കണ്ണൂർ- യുഎഇ സർവീസ് നാളെ മുതൽ: 15 മിനിറ്റിൽ കോവിഡ് പരിശോധന, പൂർണ്ണ സജ്ജീകരണങ്ങളൊരുക്കി കിയാൽ
കണ്ണൂർ: ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക് യുഎഇ അനുമതി നൽകിയതോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും സർവീസ് പുനരാരംഭിക്കുന്നു. ആഗസ്റ്റ് അഞ്ച് മുതൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് അനുമതി നൽകിയ സാഹചര്യത്തിൽ വെള്ളിയാഴ്ച മുതൽ കണ്ണൂരിൽ നിന്നും വിമാന സർവീസ് ആരംഭിക്കുമെന്നാണ് കിയാൽ അധികൃതരുടെ അറിയിപ്പ്. ദുബായിലേക്കായിരിക്കും ആദ്യ ദിനം സർവീസ് നടത്തുക. ഇതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി കിയാൽ അധികൃതർ വ്യക്തമാക്കി.
യാത്രക്കാർക്ക് റാപ്പിഡ് ടെസ്റ്റ് നടത്തുന്നതിനുള്ള സംവിധാനങ്ങളും വിമാനത്താവളത്തിൽ ആരംഭിച്ചിട്ടുണ്ട്. മൂന്ന് മണിക്കൂറിനുള്ളിൽ 500 പേരെ പരിശോധിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്നാണ് കിയാൽ ഓപ്പറേഷൻ ഹെഡ് രാജേഷ് പൊതുവാൾ വ്യക്തമാക്കി. മൈക്രോ ഹെൽത്ത് ലബോറട്ടറിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. നിലവിൽ 10 കൌണ്ടറുകളാണ് ടെർമിനലിൽ തയ്യാറാക്കിയിട്ടുള്ളത്. 15 മിനിറ്റ് സമയം കൊണ്ട് എല്ലാ നടപടികളും പൂർത്തിയാക്കുന്ന വിധത്തിലാണ് ഇത് സജ്ജീകരിച്ചിട്ടുള്ളത്. 3000 രൂപയാണ് ഫീസിനത്തിൽ ഈടാക്കുന്നത്.

വാട്സ്ആപ്പിൽ കൊവിഡ് പരിശോധനയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൌകര്യമൊരുക്കിയിട്ടുണ്ട്. പരിശോധനാ കേന്ദ്രത്തിൽ നിന്ന് നേരിട്ടും വാട്സ്ആപ്പ് വഴിയും പരിശോധനാ ഫലം ലഭിക്കും. വയോധികർ, ഗർഭിണികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് വേണ്ടി 10 കൌണ്ടറുകളിൽ രണ്ട് വീതം മാറ്റിവെച്ചിട്ടുണ്ട്. ആർടിപിസിആർ പരിശോധനയുടെ ഫലത്തോടൊപ്പം 48 മണിക്കൂറിനുള്ളിലുള്ള കൊവിഡ് പരിശോധനാ സർട്ടിഫിക്കറ്റും വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റും കൈവശം വെക്കണമെന്നാണ് അദ്ദേഹം നൽകിയിട്ടുള്ള നിർദേശം.












Click it and Unblock the Notifications