സുഹൃത്തിനെ വീട്ടിലാക്കി മടങ്ങിയ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു; എബിന്റെ വേര്‍പാടില്‍ തേങ്ങി ഗ്രാമം
ചെറുപുഴ: കാട്ടാനയുടെ ചവിട്ടും കുത്തുമേറ്റ് 22 വയസുകാരനായ യുവാവ് കൊല്ലപ്പെട്ടത് കണ്ണൂര്‍, കാസര്‍കോട് ജില്ലകളുടെ അതിര്‍ത്തിയും മലയോര ഗ്രാമവുമായ ചെറുപുഴയെ നടുക്കി. ചെറുപുഴ രാജഗിരി വാഴക്കുണ്ടം സെവന്‍സ് സ്വദേശിയായ കാട്ടാത്ത് എബിന്‍ സെബാസ്റ്റ്യനാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.
രാജഗിരി തച്ചിലടത്ത് ഡാര്‍വിന്റെ കൃഷിയിടത്തിലാണ് ബുധനാഴ്ച്ച പുലര്‍ച്ചെ ആറുമണിയോടെ എബിനെ അതീവഗുരുതരമായ നിലയില്‍ തലയ്ക്കും നെഞ്ചിനും കൊമ്പ് കൊണ്ടുളള കുത്തും ചവിട്ടുമേറ്റ നിലയില്‍ കണ്ടെത്തിയത്. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ കൊലയാളി ആനയെ തുരത്തിയ ശേഷം എബിനെ ആദ്യം ചെറുപുഴ സഹകരണാശുപ്രതിയിലും പിന്നീട് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

എറണാകുളത്ത് ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സ് പഠിക്കുകയായിരുന്ന എബിന്‍ ഈസ്റ്റര്‍ അവധിക്കായി ഒരാഴ്ച്ച മുന്‍പാണ് നാട്ടിലെത്തിയത്. കാറ്ററിങ് ജോലി കഴിഞ്ഞു സുഹൃത്തിനെ രാജഗിരിയിലെ വീട്ടില്‍ കൊണ്ടുപോയി വിട്ടുമടങ്ങുമ്പോഴാണ് ബുധനാഴ്ച്ച പുലര്‍ച്ചെ അഞ്ചുമണിയോടെ എബിനെ കാട്ടാന ആക്രമിച്ചത്.
ബൈക്ക് പോകാത്ത സ്ഥലമായതിനാല്‍ ബൈക്ക് റോഡരികില്‍ നിര്‍ത്തി വെച്ചു നടന്നു പോവുകയായിരുന്നു. രാജഗിരിയിലെ തച്ചിലേടത്ത് ഡാര്‍വിന്റെ കൃഷിയിടത്തില്‍ എത്തിയപ്പോഴാണ് ആന ആക്രമിക്കുന്നത്. കൃഷിയിടത്തില്‍ ആന നില്‍ക്കുന്നതറിയാതെ എബിന്‍ ആനയുടെ മുന്‍പില്‍പ്പെടുകയായിരുന്നുവെന്നാണ് സമീപവാസികള്‍ പറയുന്നത്. നാട്ടുകാരാണ് എബിനെ ആശുപത്രിയിലെത്തിച്ചത്.
ചെറുപുഴ പഞ്ചായത്തിലെ കര്‍ണാടക വനത്തോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളില്‍ കാട്ടാന ശല്യം അതിരൂക്ഷമാണ്. കൃഷിയിടങ്ങളില്‍ കാട്ടാന ഉള്‍പ്പെടെയുളള വന്യമൃഗങ്ങള്‍ വ്യാപകമായ കൃഷിനാശമാണ് വരുത്തുന്നത് കൃഷിനാശത്തിന് പുറമേ ഇപ്പോള്‍ മനുഷ്യരുടെ ജീവനുും കാട്ടാനകള്‍ കവരുമ്പോള്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
Astro Tips: സൂര്യനസ്തമിച്ചാല്‍ ഈ സാധനങ്ങള്‍ ആര്‍ക്കും കൊടുക്കരുത്... ദോഷം ഉറപ്പ്
ജനവാസ കേന്ദ്രങ്ങളില്‍ വന്യമൃഗങ്ങള്‍ ഇറങ്ങാതിരിക്കാന്‍ സ്ഥാപിച്ച സോളാര്‍ വേലികള്‍ പ്രവര്‍ത്തനരഹിതമാണ്. വനം വകുപ്പും സര്‍ക്കാരും അതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങളുടെ ദുരിതം പരിഹരിക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.












Click it and Unblock the Notifications