നോമ്പ് തുറക്കെത്തി.. സഹോദരിയുടെ മകളെ കൂട്ടിയുള്ള മടക്കം മരണത്തിലേക്ക്; നോവായി റഹ്‌മത്തും സഹ്ലയും
കോഴിക്കോട് / കണ്ണൂര്‍: കോഴിക്കോട് ട്രെയിന്‍ തീവെപ്പിനിടെ പ്രാണരക്ഷാര്‍ത്ഥം പുറത്തേക്ക് ചാടി മരിച്ച മൂന്ന് പേരുടേയും മരണത്തില്‍ നടുങ്ങി നാട്. മട്ടന്നൂര്‍ സ്വദേശികളായ നൗഫീഖ്, റഹ്‌മത്ത്, റഹ്‌മത്തിന്റെ സഹോദരിയുടെ മകള്‍ കോഴിക്കോട് സ്വദേശി രണ്ട് വയസുകാരി സഹ്ല എന്നിവരാണ് മരിച്ചത്. നോമ്പ് തുറക്കനായാണ് റഹ്‌മത്തും നൗഫീക്കും അയല്‍ ജില്ലകളിലേക്ക് പുറപ്പെട്ടത്.
കൊടുവള്ളിപ്പുറം സ്വദേശിയായ നൗഫീക് മലപ്പുറം ആക്കോട് എന്ന സ്ഥലത്ത് നിന്നും റഹ്‌മത്ത് കോഴിക്കോട്ടെ ചാലിയത്ത് നിന്നുമാണ് നാട്ടിലേക്ക് യാത്ര തിരിച്ചത്. നൗഫീക് ആക്കോട് ഉസ്താദ് എന്ന പറയുന്ന ആളുടെ നേതൃത്വത്തിലുള്ള നോമ്പ് തുറക്കാണ് പോയത് എന്നാണ് ബന്ധു പറയുന്നത്. ഇന്നലെ ഉച്ചക്ക് 12 മണിക്ക് യാത്ര തിരിച്ച നൗഫീക് ചെറുകിട വ്യാപാരിയാണ്. ഇദ്ദേഹത്തിന്റെ ഗുഡ്‌സ് ഓട്ടോ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച ശേഷമാണ് യാത്ര തിരിച്ചത്.

അതേസമയം കോഴിക്കോട്ടെ സഹോദരി ജസീലയുടെ വീട്ടിലേക്ക് നോമ്പ് തുറക്കായി പോയതായിരുന്നു റഹ്‌മത്ത്. നോമ്പ് തുറന്ന ശേഷം ജസീലയുടെ മകള്‍ സഹ്ലയെ കൂട്ടി കണ്ണൂരിലേക്ക് തിരിക്കവെയാണ് അപകടം സംഭവിക്കുന്നത്. ജസീലയുടെ ഭര്‍ത്താവ് ഷുഹൈബ് ഉംറയ്ക്കായി മദീനയില്‍ ആണുള്ളത്. ഇന്ന് ഷുഹൈബ് നാട്ടിലെത്തും എന്നാണ് അറിയാന്‍ കഴിയുന്നത്. റഹ്‌മത്തിനൊപ്പമുണ്ടായിരുന്ന അയല്‍വാസി റാഫിക്കിന് കാലില്‍ പൊള്ളലേറ്റിരുന്നു.
അപകടത്തിന് ശേഷം റഹ്‌മത്തിനേയും സഹ്ലയേയും കാണാനില്ല എന്ന് അറിയിച്ചത് ഇദ്ദേഹമാണ്. പൊള്ളിയ കാലുകളുമായി ചികിത്സയ്ക്ക് പോകാന്‍ പോലും തയാറാകാതെ ഇദ്ദേഹം റഹ്‌മത്തിനും കുഞ്ഞിനും വേണ്ടി തിരഞ്ഞ് നടക്കുകയായിരുന്നു. എന്നാല്‍ ആക്രമണത്തിനിടെ റഹ്‌മത്തും കുഞ്ഞും മറ്റെവിടെയെങ്കിലും ഇറങ്ങി കാണും എന്നും മറ്റൊരു ട്രെയിനില്‍ നാട്ടിലെത്തും എന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാരും.
എന്നാല്‍ പ്രതീക്ഷകളെ അസ്ഥാനത്താക്കിയാണ് മറ്റൊരു ട്രെയിനിന്റെ ലോക്കോ പൈലറ്റിന്റെ സന്ദേശം ആര്‍പിഎഫില്‍ എത്തുന്നത്. ട്രാക്കില്‍ മൂന്ന് മൃതദേഹങ്ങള്‍ കിടക്കുന്ന വിവരം ഈ ലോക്കോ പൈലറ്റാണ് റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചത്. പൊലീസും റെയില്‍വേ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. ശനിയാഴ്ച രാത്രിയോടെയാണ് രാജ്യത്തെ തന്നെ നടുക്കിയ സംഭവം അരങ്ങേറിയത്.
ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടിവ് ട്രെയിനിന്റെ ഡി1 കമ്പാര്‍ട്‌മെന്റില്‍ എത്തിയ അക്രമി ട്രെയിന്‍ എലത്തൂര്‍ സ്റ്റേഷന് കഴിഞ്ഞതിന് പിന്നാലെ കോരപ്പുഴ പാലത്തിലെത്തിയപ്പോള്‍ യാത്രക്കേര്‍ക്ക് മേല്‍ പെട്രോള്‍ സ്‌പ്രെ ചെയ്ത ശേഷം കത്തിക്കുകയായിരുന്നു. ഇതിനിടെയാണ് രക്ഷപ്പെടാന്‍ വേണ്ടി റഹ്‌മത്തും സഹ്ലയും നൗഫീക്കും ഓടുന്ന ട്രെയിനില്‍ നിന്ന് ചാടിയത് എന്നാണ് വിവരം.












Click it and Unblock the Notifications