലെ യുവാക്കൾക്ക് ആവശ്യമില്ലെന്ന് എം ഷാജർ ഫേസ്ബുക്ക് കുറിപ്പിൽ തുറന്നടിച്ചു.

എം ഷാജറിന്റെ കുറിപ്പ് ഇങ്ങനെ: '' യൂത്ത് കോൺഗ്രസ്സിന്റെ വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് ഇപ്പോഴും നിഖിൽ പൈലി എന്ന കൊലയാളി തന്നെയാണ്. ഒരു എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയെ കുത്തി കൊലപ്പെടുത്തിയ ക്രിമിനലിനെ ഈ നിമിഷം വരെ യൂത്ത് കോൺഗ്രസ് പുറത്താക്കിയിട്ടില്ല. ഒരു ക്രിമിനലിനെ മണ്ഡലം പ്രസിഡന്റ് ആയി നിയമിച്ചതും ഇപ്പോഴും സംരക്ഷിക്കുന്നതും യൂത്ത് കോൺഗ്രസ്സിന്റെ സംസ്ഥാന പ്രസിഡന്റ് തന്നെയാണ്.

രാവിലെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ പേഴ്‌സും, മൊബൈൽ ഫോണും എടുക്കാൻ മറന്നാലും കഠാര എടുക്കാൻ മറക്കാത്ത ഗുണ്ടകളുടെ നേതാവ് ആണ് ഷാഫി പറമ്പിൽ. അത്തരം ഒരു ക്രിമിനലിന്റെ ഉപദേശം കണ്ണൂരിലെ യുവാക്കൾക്ക് ആവശ്യമില്ല. ഏക പക്ഷീയമായി കൊന്ന് തള്ളിയപ്പോഴും നാട്ടിൽ സമാധാനം പുലരാൻ ക്ഷമയോടെ നിലകൊണ്ട പ്രസ്ഥാനത്തെ ആക്ഷേപിക്കാൻ യൂത്ത് കോൺഗ്രസ്സ് അസംബന്ധം വിളിച്ചു പറയുകയാണ്. വർത്തമാനകാല അനുഭവത്തിൽ കണ്ണൂർ ക്രമസമാധാന പാലനത്തിൽ മാതൃകയാണ്.

ഒറ്റപ്പെട്ട സംഭവങ്ങൾ നടന്നാൽ അത്തരം സംഭവങ്ങളെ തള്ളി പറയാനും ഇനി ആവർത്തിക്കാതിരിക്കാനും നാട് ഒരുമിച്ചു നിൽക്കുകയാണ്. ഇത്തരം സമയത്ത് കുത്തിതിരിപ്പുമായി കണ്ണൂരിൽ വന്ന് അഭ്യാസം കാണിക്കാൻ യൂത്ത് കോൺഗ്രസ് ഗുണ്ടകളുടെ തലവൻ ശ്രമിക്കുകയാണ്. ആദ്യം ജയിലിൽ കഴിയുന്ന യൂത്ത് കോൺഗ്രസ്സ് മണ്ഡലം നേതാക്കളെ പുറത്താക്കി എന്ന് ഒരു വരിയെഴുതി പ്രസിദ്ധീകരിക്ക്. പിന്നെ കൂടെ നടക്കുന്നവരുടെ അരയിൽ കരുതിയ കത്തി എടുത്തു കളയു. എന്നിട്ട് പോരെ ഷാഫിയുടെ അക്രമത്തിനെതിരായ കഥാപ്രസംഗം.

യുവാക്കളിൽ വർധിച്ചു വരുന്ന അരാചകത്വ പ്രവണതകളെ ഇല്ലാതാക്കാൻ സമൂഹത്തോട് ഉത്തരവാദിത്വമുള്ള എല്ലാവരും മുന്നിട്ടിറങ്ങണം. ഡിവൈഎഫ്ഐ ഈ ചുമതല ഏറ്റെടുത്തു പ്രവർത്തിക്കുകയുമാണ്. രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഇതിനുള്ള പിന്തുണയും നൽകി വരുന്നുണ്ട്. സാമൂഹ്യ വിപത്തുകളെ ഒരുമിച്ചു പ്രതിരോധിക്കുവാൻ ആണ് ശ്രമിക്കേണ്ടത്. അവിടെ വന്ന് കുളം കലക്കാൻ ആണ് യൂത്ത് കോൺഗ്രസ്സ് ശ്രമിക്കുന്നത്. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി ഷാഫിയെയും കൂട്ടരെയും ഉപദേശിക്കാൻ പഴയ കോൺഗ്രസ്സിലെ മുതിർന്ന ആരെങ്കിലും മുന്നോട്ട് വരും എന്ന് പ്രതീക്ഷിക്കുന്നു''.

ഷാഫി പറമ്പിലിന്റെ പ്രതികരണം ഇങ്ങനെ: '' ചെങ്കൊടിയുടെ മുന്നിൽ പച്ച വൃത്തത്തിൽ ഉള്ളത് കൊല്ലപ്പെട്ടയാൾ, നടുവിൽ മുഷ്ടി ചുരുട്ടി നിൽക്കുന്നത് ബോംബെറിഞ്ഞയാൾ. ബോംബ് നിർമ്മിച്ചത് പാർട്ടി ഗ്രാമത്തിൽ. ബോംബ് പെട്ടിക്കടയിൽ നിന്ന് വാങ്ങുന്നതല്ല. പാർട്ടി ഗ്രാമങ്ങളിൽ മറ്റു പാർട്ടിക്കാരെ കൊല്ലാൻ പാർട്ടി നിർദ്ദേശമനുസരിച്ച് ഉണ്ടാക്കുന്നതിലൊന്നെടുത്ത് സ്വന്തം സഹപ്രവർത്തകന്റെ തലയിൽ എറിഞ്ഞില്ലായിരുന്നെങ്കിൽ ഈ ബോംബും ചെന്ന് വീഴുന്നത് മറ്റേതെങ്കിലും പാർട്ടിക്കാരന്റെ മേലാകുമായിരുന്നു.

ഷുഹൈബ് വധക്കേസിലെ പ്രതികൾ ഉൾപ്പടെയുള്ള ക്രിമിനൽ സംഘങ്ങളുടെ ഉറ്റ തോഴനാണ് കൊലയാളി എന്ന് കേൾക്കുന്നു. കല്യാണവീട്ടിലെ തർക്കത്തിന് തലയിൽ ബോംബെറിഞ്ഞ് സ്വന്തം പാർട്ടിയിലെ ചെറുപ്പക്കാരനെ കൊന്നത് മുഖ്യമന്ത്രിയുടെ പാർട്ടിക്കാർ,മുഖ്യമന്ത്രിയുടെ നാട്ടിൽ. സി ഐ ടി യു ഗുണ്ടകൾ ഒരു വ്യവസായ സ്ഥാപനം ഭീഷണിപ്പെടുത്തി അടച്ച് പൂട്ടിക്കുന്നത് മുഖ്യമന്ത്രിയുടെ കണ്ണൂരിൽ. ആഭ്യന്തര വകുപ്പിന് എന്താണാവോ നാട്ടിൽ പണി ? അതോ ഇനി കൊന്നതും കൊല്ലപ്പെട്ടതും പാർട്ടിക്കാർ ആയതോണ്ട് പാർട്ടി പോലീസും പാർട്ടി കോടതിയുമാണോ തീരുമാനിക്കേണ്ടത്''?












Click it and Unblock the Notifications