മണിചെയിന്‍ മാതൃകയില്‍ നൂറ് കോടിയോളം രൂപയുടെ തട്ടിപ്പ്; മലപ്പുറം സ്വദേശി റിമാന്‍ഡില്‍
കൂത്തുപറമ്പ്: മണിചെയിന്‍ മാതൃകയില്‍ സംസ്ഥാനത്ത് പലയിടങ്ങളില്‍ നിന്നായി നൂറ് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ യുവാവ് റിമാന്‍ഡില്‍. മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ് ഫൈസലിനെയായാണ് കൂത്തുപറമ്പ് ഇന്‍സ്പെക്ടര്‍ വി. എ ബിനുമോഹനും സംഘവും അറസ്റ്റു ചെയ്തത്.
സംസ്ഥാനത്ത് പുറത്തും സ്ഥാപനങ്ങളുണ്ടെന്ന് വിശ്വസിപ്പിച്ച് മണിചെയിന്‍ മാതൃകയില്‍ ആളുകളെ ചേര്‍ത്ത് നിക്ഷേപം സ്വീകരിച്ചാണ് ഇയാള്‍ കോടികളുടെ തട്ടിപ്പ് നടത്തിയത്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈക്ലബ് ട്രഡേഴ്സ് എന്ന പേരില്‍ കമ്പനിയുണ്ടെന്ന് നിക്ഷേപകരെ വിശ്വസിപ്പിച്ചിരുന്നു.

എന്നാല്‍ പൊലിസ് അന്വേഷണത്തില്‍ അങ്ങനെയൊരു കമ്പനിയില്ലെന്ന് വ്യക്തമാവുകയായിരുന്നു. പ്രിന്‍സസ് ഗോള്‍ഡ് ഡയമണ്ട് എന്ന പേരില്‍ ബാങ്കോക്കിലും തായ്ലന്‍ഡിലും സ്ഥാപനങ്ങളുണ്ടെന്ന് വിശ്വസിപ്പിച്ചും ഇയാള്‍ നിക്ഷേപം സ്വീകരിച്ചിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് നിക്ഷേപകരാണ് ഫൈസലിന്റെ കെണിയില്‍ വീണത്. ഒരു ലക്ഷം മുതല്‍ ഒന്നര കോടിവരെ നിക്ഷേപിച്ചവരുണ്ട്. ഇതിന്റെ പലിശയും മുതല്‍ മുടക്കിന്റെ ലാഭവിഹിതവുമായി ഓരോ മാസവും വന്‍ തുക തിരിച്ചു കിട്ടുമെന്നായിരുന്നു വാഗ്ദാനം.
നിക്ഷേപകരെ മോഹനവാഗ്ദാനങ്ങളുമായി വലയിലാക്കാന്‍ ഇയാള്‍ ഓരോ ജില്ലയിലും ഏജന്റുമാരെയും നിയോഗിച്ചിരുന്നു. പദ്ധതിയില്‍ ചേരുന്നവര്‍ക്ക് മൊബൈല്‍ അപ്ളിക്കേഷനും പാസ്വേര്‍ഡും നല്‍കും. ആദ്യം ചെറിയ തുക ലാഭവിഹിതമായി നല്‍കി വിശ്വാസ്യത പിടിച്ചുപറ്റി കൂടുതല്‍ പണം നിക്ഷേപകരില്‍ നിന്നും സ്വീകരിക്കുകയാണ് പതിവ്.
എന്നാല്‍ ആറ് മാസം കഴിഞ്ഞിട്ടും ആര്‍ക്കും പണം ലഭിക്കാതെ ആയതോടെയാണ് തട്ടിപ്പാണെന്ന് വ്യക്തമായത്. ഇയാളുടെ വലയില്‍ കുടുങ്ങിയ കൂത്തുപറമ്പ് മേഖലയിലെ നിക്ഷേപകരാണ് പരാതിയുമായി പൊലിസിനെ സമീപിച്ചത്.
ഇതാണല്ലേ ലെജന്റ്‌സ് ഓണ്‍ലി ചിത്രം; 'ഓളവും തീരവും' ലൊക്കേഷന്‍ ചിത്രങ്ങളുമായി ദുര്‍ഗ കൃഷ്ണ
ഇതിനെതുടര്‍ന്ന് അസി. പൊലിസ് കമ്മിഷണര്‍ പ്രദീപന്‍ കണ്ണിപൊയിലിന്റെ നേതൃത്വത്തില്‍ അന്വേഷണമാരംഭിക്കുകയായിരുന്നു. പൊലിസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് സൈബര്‍ പൊലിസിന്റെ സഹായത്തോടെ പ്രതിക്കായി വലവിരിച്ചത്.
ശാസ്ത്രീയതെളിവുകളുടെ അടിസ്ഥാനത്തിലാണ് കമ്പനിയുടെ സി.ഇ.ഒയായ മുഹമ്മദ് ഫൈസലിനെ മലപുറത്തു നിന്നും തന്ത്രപരമായി പിടികൂടിയത്. ഇയാള്‍ ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചാണ് പിടിയിലായത്.
തൃശൂര്‍, ആലപ്പുഴ ,വയനാട്, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, എര്‍ണാകുളം തുടങ്ങിയ ജില്ലകളിലും ഫൈസലിനെതിരെ സമാനമായ കേസുകളുണ്ടെന്ന് പൊലിസ് അറിയിച്ചു. മട്ടന്നൂര്‍ കയനി സ്വദേശിയായ മുഹമ്മദലിയാണ് കേസിലെ ഒന്നാം പ്രതി.
കൂടാതെ പന്ത്രണ്ടോളം ഡയറക്ടര്‍മാരും കേസിലെ പ്രതികളാണ്. ഇവരെ കണ്ടെത്താനുള്ള നീക്കത്തിലാണ് പൊലിസ്. ഫൈസലിനെ തലശേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications