ഇരിക്കൂറിലെ ഫോര്‍മുലയില്‍ വഴങ്ങാതെ എ ഗ്രൂപ്പ്, ഉമ്മന്‍ ചാണ്ടിയുടെ ചര്‍ച്ചയും പൊളിഞ്ഞു, ആ സ്ഥാനം വേണം
കണ്ണൂര്‍: കോണ്‍ഗ്രസില്‍ ഇരിക്കൂര്‍ സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കം കടുക്കുന്നു. സമവായ ഫോര്‍മുല പരാജയപ്പെട്ടിരിക്കുകയാണ്. ഇതോടെ ഹൈക്കമാന്‍ഡ് പിന്തുണയോടെ വന്ന സജീവ് ജോസഫിനെതിരെ വിമതനെ നിര്‍ത്തുന്ന കാര്യം അടക്കം എ ഗ്രൂപ്പ് പരിഗണിച്ചേക്കും. അങ്ങനെ സംഭവിച്ചാല്‍ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറിക്ക് വഴിയൊരുക്കും. ഹരിപ്പാട് രമേശ് ചെന്നിത്തലയ്‌ക്കെതിരെയും വിമതന്‍ മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ വോട്ട് ഭിന്നിക്കുമോ എന്നാണ് ഭയം.

ഉമ്മന്‍ ചാണ്ടി വന്നിട്ടും രക്ഷയില്ല
കോണ്‍ഗ്രസ് ഉമ്മന്‍ ചാണ്ടി വരുന്നതോടെ എ ഗ്രൂപ്പിന്റെ പ്രശ്‌നം പരിഹരിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ അതുണ്ടായില്ല. ഇരിക്കൂറിലെ പ്രശ്‌നം ഏതാണ്ട് അവസാനിച്ച മട്ടാണ്. നിലവില്‍ യാതൊരു തീരുമാനവുമില്ലാതെ ചര്‍ച്ച പിരിഞ്ഞിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ച സമവായ ഫോര്‍മുല ഐ ഗ്രൂപ്പും തള്ളി. ഒപ്പം കെ സുധാകരന്റെ നിര്‍ബന്ധവും ഇക്കാര്യത്തില്‍ നിര്‍ണായകമായി. രാഹുലിന്റെ തീരുമാനം സീറ്റ് നഷ്ടമാക്കുമെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് നേതൃത്വം.

സുധാകരന്റെ വഴിമുടക്കം
എ ഗ്രൂപ്പ് ഒരു ആവശ്യമാണ് ഉമ്മന്‍ ചാണ്ടിയെ അറിയിച്ചത്. ഡിസിസി അധ്യക്ഷ പദം വേണമെന്നായിരുന്നു നിലപാട്. ഇത് കൊടുക്കാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറാണ്. എന്നാല്‍ സുധാകരന്‍ ഇത് തടഞ്ഞു. ഐ ഗ്രൂപ്പിന്റെ കൈവശമുള്ള ഡിസിസി അധ്യക്ഷ സ്ഥാനം തരാനാവില്ലെന്ന നിലപാടിലാണ് അദ്ദേഹം. ഇരിക്കൂര്‍ എ ഗ്രൂപ്പിന്റെ സീറ്റാണ്. ഇത് ഐ ഗ്രൂപ്പിലെ ഒരാള്‍ക്ക് നല്‍കുമ്പോള്‍ പകരം അവരുടെ കൈവശമുണ്ടായിരുന്ന പദവി വിട്ട് തരണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം. ഇതിനെ സജീവ് ജോസഫ് എതിര്‍ത്തിട്ടില്ല. പക്ഷേ സുധാകരന്‍ പരസ്യമായി എതിര്‍ത്തിട്ടുണ്ട്.

ഇനിയുള്ള ഫോര്‍മുല
ഉമ്മന്‍ ചാണ്ടിയുടെ മുന്നിലുള്ള പുതിയ ഫോര്‍മുല കെപിസിസി അധ്യക്ഷ സ്ഥാനം കെ സുധാകരന് നല്‍കുക മാത്രമാണ്. നേരത്തെ സുധാകരന് അധ്യക്ഷ സ്ഥാനം കിട്ടുന്നത് മുടക്കിയത് കെസി വേണുഗോപാലും ഉമ്മന്‍ ചാണ്ടിയും ചേര്‍ന്നാണ്. അതുകൊണ്ടാണ് ഇരിക്കൂറിന് പകരമായി ഡിസിസി പദവി നല്‍കില്ലെന്ന് സുധാകരന്‍ നിലപാടെടുത്തത്. ഹൈക്കമാന്‍ഡില്‍ നിന്ന് കെപിസിസി അധ്യക്ഷ സ്ഥാനം നല്‍കാമെന്ന ഉറപ്പ് സുധാകരന് ലഭിക്കാന്‍ ഉമ്മന്‍ ചാണ്ടി സഹായിച്ചേക്കും. അങ്ങനെ വന്നാല്‍ സോണി സെബാസ്റ്റിയന്‍ ഡിസിസി അധ്യക്ഷനാവും.

വിമതന്‍ വന്നേക്കും?
അധ്യക്ഷ പദവിയില്‍ മുട്ടി ചര്‍ച്ചകള്‍ പരാജയപ്പെട്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണം ഡിസിസി അധ്യക്ഷ സ്ഥാനം കിട്ടാതെ ഇല്ലെന്ന് എ ഗ്രൂപ്പ് ഉമ്മന്‍ ചാണ്ടിയെ അറിയിച്ചു. ഇതോടെ കെ സുധാകരനുമായി ഉമ്മന്‍ ചാണ്ടി ചര്‍ച്ച നടത്തി. സുധാകരന്‍ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. ഇതോടെ വിമത നിര്‍ത്താനുള്ള നീക്കമാണ് ഇരിക്കൂറില്‍ എ ഗ്രൂപ്പ് നടത്തുന്നത്. ഉമ്മന്‍ ചാണ്ടി ഇനി രമേശ് ചെന്നിത്തലയെയും മുല്ലപ്പള്ളി രാമചന്ദ്രനെയും കാണും. പ്രവര്‍ത്തകരുടെ വികാരം നേതൃത്വത്തെ അറിയിക്കുമെന്ന് ഉമ്മന്‍ ചാണ്ടി അറിയിച്ചു. എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകുന്നതില്‍ ഉമ്മന്‍ ചാണ്ടി ജയിച്ചില്ലെങ്കില്‍ നഷ്ടം കോണ്‍ഗ്രസിനാണ്

എ ഗ്രൂപ്പ് കോട്ട
ജില്ലയില്‍ എ ഗ്രൂപ്പിന് സീറ്റ് തന്നെ ഇല്ലാത്ത അവസ്ഥയാണ്. ഇരിക്കൂറില്‍ അവര്‍ വിട്ടുനിന്നാല്‍ വമ്പന്‍ തോല്‍വി സജീവ് ജോസഫിനുണ്ടാവും. യൂത്ത് കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നുണ്ടെങ്കിലും അവിടെയും പ്രശ്‌നങ്ങളുണ്ട്. എ ഗ്രൂപ്പിന്റെ കോട്ടയില്‍ വിമതനെ നിര്‍ത്തിയാല്‍ ആ സ്ഥാനാര്‍ത്ഥി ജയിക്കാന്‍ വരെ സാധ്യതയുണ്ട്. സുധാകരനുമായുള്ള ഫോര്‍മുല വിജയിച്ചാല്‍ അത് കോണ്‍ഗ്രസിന് നേട്ടമാകും. തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവരുതെന്നാണ് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടത്.

ഹരിപ്പാടിലും വിമതന്‍
വിമത ഭീഷണിയാണ് രമേശ് ചെന്നിത്തലയും നേരിടുന്നത്. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കെപിസിസി എക്‌സിക്യൂട്ടീവ് അംഗവുമായ നിയാസ് ഭാരതിയാണ് ചെന്നിത്തലയ്‌ക്കെതിരെ മത്സരിക്കുന്നത്. നിയാസ് പത്രികയും സമര്‍പ്പിച്ചു. പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനത്തിന്റെ അവസാന മണിക്കൂറിലാണ് നിയാസ് പത്രിക സമര്‍പ്പിച്ചത്. ഇത് വളരെ അപ്രതീക്ഷിതമായിരുന്നു. കോണ്‍ഗ്രസില്‍ അനീതിയാണ് ഉള്ളതെന്നും അതിനെതിരെയാണ് തന്റെ പോരാട്ടമമെന്നും നിയാസ് പറഞ്ഞു.

അവസാനിക്കാത്ത പ്രശ്‌നങ്ങള്‍
കോണ്‍ഗ്രസില്‍ അവസാനിക്കാത്ത പ്രശ്‌നങ്ങളാണ് ഉള്ളത്. പാലക്കാട്ട് എവി ഗോപിനാഥും പത്തനംതിട്ടയില്‍ പി മോഹന്‍രാജും ഉയര്‍ത്തിയ വിമത ഭീഷണി ഉമ്മന്‍ ചാണ്ടി ഇടപെട്ട് പരിഹരിച്ചിരുന്നു. എന്നാല്‍ ഇരിക്കൂര്‍, എലത്തൂര്‍, ഏറ്റുമാനൂര്‍, മണലൂര്‍ മണ്ഡലത്തില്‍ വിമത നീക്കം നടക്കുന്നുണ്ട്. ഏറ്റുമാനൂരില്‍ ലതിക സുഭാഷ് വിമതയാണ്. മണലൂര്‍ രാജിയാണ് നടന്നത്. എലത്തൂരില്‍ കാപ്പന്‍ വിഭാഗത്തിന് സീറ്റ് നല്‍കിയതാണ് പ്രശ്‌നം. കോഴിക്കോട് എംപി എംകെ രാഘവന്‍ തന്നെ നേതൃത്വത്തിന് എതിരാണ് ഈ വിഷയത്തില്‍.












Click it and Unblock the Notifications