നോക്കുകൂലി തർക്കം: മാതമംഗലത്ത് പന്ത്രണ്ട് പേർക്കെതിരെ കേസെടുത്തു
പരിയാരം: മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണുരിൽ നോക്കുകൂലിയുടെ പേരിൽ കടയിലെ ജീവനക്കാർക്ക് മർദ്ദനമേറ്റ സംഭവം വിവാദമാകുന്നു. പയ്യന്നൂരിനടുത്തെ മാതമംഗലത്താണ് സംഭവം. നോക്കുകൂലിയുടെ പേരിൽ കടയിൽ കയറി ജീവനക്കാരെ സിഐടിയു യൂനിയൻ അംഗങ്ങളായ ചുമട്ടുതൊഴിലാളികൾ മർദ്ദിച്ചു പരുക്കേൽപ്പിച്ചെന്നാണ് പരാതി. സംഭവത്തിൽ 12 പേർക്കെതിരെ പെരിങ്ങോം പോലീസ് കേസെടുത്തിട്ടുണ്ട്.
മാതമംഗലത്ത് പുതുതായി പ്രവര്‍ത്തനമാരംഭിച്ച കടയില്‍ കയറ്റിറക്കുമായി ബന്ധപ്പെട്ട് ചുമട്ടുതൊഴിലാളികളും സ്ഥാപനത്തിലെ ജീവനക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് നാലുപേര്‍ക്ക് പരിക്കേറ്റത്. സംഭവത്തില്‍ 12 ചുമട്ടുതൊഴിലാളികള്‍ക്കെതിരേയാണ് കേസെടുത്തത്. ഉടമയുടെ പരാതിയില്‍ കടയില്‍ കയറി അക്രമം നടത്തിയതിന് 12ഓളം ചുമട്ടുതൊഴിലാളികള്‍ക്കെതിരേയാണ് പെരിങ്ങോം പോലിസ് കേസെടുത്തത്. മാതമംഗലത്ത് പേരൂല്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന എസ്ആ ര്‍ ഹാര്‍ഡ്‌വെയര്‍ ഷോപ്പില്‍ കഴിഞ്ഞ ദിവസം പകൽ രണ്ടേമുക്കാലി നാണ് അക്രമം നടന്നത്.

മർദ്ദനത്തിൽ പരിക്കേറ്റ സ്ഥാപനത്തിലെ ജീവനക്കാരായ വാരം മാണിയൂര്‍ സ്വദേശി റാബി മുഹമ്മദ് (34), സഹോദരന്‍ റഫീഖ് (24) എന്നിവരെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജാശുപത്രിയിലും സിഐടിയു ചുമട്ടു തൊഴിലാളികളായ മാതമംഗലം പേരൂലിലെ എം.വി രാജേഷ്(44), മാതമംഗലത്തെ എന്‍.പ്രജീഷ്(29) എന്നിവരെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലും. പ്രവേശിപ്പിച്ചു. സാധനങ്ങള്‍ കടയില്‍ കയറ്റിറക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
ഒരാഴ്ച മുൻപ് പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനത്തിലേക്കുള്ള സാധനങ്ങള്‍ സ്വന്തമായി ഇറക്കുന്നതിനുള്ള അനുമതി ഹൈക്കോടതി വഴി കടയുടമ സ്വന്തമാക്കിയിരുന്നു. എന്നാല്‍ സാധനങ്ങള്‍ കടയിലെ ജീവനക്കാര്‍ ഇറക്കുന്നതിനെ ചുമട്ടുതൊഴിലാളികള്‍ തടസപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഉടമ പെരിങ്ങോം പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് പോലിസ് കോടതി ഉത്തരവിന്റെ വിവരങ്ങള്‍ ചുമട്ടുതൊഴിലാളികളെ അറിയിച്ചിരുന്നു. എന്നാല്‍ കടയിലേക്ക് കഴിഞ്ഞ ദിവസം ലോഡുമായി എത്തിയ വാഹനത്തില്‍ നിന്നും പൈപ്പ് ഇറക്കുന്നതിനെ ചൊല്ലി വീണ്ടും സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. പെരിങ്ങോം പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. അക്രമത്തെ തുടർന്ന് മാതമംഗലത്ത് പൊലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എന്നാൽ സി.ഐ.ടി.യു പ്രവർത്തകരെ കടയിലെ ജീവനക്കാർ കൈകാര്യം ചെയ്യുകയായിരുന്നുവെന്നാണ് സി.ഐ.ടി.യു നേതാക്കളുടെ ആരോപണം.












Click it and Unblock the Notifications