സുരേഷ് ഗോപി സ്‌റ്റൈൽ ഒന്നും ഇങ്ങോട്ട് വേണ്ട..; കണ്ണൂരിൽ എസ്‌ഐയോട് കയർത്ത് വിജിൻ എംഎൽഎ
കണ്ണൂർ: കണ്ണൂരിൽ കൃത്യനിർവഹണത്തിന് എത്തിയ എസ്ഐയോട് കയർത്ത് കല്ല്യാശ്ശേരി എംഎൽഎ എം വിജിൻ. സിവിൽ സ്‌റ്റേഷനിൽ നടന്ന നഴ്‌സുമാരുടെ സംഘടനയുടെ സമരത്തിനിടെയായിരുന്നു സംഭവമുണ്ടായത്. സിവിൽ സ്‌റ്റേഷൻ വളപ്പിൽ സമരം ചെയ്‌തവർക്കെതിരെ കേസെടുക്കുമെന്ന് ടൗൺ എസ്ഐ പറഞ്ഞതിനെ തുടര്‍ന്നായിരുന്നു വാക്കേറ്റം.
എംഎൽഎ വിജിനായിരുന്നു സമരത്തിന്റെ ഉദ്ഘാടകൻ. പിണറായി വിജയന്റെ പോലീസിന് നാണക്കേട് ഉണ്ടാക്കരുതെന്നും സുരേഷ് ഗോപി കളിക്കരുതെന്നും എംഎൽഎ എസ്ഐയോട് പറഞ്ഞിരുന്നു. പോലീസ് ജോലി കൃത്യമായി നിർവഹിച്ചില്ലെന്നും എംഎൽഎ കുറ്റപ്പെടുത്തി. കേസെടുക്കാന്‍ വേണ്ടി തന്നോട് പോലീസ് ചോദിച്ചെന്ന് ആരോപിച്ച അദ്ദേഹം, ഇയാളെപ്പോലുള്ളവരെ പോലീസിൽ എടുത്തത് ആരാണെന്ന വിമര്‍ശനവും ഉന്നയിച്ചു.

മുൻകൂട്ടി അറിയിച്ചിട്ടും സമരക്കാർ കളക്‌ടറേറ്റ് വളപ്പിലേക്ക് കടക്കുന്നത് തടയാൻ മതിയായ പോലീസുകാർ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് എംഎൽഎ പറഞ്ഞു. ഇതിന് പിന്നാലെ സിവിൽ സ്‌റ്റേഷൻ വളപ്പിലേക്ക് പ്രവേശിച്ച സമരക്കാർക്കെതിരെ കേസെടുക്കുമെന്ന് എസ്ഐ പറഞ്ഞതാണ് എംഎൽഎയെ പ്രകോപിതനാക്കിയത്.
''ഇയാളുടെ സുരേഷ് ഗോപി സ്‌റ്റൈൽ ഒന്നും ഇങ്ങോട്ട് എടുക്കേണ്ട. ഇയാൾ ഒറ്റയൊരുത്തനാണ് കാരണം. ആരാണ് ഇയാളെ പോലീസിൽ എടുത്തത്? ആദ്യം നമ്മൾ മാറാമെന്ന് പറഞ്ഞതല്ലേ? ഇയാളാരാ സുരേഷ് ഗോപി സ്‌റ്റൈൽ ഇവിടെ കാണിക്കാൻ. ഇയാളൊക്കെ എവിടുന്നാ എസ്ഐ ആയത്. പോലീസിന് അപമാനം ഉണ്ടാക്കരുത്. ഇതു കേരളത്തിലെ പോലീസാണ്. പിണറായി വിജയന്റെ പൊലീസാണ്.''എന്നായിരുന്നു എസ്‌ഐയോട് വിജിൻ പറഞ്ഞത്.
'നിങ്ങളൊരു എസ്‌ഐയാണ്, ഞാന്‍ എംഎല്‍എയും. പ്രോട്ടോകോള്‍ നോക്കി വർത്തമാനം പറഞ്ഞാല്‍ മതി. നമ്മുടെ സര്‍ക്കാരിന് മോശം ഉണ്ടാക്കുന്നത് നിങ്ങളെ പോലുള്ള പോലീസുകാരാണ്. സംഭവം മാധ്യമ പ്രവര്‍ത്തകര്‍ കാണുന്നുണ്ട്' വിജിൻ പറഞ്ഞു. എംഎല്‍എയും പോലീസും തമ്മില്‍ ദീര്‍ഘനേരം വാക്ക് തര്‍ക്കവും നടന്നിരുന്നു.












Click it and Unblock the Notifications