തലശേരിയില്‍ വീടിനുള്ളിലെ സ്‌ഫോടനം; പ്രതി അറസ്റ്റില്‍
തലശേരി: വീട്ടിനുള്ളില്‍ സൂക്ഷിച്ച സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ചു പരുക്കേറ്റ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. സ്ഫോടനത്തില്‍ പരുക്കേറ്റ തലശേരി നടമ്മല്‍ കോളനിയിലെ ജിതിന്‍ എന്ന കണ്ണനെ (25) യാണ് തലശേരി പൊലിസ് അറസ്റ്റുചെയ്തത്. സ്വന്തം ജീവന് അപകട ഭീഷണിയുണ്ടാക്കും വിധം സ്ഫോടക വസ്തു ഉപയോഗിച്ച കുറ്റത്തിനാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇയാള്‍ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവിടെയെത്തിയാണ് പൊലിസ് മൊഴി രേഖപ്പെടുത്തിയത് ഇതിനു ശേഷമാണ് പൊലിസ് അറസ്റ്റു രേഖപ്പെടുത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ നഗരത്തിലെ ലോട്ടസ് തീയേറ്ററിനു സമീപത്തെ നടമ്മല്‍ ലക്ഷം വീട് കോളനിയിലെ വീട്ടിലായിരുന്നു സ്ഫോടനമുണ്ടായത്.

കൈക്കും കാലിനും ചുമലിനും പരിക്കേറ്റ ജിതിനെ ആദ്യം തലശേരി ജനറല്‍ ആശുപത്രിയിലും പിന്നീട് പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. സ്ഫോടനം നടക്കുമ്പോള്‍ ജീതിന്‍ വീട്ടില്‍ തനിച്ചായിരുന്നു. ഒരു സ്റ്റീല്‍ ബോംബായിരുന്നു വീട്ടില്‍ സൂക്ഷിച്ചതെന്നും അബദ്ധത്തില്‍ പൊട്ടുകയായിരുന്നുവെന്നും ജിതിന്‍ പൊലിസിനു മൊഴി നല്‍കിയിട്ടുണ്ട്.
നേരത്തെ തലശേരിയിലെ സി.പി.എം പ്രവര്‍ത്തകനായിരുന്നു ജിതിന്‍. എന്നാല്‍ കഴിഞ്ഞ കുറെക്കാലമായി ഇയാള്‍ക്ക് പാര്‍ട്ടി ബന്ധമില്ലെന്നും സ്വഭാവദൂഷ്യം കാരണം ഒഴിവാക്കിയതാണെന്നിന്ന് സി.പി.എം പ്രാദേശിക നേതൃത്വം പറയുന്നത്. ജിതിന് തലശേരിയിലെ മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന സുചന പൊലിസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇയാള്‍ എന്തിനാണ് ഓടിട്ട വീട്ടില്‍ ബോംബ് സുക്ഷിച്ചതെന്ന കാര്യമാണ് പൊലിസ് അന്വേഷിക്കുന്നത്.
തലശേരി റെയില്‍വേ സ്റ്റേഷന് ഏതാണ്ട് അരകിലോമീറ്റര്‍ ചുറ്റളവുള്ള സ്ഥലത്താണ് സ്‌ഫോടനം നടന്നത്. അതുകൊണ്ടു തന്നെ ഈ കേസ് വളരെ ഗൗരവതരമായാണ് പൊലിസ് പരിഗണിക്കുന്നത്. വീടിന്റെ കഴുക്കോലിനിടയില്‍ രണ്ടു ബോംബുകള്‍ തിരുകി വച്ചതില്‍ ഒന്ന് അബദ്ധവശാല്‍താഴെക്ക് വീണു പൊട്ടിയതാണെന്നാണ് ഇയാള്‍ പൊലിസിന് നല്‍കിയ മൊഴി. വരും ദിവസങ്ങളില്‍ ജിതിനെ വിശദമായ അന്വേഷണം നടത്തുന്നതിനായി കസ്റ്റഡിയിലെടുക്കാന്‍ ഹരജി നല്‍കുമെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications