നിയന്ത്രണം വിട്ട സ്വകാര്യ ബസ് മതിലിലിടിച്ചു; വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്
മട്ടന്നൂര്‍: ഇരിക്കൂറില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മതിലില്‍ ഇടിച്ച് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ യാത്രക്കാരായ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇരിക്കൂര്‍ ചേടിച്ചേരിയിലാണ് അപകടം. ഇരിക്കൂര്‍ ചേടിച്ചേരി എഎല്‍പി സ്‌കൂളിന് സമീപം ബുധനാഴ്ച്ച രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. ഇരിക്കൂറില്‍ നിന്നും മയ്യിലിലേക്ക് വരികയായിരുന്ന ഷാര്‍പ്പ് ബസാണ് അപകടത്തില്‍പ്പെട്ടത്.
നിയന്ത്രണം വിട്ട ബസ് ഇരിക്കൂര്‍ ചേടിച്ചേരി എഎല്‍പി സ്‌കൂളിന് സമീപത്തെ മതിലിലിടിക്കുകയായിരുന്നു. ബസിന്റെ മുന്‍ഭാഗം തകര്‍ന്നു. വിദ്യാര്‍ത്ഥികള്‍ അടക്കം ഇരുപതോളം പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മയ്യില്‍, ഇരിക്കൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റി. മതിലിടിഞ്ഞ് വീണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഉണ്ടായിരുന്നവര്‍ക്കും പരിക്കേറ്റു.

ഇരിക്കൂര്‍ പൊലീസും മട്ടന്നൂര്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം. ബസ് അമിത വേഗതയിലാണോ സഞ്ചരിച്ചതെന്ന് പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികളാണ് കണ്ണൂര്‍ ജില്ലയില്‍ കൊല്ലപ്പെട്ടത്.
മട്ടന്നൂര്‍ കുമ്മാനത്ത് സ്‌കൂള്‍ ബസ് കയറുന്നതിനിടെ എതിര്‍ദിശയില്‍ നിന്നും വന്ന കെഎസ്ആര്‍ടിസി ബസിടിച്ച് ഏഴാം ക്‌ളാസ് വിദ്യാര്‍ത്ഥിയും ശ്രീകണ്ഠാപുരത്ത് പാല്‍ വിതരണത്തിനിടെ ടിപ്പര്‍ ലോറിയിടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും കൊല്ലപ്പെട്ടിരുന്നു. സ്വകാര്യ ബസുകളുടെയും കെഎസ്ആര്‍ടിസിയുടെയും ടിപ്പര്‍ ലോറികളുടെയും മരണപ്പാച്ചില്‍ അവസാനിപ്പിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പും പൊലീസും നടപടിയെടുക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്.
ഇതു സംബന്ധിച്ച് ഇരിക്കൂര്‍ മണ്ഡലം എംഎല്‍എ സജീവ് ജോസഫ് കണ്ണൂര്‍ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇരിക്കൂറില്‍ സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ടത് അമിത വേഗത കാരണമാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. രാവിലെ ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള സമയത്താണ് സ്വകാര്യ ബസിന്റെ പരക്കം പാച്ചിലെന്നാണ് ആരോപണം. ബസിന്റെ മുന്‍വശത്തുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ള യാത്രക്കാര്‍ക്കാണ് പരുക്കേറ്റത്.












Click it and Unblock the Notifications